'ജനകീയ നോമ്പുതുറ'ന്ന് യുഎഇ പ്രസിഡന്റ്; ഇഫ്താറിന് ഇരുന്നത് മലയാളികളുടെ മുന്നിൽ
Mail This Article
അബുദാബി ∙ തലസ്ഥാനത്തെ പ്രശസ്തമായ ഷെയ്ഖ് സായിദ് വലിയ പള്ളിയങ്കണത്തിൽ ഇന്നലെ (ഞായർ) നോമ്പുതുറയ്ക്ക് ചെന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ആളുകളെ അമ്പരപ്പിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരോടൊപ്പം നോമ്പുതുറക്കാനെത്തിയതായിരുന്നു അദ്ദേഹം. നേരെ വന്നിരുന്നത് നോമ്പുതുറക്കാനായി ഇരുന്നിരുന്ന മലയാളികളുടെ മുന്നിലും. സുഖമാണോ എന്ന് എല്ലാവരോടും അറബികിൽ ആരാഞ്ഞുകൊണ്ട് അദ്ദേഹം കടന്നുവന്നപ്പോൾ എല്ലാവരും എണീറ്റ് ബഹുമാനം പ്രകടിപ്പിച്ചപ്പോൾ ഇരുന്നോളൂ എന്ന് പറയുകയും ചെയ്തു.
മിക്കവരും പ്രസിഡന്റിന്റെ വരവും നോമ്പുതുറയും അവരുടെ മൊബൈൽ ഫോണിൽ പകർത്തി. വൈകാതെ തന്നെ അത് സമൂഹമാധ്യമത്തിൽ വൈറലാകുകയും ചെയ്തു. 13 മണിക്കൂറും 33 മിനിറ്റും നീണ്ട ഉപവാസം അവസാനിപ്പിച്ച് ഇഫ്താർ ആരംഭിച്ചപ്പോൾ അദ്ദേഹവും മറ്റു ഷെയ്ഖുമാരും പൊതുജനങ്ങൾക്ക് നൽകുന്ന ഫ്രഷ് സാലഡ്, പഴം, ബിരിയാണി, ഹരീസ, വെള്ളം, ലബൻ(മോര്) എന്നിവ ഉൾപ്പെടുന്ന ഇഫ്താർ വിരുന്ന് കഴിച്ചു. തുടർന്ന് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിനുള്ളിലെ വിശ്വാസികളുമായും പ്രസിഡന്റ് സംസാരിച്ചു.
എളിമയുടെ പര്യായമായി അറിയപ്പെടുന്ന ഷെയ്ഖ് മുഹമ്മദ് ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കുന്നതും അവരുടെ വിജയത്തെ അഭിനന്ദിക്കാൻ നേരിട്ട് വിളിക്കുന്നതും പതിവാണ്. 2023 ജൂലൈയിൽ ഒരു വില്ലയിൽ നിന്ന് പുറത്തേക്കു വന്ന ഷെയ്ഖ് മുഹമ്മദ് തന്റെ കാറിലേക്ക് പ്രവേശിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന രണ്ട് പ്രവാസികളെ വിളിച്ച് അവരോടൊപ്പം ചിത്രമെടുത്തത് അന്ന് വാർത്തയായിരുന്നു.