സായിദ് നാഷനൽ മ്യൂസിയം റിസർച് ഫണ്ടിൽ ഇന്ത്യൻ ഗവേഷകനും
Mail This Article
അബുദാബി ∙ യുഎഇയുടെ സുപ്രധാന പദ്ധതികളിലൊന്നായ സായിദ് നാഷനൽ മ്യൂസിയം റിസർച് ഫണ്ടിലേക്ക് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 ഗവേഷകരെ തിരഞ്ഞെടുത്തു. ഡൽഹി ജാമിയ മില്ലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലെ അറബിക് ഭാഷാ വകുപ്പ് അസി. പ്രഫസർ ഡോ. ശുഹൈബ് ആലമാണ് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗവേഷകൻ.
ഇന്ത്യയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയിലുള്ള ബന്ധം തേടി ഇന്ത്യയിൽ ഉടനീളമുള്ള യാത്രയാണ് (1820-1971) ഇദ്ദേഹത്തിനു നൽകിയിരിക്കുന്ന ഗവേഷണ വിഷയം. 19 രാജ്യങ്ങളിൽനിന്നുള്ള 77 അപേക്ഷകരിൽ നിന്നാണ് ശുഹൈബ് ഉൾപ്പെടെ 10 പേരെ തിരഞ്ഞെടുത്തത്. യുഎഇ, ചൈന, ഒമാൻ, ഈജിപ്ത്, യുഎസ്, യുകെ, ഓസ്‌ട്രേലിയ, പോളണ്ട് എന്നീ രാജ്യക്കാരാണ് മറ്റു ഗവേഷകർ. യുഎഇയുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കുറിച്ചുമുള്ള ഗവേഷണത്തെ പിന്തുണയ്ക്കുന്ന പദ്ധതിയാണ് റിസർച് ഫണ്ട്.
യുഎഇ സമൂഹത്തിലും സംസ്കാരത്തിലും ഷെയ്ഖ് സായിദിന്റെ സ്വാധീനം, 19–20 നൂറ്റാണ്ടുകളിൽ ഇന്ത്യയും അറേബ്യൻ ഉപദ്വീപും തമ്മിലുള്ള ബന്ധങ്ങൾ, അറേബ്യയിലെ വ്യാപാരത്തിൽ വനിതകളുടെ പങ്ക്, യുഎഇയുടെ എഴുതപ്പെടാത്ത ചരിത്രവും പുരാവസ്തുക്കളുടെ സാന്നിധ്യവും തുടങ്ങിയവ പഠന വിധേയമാക്കുന്ന ഗവേഷണങ്ങളാകും നടത്തുകയെന്ന് ഡിസിടി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.