ഖലീഫയ്ക്ക് ഉമ്മുൽഖുവൈൻ പൊലീസിന്റെ ആദരം; പിഴവില്ലാത്ത ഡ്രൈവിങ്ങിന് അർധസെഞ്ചറി!
Mail This Article
ഉമ്മുൽഖുവൈൻ ∙ 100% ഗതാഗതനിയമം പാലിച്ച് 50 വർഷം വാഹനമോടിച്ച യുഎഇ പൗരൻ ഖലീഫ ഹുമൈത് നാസർ ജുമയ്ക്ക് ഉമ്മുൽഖുവൈൻ പൊലീസിന്റെ ആദരം. ഫെഡറൽ നാഷനൽ കൗൺസിൽ അംഗമായിരുന്ന ഖലീഫ ദുബായ് – അബുദാബി റൂട്ടിലെ സ്ഥിരം യാത്രികനായിരുന്നു.
രാജ്യത്ത് വാഹനമോടിച്ച് എത്താത്ത സ്ഥലങ്ങളില്ല. അപ്പോഴെല്ലാം ഒരു പിഴവുമില്ലാത്ത ഡ്രൈവിങ് പെരുമ അദ്ദേഹം കാത്തു. 1973ൽ ആണ് ഖലീഫ ഡ്രൈവിങ് ലൈസൻസ് നേടിയത്. അന്ന് 10,000 ദിർഹം വിലയുള്ള കാറാണ് സ്വന്തമായുണ്ടായിരുന്നത്. അന്നത്തെ വേതനം 200-250 ദിർഹം. അന്ന് ചെലവുകൾക്കും ആ തുക ധാരാളമായിരുന്നെന്ന് ഖലീഫ ഓർക്കുന്നു.
അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ അഹ്മദ് അൽ മുഅല്ലയാണ് ഖലീഫയെ എഫ്എൻസിയിലേക്ക് നോമിനേറ്റ് ചെയ്തത്. യുഎഇയുടെ പുരോഗതിയിൽ നിർണായകമായ ഒട്ടേറെ നിയമനിർമാണ സമിതിയിൽ ഖലീഫയും ഭാഗമായിരുന്നു.
ജിസിസി രാജ്യങ്ങളുടെ ഏകീകൃത ട്രാഫിക് വാരാചരണ പരിപാടിയിലാണ് പുതുതലമുറയ്ക്ക് മാതൃകയായ ഖലീഫയെ ഉമ്മുൽഖുവൈൻ പൊലീസ് ആദരിച്ചത്. ഗതാഗത നിയമങ്ങൾ മനുഷ്യരുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാനുള്ളതാണെന്നാണ് ഖലീഫയുടെ നിലപാട്.