സ്വപ്നത്തിനു ചിറക് മുളച്ചപ്പോൾ ഒപ്പമുണ്ടായത് ഉപ്പ; പ്രവാസി ബിസിനസുകാരനായ മുസ്തഫ നടത്തിയ യാത്രകളിൽ വേറിട്ട 'ആവേശം'
Mail This Article
കൊണ്ടോട്ടി ∙ കൊണ്ടോട്ടി നീറാട് പലേക്കോടൻ മുഹമ്മദ് ഷബാബിന്റെ (21) ആഗ്രഹം ആകാശം തൊട്ടപ്പോൾ, പിതാവ് മുസ്തഫയ്ക്കു ലഭിച്ചതു മറക്കാനാകാത്ത ഒരു ആകാശയാത്ര. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗിലായിരുന്നു ആ പരീക്ഷണപ്പറക്കൽ. പ്രവാസി ബിസിനസുകാരനായ മുസ്തഫ നടത്തിയ യാത്രകളിൽ വേറിട്ട ആവേശം കൊള്ളിച്ച യാത്ര.
ഷബാബിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു വിമാനം പറത്തൽ. പ്രവാസി ബിസിനസുകാരനായ പിതാവ് മുസ്തഫയോടൊപ്പമുള്ള വിമാന യാത്രയിലെല്ലാം ഷബാബിന്റെ മനസ്സു മുഴുവൻ ആകാശവും കോക്‌പിറ്റും പൈലറ്റുമായിരിക്കും. സൗദിയിലും യുഎഇയിലും ബിസിനസ് ഉള്ള മുസ്തഫയ്ക്ക് മകനെ ബിസിനസുകാരനാക്കണം എന്നായിരുന്നു ആഗ്രഹം. ഹയർ സെക്കൻഡറി കഴിഞ്ഞപ്പോൾ, ഷബാബ് മനസ്സു തുറന്നു: പൈലറ്റാകണം.
അങ്ങനെ, ദക്ഷിണാഫ്രിക്കയിൽ ജൊഹാനസ്‌ബർഗിൽ മാക് വൺ ഏവിയേഷൻ അക്കാദമിയിൽ പഠനം. വ്യോമയാന നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ വെല്ലുവിളികൾ ഏറെയായിരുന്നെങ്കിലും അവയ്ക്കെല്ലാം മുകളിലൂടെ ഷബാബിന്റെ ആഗ്രഹം പറന്നു. 3 വർഷം കൊണ്ട് ലൈസൻസ് സ്വന്തമാക്കി. കോഴ്സിനോടനുബന്ധിച്ചു ചെറിയ എയർക്രാഫ്റ്റിൽ നിശ്ചിത സമയം പരിശീലനപ്പറക്കൽ നടത്തേണ്ടതുണ്ട്. മകന്റെ ആഗ്രഹത്തിനു ചിറകുവച്ചതു കാണാനെത്തിയ മുസ്തഫയ്ക്കും കോക്പിറ്റൽ കയറാൻ അവസരം ലഭിച്ചു. എയർക്രാഫ്റ്റിന്റെ ലാൻഡിങ്, ടേക് ഓഫ്, നിയന്ത്രണ സംവിധാനങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം നേരിട്ട് അനുഭവിക്കാനായതു അവിസ്മരണീയമെന്ന് മുസ്തഫ പറഞ്ഞു. ലഭിച്ചത് കൊമേഴ്സ്യൽ വിമാനങ്ങളുടെ ലൈൻസൻസ് ആണ്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ലൈസൻസിന് ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരം വാങ്ങേണ്ടതുണ്ട്. ഇനി യാത്രാ വിമാനങ്ങളുടെ പൈലറ്റാകണം എന്നാണു ഷബാബിന്റെ ആഗ്രഹം. ജിദ്ദയിലെ സമ യുണൈറ്റഡ് ട്രേഡിങ് കമ്പനി ചെയർമാനാണു മുസ്തഫ. കെ. ഒ. ഷംസീറയാണ് മാതാവ്. ഷഹാന ഷെറിൻ, മുഹമ്മദ് ഷബാസ് എന്നിവർ സഹോദരങ്ങൾ.