ADVERTISEMENT

ഷാർജ∙ 'ഞങ്ങളെല്ലാം ബഹുത് ഖുഷിയാണ്. അർബാബാണെങ്കിൽ സ്നേഹസമ്പന്നൻ. ഭക്ഷണമൊക്കെ കൃത്യമായി എത്തിക്കും. ജോലിയും എളുപ്പം'–ക്രൂരനായ അർബാബ് പ്രധാന കഥാപാത്രങ്ങളിലൊന്നായ ബ്ലെസി– ബെന്യാമിൻ കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' എന്ന സിനിമയെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലെങ്കിലും, എങ്ങനെയുണ്ട് ജീവിതമൊക്കെ എന്ന ചോദ്യത്തിന് ഒരു 'ആടുജീവിതക്കാരൻ ' പറഞ്ഞ മറുപടിയാണിത്. ഇത് മേനി പറച്ചിലല്ല, അവരുടെയെല്ലാം മുഖത്ത് സന്തോഷവും സംതൃപ്തിയും നിറഞ്ഞുനിൽക്കുന്നത് കാണാം. അവരുടെ വസ്ത്രധാരണം ഒരിക്കലും ആടുജീവിതത്തിലെ നജീബിന്‍റെയും ഹക്കീമിന്‍റെയും പോലെ അഴുക്കുപുരണ്ട് കീറിപ്പറിഞ്ഞതായിരുന്നില്ല. വൃത്തിയും വെടിപ്പുമുള്ള തനി പാക്കിസ്ഥാനി കുർത്തയാണ് അവർ ധരിച്ചിരുന്നത്. ബംഗ്ലാദേശികൾ പാന്‍റസും ഷർട്ടും. ചിലർ ലുങ്കിയും കുപ്പായവും. എല്ലാവരും ആരോഗ്യവാന്മാർ. എന്ന് കരുതി, ഗൾഫിലെ എല്ലാ മരുഭൂമികളിലും ഇതു തന്നെയായിരിക്കും അവസ്ഥയെന്ന് പറയാനും വയ്യ.

ഷാർജ കെഹെഫ് മരുഭൂമിയിലേയ്ക്കുള്ള വഴി. ചിത്രം:മനോരമ
ഷാർജ കെഹെഫ് മരുഭൂമിയിലേയ്ക്കുള്ള വഴി. ചിത്രം:മനോരമ

ഷാർജ മലീഹ റോഡിൽ നിന്ന് മരുഭൂമിയിലേക്ക് പ്രവേശിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ  ആട്–ഒട്ടക ജീവിതങ്ങളുടെ ഫാമുകളും മസ്റ(ആടുകളുടെ തൊഴുത്ത്)കളും കാണാം. പകൽമുഴുവൻ ആടുകളെയും ഒട്ടകങ്ങളെയും മേയ്ച്ചും സ്വദേശികളുടെ ഫാമുകളും മസ്റകളും പരിപാലിച്ചും കഴിയുന്ന ഒട്ടേറെ മനുഷ്യര്‍ ഇവിടങ്ങളിലെല്ലാമുണ്ട്. യുഎഇ അടക്കമുള്ള ഗൾഫിലെ മരുഭൂമികളിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. ആഫ്രിക്കൻ വംശജരും ചിലയിടങ്ങളിൽ ധാരളമായി കാണാമെങ്കിലും നജീബിനെ പോലുള്ള മലയാളികൾ ഇന്ന് അപൂർവമാണ്.

ഫാമില്‍ വളർത്തുന്ന മാനുകൾ. ചിത്രം:മനോരമ
ഫാമില്‍ വളർത്തുന്ന മാനുകൾ. ചിത്രം:മനോരമ

∙ ആടിനോടും ഒട്ടകത്തോടും മിണ്ടിയും പറഞ്ഞും
ആട്, ഒട്ടകം, മാൻ, കോഴി, മുയൽ തുടങ്ങിയവയാണ് മിക്ക ഫാമുകളിലും വളർത്തുന്നത് . കൂടിപ്പോയാൽ രണ്ടു പേർ മാത്രമേ ഇവിടങ്ങളിൽ ജോലിക്കുണ്ടായിരിക്കുകയുള്ളൂ. രാവിലെ മുതൽ രാത്രി വരെ ഇവരിവിടെ കഠിനാധ്വാനം ചെയ്യും. മാസശമ്പളം കുറവാണെങ്കിലും ഭക്ഷണമൊക്കെ കൃത്യമായി മുതലാളി എത്തിച്ചുകൊടുക്കും. നജീബിനെയും ഹക്കീമിനെയും പോലെ ഇവർ ദുരിതക്കയത്തിലല്ല ജീവിക്കുന്നത്. നല്ല കെട്ടുറപ്പുള്ള ഫാം ഹൗസിൽ അന്തസ്സോടെയുള്ള ജീവിതം നയിക്കുന്നു. 

ഷാർജ കെഹെഫ് മരുഭൂമിയിലെ ആട് ഫാമുകളിലൊന്ന്. ചിത്രം:മനോരമ
ഷാർജ കെഹെഫ് മരുഭൂമിയിലെ ആട് ഫാമുകളിലൊന്ന്. ചിത്രം:മനോരമ

ചിലയിടങ്ങളിൽ ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഫാൻ ഉള്ളതിനാൽ വേനൽക്കാലത്ത് വലിയ പ്രശ്നവുമില്ലെന്ന് കെഹെഫിലെ പാക്കിസ്ഥാനി ആട്ടിടയൻ ആബിദ് ഹുസൈൻ പറയുന്നു. അല്ലാത്തവരെല്ലാം ഈ മരുഭൂ ജീവിതവുമായി പൊരുത്തപ്പെട്ടവരുമാണ്. ഭൂരിഭാഗം പേർക്കും എല്ലാ മാസവും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നു. രണ്ടോ മൂന്നോ വർഷത്തിലൊരിക്കല്‍ അവധിക്ക് നാട്ടിൽ പോയാൽ ചുരുങ്ങിയത് രണ്ട് മാസം കുടുംബത്തോടൊപ്പം ചെലവഴിച്ചേ മടങ്ങുകയുള്ളൂ. അവധിക്കാല ശമ്പളം നൽകുന്ന അർബാബുമാരുമേറെ. നാ‌ട്ടിൽ എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ, മുതലാളിയെ അറിയിച്ചാൽ സഹായിക്കാനും സന്മനസ്സ് കാണിക്കുന്നവരാണ് ഇവിടുത്തെ മിക്ക മസ്റകളുടെയും ഉടമകളെന്ന് ഒട്ടകത്തെ പരിപാലിക്കുന്ന ബംഗ്ലാദേശ് സ്വദേശി ഹാറൂൺ പറഞ്ഞു. എല്ലാവർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, മൊബൈൽ നെറ്റ് വർക്ക് കിട്ടാത്ത സ്ഥലങ്ങളും ഇല്ലാതില്ല.

കെഹെഫിലെ പള്ളിയിൽ നോമ്പുതുറക്കുന്ന ആട്–ഒട്ടക ഇടയന്മാർ. ചിത്രം:മനോരമ
കെഹെഫിലെ പള്ളിയിൽ നോമ്പുതുറക്കുന്ന ആട്–ഒട്ടക ഇടയന്മാർ. ചിത്രം:മനോരമ

∙ വിഭവസമൃദ്ധമായ നോമ്പുതുറ
കെഹെഫ് ഭാഗത്തെ മസ്റകളിൽ ജോലി ചെയ്യുന്നവരിൽ ചിലർക്ക് നോമ്പുതുറ വിഭവങ്ങൾ അര്‍ബാബുമാര്‍ എത്തിച്ചുകൊടുക്കുന്നുണ്ട്. പഴം, പച്ചക്കറികളും സാലഡും ഖുബ്ബൂസും ബിരിയാണിയുമൊക്കെയാണ് പതിവ്. ചിലർ ഭക്ഷണമുണ്ടാക്കാനുള്ള അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചുകൊടുക്കും. ഫാമിലെ തന്നെ കോഴികളെ കറിവയ്ക്കാനുള്ള അനുവാദവും പലരും നൽകിയിട്ടുണ്ട്. ഇതോടൊപ്പം പലപ്പോഴും മലയാളി സംഘടനകളും വ്യക്തികളും നോമ്പുതുറ വിഭവങ്ങളുമായി ഇവിടെയെത്തുന്നു. കൂടാതെ, തൊട്ടടുത്തെ പള്ളിയിൽ ഭക്ഷണ വിഭവങ്ങൾ പാചകം ചെയ്തുള്ള സമൂഹ നോമ്പുതുറയും നടക്കുന്നുണ്ട്.

ഷാർജ കെഹെഫ് മരുഭൂമിയിലെ ആട് ഫാമുകളിലൊന്ന്. ചിത്രം:മനോരമ
ഷാർജ കെഹെഫ് മരുഭൂമിയിലെ ആട് ഫാമുകളിലൊന്ന്. ചിത്രം:മനോരമ

∙ യുഎഇയിൽ മസ്റകളിൽ മലയാളികൾ അപൂർവം
1990 കാലഘട്ടത്തിൽ, അഥവാ നജീബിന്‍റെ ആടുജീവിത കാലത്ത് സൗദിയില്‍ കുറേയേറെ മലയാളികൾ മരുഭൂമിയിലെ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു. എന്നാൽ യുഎഇയിൽ അന്നും ഈ മേഖലയിൽ മലയാളികൾ കുറവ് തന്നെ. ഇപ്പോൾ ഏതെങ്കിലും എമിറേറ്റിൽ ഒറ്റപ്പെട്ട ചിലരെ കണ്ടെത്തിയാലായി. ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം വളരെ കുറവായിരിക്കും എന്നത് തന്നെയാണ് മലയാളികളെ ഇങ്ങോട്ട് ആകർഷിക്കാത്തത്. നജീബിനെ പോലെ ചതിയിൽപ്പെട്ട് മരുഭൂമിയിൽ എത്തിയവരാരും ഉണ്ടോ എന്നത് പോലും സംശയമാണ്. മരുഭൂമിയോട് മല്ലിട്ട് ആട്–ഒട്ടക ജീവിതം നയിക്കാൻ കെൽപുള്ളവർ പാക്കിസ്ഥാനികൾ തന്നെ. ബംഗ്ലാദേശികൾ പലപ്പോഴും ഇവരുടെ സഹായികളായാണ് ജോലി ചെയ്തുവരുന്നത്.

ഷാർജ കെഹെഫ് മരുഭൂമിയിലെ ആട് ഫാമുകളിലൊന്ന്. ചിത്രം:മനോരമ
ഷാർജ കെഹെഫ് മരുഭൂമിയിലെ ആട് ഫാമുകളിലൊന്ന്. ചിത്രം:മനോരമ

∙ ഭക്ഷണത്തിനും വിൽപനയ്ക്കും മൃഗങ്ങൾ
സമ്പന്നരായ സ്വദേശികളിൽ മിക്കവർക്കും മരുഭൂമിയിൽ ഇത്തരമൊരു മസ്റയും ഫാം ഹൗസുമുണ്ട്. ഇതിൽ ഭൂരിഭാഗം പേരും സ്വന്തം വീട്ടിലേക്ക് ഭക്ഷണത്തിനായാണ് ഇവയെ വളർത്തുന്നത്. ആവശ്യം വരുമ്പോൾ ജോലിക്കാർ വന്ന് അവയെ കയറ്റിക്കൊണ്ടുപോകുന്നു. ജൈവിക ഭക്ഷണം കഴിച്ച് വളരുന്ന ആടിനും കോഴിക്കുമെല്ലാം സ്വദേറെ. അതോടൊപ്പം ഇവയെ വിപണികളിൽ കൊണ്ടു പോയി വിൽക്കുന്നവരും ഒട്ടേറെയുണ്ട്. ആ സമയങ്ങളിൽ തൊഴിലാളികൾക്ക് പുറംലോകവും കാണാം. 

div style="position: relative; display: block; max-width: 1920px;">

∙ ഫാം ഹൗസ് സ്വന്തമായുള്ള മലയാളികൾ
യുഎഇയിൽ വ്യവസായികളായ ഒട്ടേറെ മലയാളികൾക്ക് ഇന്ന് ഫാം ഹൗസുകളുണ്ട്. അറബികളെ അനുകരിച്ച് അവരും ഇവിടെ ആടുകളെയും ഒട്ടകങ്ങളെയും കോഴികളെയുമെല്ലാം വളർത്തുന്നു. പലരും മരുഭൂമിയിലെ സ്ഥലം പാട്ടെത്തിനെടുത്താണ് ഫാം നടത്തുന്നത്. ഇവിടങ്ങളിലെ ജോലിക്കാരിൽ ഒട്ടേറെ മലയാളികളുമുണ്ട്. മൃഗങ്ങളും കോഴികളും സ്വന്തം ആവശ്യത്തിനും അതിലേറെ വിപണികളിൽ കൊണ്ടുപോയി വിൽക്കാനുമാണ് വളർത്തുന്നത്. 

English Summary:

The Loving Arbab and the Happy Goat Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com