ഉംറ നിർവഹിക്കാനുള്ള യാത്രയ്ക്കിടെ സൗദിയിൽ വാഹനാപകടം; നാല് മരണം
Mail This Article
ജിദ്ദ∙ ഉംറ നിർവഹിക്കാൻ ഖത്തറിൽ നിന്ന് റോഡ് മാർഗം സൗദിയിലെത്തിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ നാല് പേർ മരിച്ചു. കർണാടക മംഗളൂരു ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിന്‍റെയും സറീനയുടെയും മകൾ ഹിബ (29), ഭർത്താവ് മുഹമ്മദ് റാമിസ് (34), മക്കളായ ആരുഷ് (മൂന്ന്), റാഹ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ശബ്‌നത്തിന്‍റെ മകൾ ഫാത്തിമ (19) ഗുരുതര പരുക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
റിയാദിനടുത്ത് സുൽഫ എന്ന സ്ഥലത്ത് ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ചൊവ്വാഴ്ച പ്രഭാതനമസ്കാരം നിർവഹിച്ച ശേഷമാണ് കുടുംബം ഖത്തറിൽ നിന്ന് ഉംറയ്ക്ക് പുറപ്പെട്ടത്. രാത്രി റിയാദിലെത്തി ബന്ധുവീട്ടിൽ തങ്ങിയ ശേഷം ബുധനാഴ്ച രാവിലെ റിയാദിൽ നിന്ന് മക്കയിലേയ്ക്കുള്ള യാത്ര തുടരുന്നതിനിടയിലായിരുന്നു അപകടം.