ADVERTISEMENT

അബുദാബി ∙ ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ ഇന്നലെ (ഞായർ) നോമ്പ് തുറക്കാൻ ഒത്തുകൂടിയവർക്ക് അപൂർവാവസരം സമ്മാനിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ 'ജനകീയ ഇഫ്താറി'നെത്തി. കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ പള്ളിയിലെത്തിയ പ്രസിഡന്റ് മലയാളികളുടെ തൊട്ടുമുൻപിലായാണ് ഇരുന്നത്. ഈ വിഡിയോ പിന്നീട് വൈറലായിരുന്നു.

Image Credit: emiratesroyalfamily/Instagram
പ്രവാസികൾക്കൊപ്പം ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ. Image Credit: emiratesroyalfamily/Instagram

ഇന്നലെ വൈകിട്ട് ആറരയോടെ ഷെയ്ഖ് മുഹമ്മദ് അടുത്തു വന്നിരുന്നപ്പോൾ നേരത്തെ തന്നെ ഇരിപ്പുറപ്പിച്ചിരുന്ന പ്രവാസികൾ ഒട്ടും ആലോചിക്കാതെ മൊബൈൽ ഫോണെടുത്ത് അദ്ദേഹത്തെ പകർത്താൻ തുടങ്ങി. പ്രസിഡന്റ് ജനങ്ങൾക്കൊപ്പം ഇരുന്ന് നോമ്പുതുറന്നപ്പോൾ അത് പ്രവാസികൾക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചു. വെള്ളം, ലബാൻ, ജ്യൂസുകൾ എന്നിവയ്‌ക്കൊപ്പം ബിരിയാണിയുമായിരുന്നു നോമ്പുതുറ വിഭവങ്ങൾ. പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും നോമ്പുതുറയിൽ പങ്കെടുത്തു.

Image Credit: emiratesroyalfamily/Instagram
Image Credit: emiratesroyalfamily/Instagram
Image Credit: emiratesroyalfamily/Instagram
പ്രവാസികൾക്കൊപ്പം ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ. Image Credit: emiratesroyalfamily/Instagram

മഗ്‌രിബ് ബാങ്ക് വരെ അദ്ദേഹം ഉദ്യോഗസ്ഥരുമായി കുശലം പറഞ്ഞുകൊണ്ടിരുന്നു. അതിനു ശേഷം ഒരാളെ നോക്കി പുഞ്ചിരിച്ചു കൈവീശുന്നതും സമൂഹമാധ്യമത്തിൽ പ്രചരിച്ച  വിഡിയോയിൽ  കാണാം. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ കബറിടം സന്ദർശിച്ച് പ്രാർഥിക്കുന്നതും വിഡിയോയിൽ ഉണ്ട്. എളിമയുടെ പര്യായമായി അറിയപ്പെടുന്ന ഷെയ്ഖ് മുഹമ്മദ് ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കുന്നതും അവരുടെ വിജയത്തെ അഭിനന്ദിക്കാൻ നേരിട്ട് വിളിക്കുന്നതും  പതിവാണ്. 2023 ജൂലൈയിൽ ഒരു വില്ലയിൽ നിന്ന് പുറത്തേക്കു വന്ന ഷെയ്ഖ് മുഹമ്മദ് തന്റെ കാറിലേക്ക് പ്രവേശിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന രണ്ട് പ്രവാസികളെ വിളിച്ച് അവരോടൊപ്പം ചിത്രമെടുത്തത് അന്ന് വൈറൽ വാർത്തയായിരുന്നു.

English Summary:

UAE President Breaks Fast with Expatriates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com