നരേന്ദ്രമോദിയുടെ 'വാട്സാപ് സന്ദേശം' യുഎഇ സ്വദേശികൾക്കും പാക്കിസ്ഥാനികൾക്കും; കൗതുകം, 'രസികൻ' പ്രതികരണം
Mail This Article
ദുബായ് ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാട്സാപ് സന്ദേശം യുഎഇ സ്വദേശികൾക്കും രാജ്യത്തുള്ള എല്ലാ പ്രവാസികൾക്കും ലഭിച്ചത് കൗതുകമായി. ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ‍് ഇൻഫർമേഷൻ ടെക്നോളജിയുടെ വികസിത് ഭാരത് സമ്പർക്ക് എന്നെഴുതിയ വാട്സാപ് നമ്പരിൽ നിന്നാണ് മോദി സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള സന്ദേശമെത്തിയത്. സന്ദേശമെന്തെന്ന് പെട്ടെന്ന് മനസിലാക്കാത്ത യുഎഇയിലെ പാക്കിസ്ഥാനികൾ ഇത്തിരി ആശങ്കപ്പെട്ടപ്പോൾ മറ്റു രാജ്യക്കാർക്കെല്ലാം ഇത് കൗതുകമായി. ഇൻസ്റ്റഗ്രാമിലെ ലവ് ഇൻ ദുബായ് എന്ന പേജിൽ സന്ദേശം എല്ലാവർക്കും ലഭിച്ച കാര്യം മോദിയുടെ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തപ്പോൾ അടിയിൽ വന്ന കമന്റുകൾ രസകരമാണ്.
ഒടുവിൽ എന്നെ ഇന്ത്യ മരുമകളായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യക്കാരനെ വിവാഹം കഴിച്ച യുഎഇയിലെ പാക് സ്വദേശിനി സൈനബ് പറഞ്ഞു. എമറാത്തിയായ അലി ഫഹദ് തനിക്കും തന്റെ കൂട്ടുകാർക്കും സന്ദേശം ലഭിച്ചതായി പറയുന്നു. യുഎഇയിൽ താമസിക്കുന്ന മിറാ ത്രിമിത്തോവ് എന്ന ബള്‍ഗേറിയക്കാരിക്ക് തന്റെ ഫോൺ നമ്പർ എങ്ങനെ ഇന്ത്യൻ സർക്കാരിന് ലഭിച്ചു എന്നാണ് ആശ്ചര്യം. ഇത്തരമൊരു സന്ദേശം ലഭിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നാണ് റഷ്യക്കാരിയായ മിക്കിയുടെ വാക്കുകൾ. ചിലർ തട്ടിപ്പ് ആണെന്നും കരുതി നമ്പർ ബ്ലോക്ക് ചെയ്തതായും കമന്റ് ചെയ്തു. തിരഞ്ഞെടുപ്പ് ചർച്ച പോലെയായി ചില കമന്റുകളും അതിനുള്ള മറ്റുള്ളവരുടെ മറുപടിയും.
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റാണ് ഈ കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 140 കോടി ഇന്ത്യക്കാർ ഗവൺമെന്റിന്റെ വിവിധ പദ്ധതികളിൽ നിന്നും നയങ്ങളിൽ നിന്നും പ്രയോജനം നേടിയിട്ടുണ്ട്. ഭാവിയിലും അത് തുടരും. ഒരു വികസിത ഭാരതം എന്ന അഭിലാഷം നിറവേറ്റുന്നതിനായി ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ പങ്കാളിത്തം നിർണായകമാണ്. അതിനാൽ വികസിത ഭാരതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദയവായി പങ്കിടാൻ അഭ്യർഥിക്കുന്നു–ഇതാണ് പിഡിഎഫ് ഫോർമാറ്റിലുള്ള വാട്സാപ്പ് സന്ദേശത്തിലുള്ളത്. പാവപ്പെട്ടവരിലും കർഷകരിലും യുവതീയുവാക്കളിലും സ്ത്രീകളിലും 10 വർഷത്തെ ഭരണമുണ്ടാക്കിയ നേട്ടങ്ങൾ സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന, വൈദ്യുതി വിതരണം, എല്ലാവർക്കും എൽപിജി, ആയുഷ്മാൻ ഭാരത് മുഖേന സൗജന്യ ചികിത്സ, മാതൃവന്ദന യോജന തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കുന്നു. കൂടാതെ, ജിഎസ്ടി, ആർടിക്കിൾ 370 റദ്ദ് ചെയ്തത്, മുത്തലാഖ്, നാരി ശക്തി വന്ദന നിയമം, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം തുടങ്ങി ഇടതുപക്ഷ തീവ്രവാദം എന്നിവയെക്കുറിച്ചും പുതിയ പാർലമെന്റ് കെട്ടിടത്തെക്കുറിച്ചും പരാമർശിക്കുന്നു. തുടർന്നും എല്ലാവരുടെയും പിന്തുണ തേടിക്കൊണ്ടാണ് നരേന്ദ്രമോദി ഒപ്പിട്ട സന്ദേശം അവസാനിക്കുന്നത്.
∙ യുഎഇയിലെ പാക്കിസ്ഥാനികൾക്ക് ആദ്യം ആശങ്ക
തന്റെ മൊബൈലിലേക്കു വന്ന ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള വാട്സാപ് സന്ദേശം കണ്ട് ഷാർജയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാനി യുവാവ് മുഹ്സിൻ ഖാൻ ആദ്യമത് അത്ര കാര്യമാക്കിയില്ല. വല്ല പരസ്യമോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയത്. പിന്നീട് സുഹൃത്തുക്കൾക്ക് പലർക്കും ഇതേ സന്ദേശം ലഭിച്ചിട്ടുണ്ടെന്നറിഞ്ഞ് വായിച്ചു നോക്കിയപ്പോൾ അമ്പരന്നുപോയി– ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം!. ഉടൻ അത് പരിചയക്കാരനായ ഇന്ത്യക്കാരന് കാണിച്ചുകൊടുത്തു. തനിക്കും ഇതുപോലെ പ്രധാനമന്ത്രിയുടെ സന്ദേശം ലഭിച്ചുവെന്നും പേടിക്കേണ്ടതില്ല, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇതുപോലുള്ള സന്ദേശങ്ങളൊക്കെ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കാറുണ്ടെന്നും പാക്കിസ്ഥാനിയായ താങ്കൾക്ക് അബദ്ധത്തിൽ അയക്കുന്നതാണെന്നും പറഞ്ഞപ്പോഴാണ് മുഹ്സിന് ശ്വാസം നേരെവീണത്.
കഴിഞ്ഞ ദിവസം യുഎഇ സ്വദേശികൾക്ക് ഉള്‍പ്പെടെ ഭൂരിഭാഗം പേർക്കും പ്രധാനമന്ത്രിയുടെ സന്ദേശം ഹിന്ദിയിലും ഇംഗ്ലിഷിലും ലഭിച്ചിരുന്നു. യുഎഇ ടെലികോം ഒാപറേറ്ററായ എത്തിസാലാത്ത് വഴിയാണ് ഈ ഒാട്ടോമാറ്റഡ് സന്ദേശം എല്ലാവർക്കും ലഭിച്ചത്. യുഎഇയിലെ യുവ ചലച്ചിത്ര പ്രവർത്തകനായ പാക്കിസ്ഥാൻ സ്വദേശി ഫൈസൽ ഹാഷ്മി തന്റെ ഇൻസ്റ്റഗ്രാം പേജിൽ മോദിയിൽ നിന്ന് ലഭിച്ച സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. ''ദുബായിലെ പകുതി ഇന്ത്യക്കാരുടെയും ഈ റാൻഡം ഓട്ടോമേറ്റഡ് മോദി വോട്ടിങ് സന്ദേശം ഇന്നലെ രാത്രി അവരുടെ നമ്പറിൽ ലഭിച്ചതായി തോന്നുന്നു.
പക്ഷേ, ഞാൻ ഒരു പാക്കിസ്ഥാനിയും മുസ്‌ലിമുമാണ്. അതിനാൽ, അവരുടെ ലക്ഷ്യത്തിൽ അവർക്ക് കൂടുതൽ തെറ്റ് പറ്റില്ല''- ഈ കുറിപ്പോടെയാണ് ഫൈസൽ സന്ദേശം പോസ്റ്റ് ചെയ്തത്. ഇതിന് താഴെയും കൗതുകകരമായ കമന്റുകളാണ് വന്നിട്ടുള്ളത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ഏറ്റവുമധികം തവണ സന്ദർശിച്ചിട്ടുള്ള വിദേശരാജ്യം യുഎഇയാണ്. ഏറ്റവുമൊടുവിൽ ഫെബ്രുവരി 13ന് അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അഹ് ലൻ മോദി പരിപാടിയിലും പങ്കെടുത്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാനുമായി അടുത്ത സൗഹൃദം പുലർത്തുന്ന പ്രധാനമന്ത്രിക്ക് ഷെയ്ഖ് സായിദ് മെഡൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.