യുഎഇയിൽ മുഴുവൻ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ്
Mail This Article
ദുബായ് ∙ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടു. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ജനുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. കമ്പനിയുടെ ഇൻഷുറൻസ് ഇല്ലാത്ത ജീവനക്കാർക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. ജീവനക്കാർക്ക് ഇൻഷുറൻസ് നൽകേണ്ടത് തൊഴിൽദാതാക്കളുടെ ചുമതലയാണ്.
നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഉള്ളത്. പുതിയ പ്രഖ്യാപനത്തോടെ രാജ്യം മുഴുവനും ഇൻഷുറൻസ് നിയമം നിലവിൽ വരും. ദുബായിൽ എല്ലാ തൊഴിൽ ദാതാക്കളും ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. ഫാമിലി വീസയുള്ള ജീവനക്കാർ അവരുടെ ആശ്രിതർക്കും ഇൻഷുറൻസ് ഉറപ്പാക്കണം. അബുദാബിയിൽ തൊഴിൽദാതാവും സ്പോൺസറും അവരുടെ ജീവനക്കാർക്കും കുടുംബത്തിനും ഇൻഷുറൻസ് നൽകണമെന്നാണ് ചട്ടം.
ജനുവരി 1 മുതൽ ജീവനക്കാരുടെ റസിഡൻസി പെർമിറ്റ് പുതുക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസും തൊഴിൽ ദാതാവ് എടുത്തിരിക്കണം. ഈ ഇൻഷുറൻസ് വീസയുമായി ബന്ധപ്പെടുത്തും. ദുബായിലും അബുദാബിയിലും ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കില്ല. ഇതേ സംവിധാനം മറ്റ് എമിറേറ്റുകളിലും നിലവിൽ വരും. അബുദാബി, ദുബായ് എമിറേറ്റുകളിൽ ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ഒരാൾക്ക് മാസം 500 ദിർഹം വീതം പിഴ ലഭിക്കും.