സമസ്തയുടെ പ്രതിദിന നോമ്പുതുറ സാധാരണക്കാർക്ക് ആശ്വാസമാകുന്നു
Mail This Article
മനാമ ∙ ബഹ്റിന്റെ തലസ്‌ഥാന പ്രദേശമായ മനാമയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും മനാമയിൽ വന്നു പോകുന്നവർക്കും വ്യാപാര സ്‌ഥാപനങ്ങളിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും ആശ്വാസമാവുകയാണ് സമസ്ത ബഹ്‌റൈൻ എല്ലാ ദിവസവും ഒരുക്കുന്ന ഇഫ്താറുകൾ. സമസ്ത ബഹ്റൈൻ ഇർഷാദുൽ മുസ്‌ലിമീൻ മദ്റസയിലാണ് ഇഫ്താർ. നോമ്പ് തുറ സമയത്ത് ഇവിടെ എത്തിച്ചേരുന്ന ആർക്കും സമസ്തയുടെ ഈ സ്നേഹ ഇഫ്താറിൽ പങ്കെടുത്ത് സംതൃപ്തിയോടെ മടങ്ങാവുന്നതാണ്.
മനാമയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സമസ്തയുടെ വിശാലമായ മദ്രസാ ഹാളിൽ അതിനായി അറുനൂറോളം പേർക്കിരിക്കാവുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. റമസാനിൽ തുടക്കം മുതൽ അവസാനം വരെ പ്രതിദിനം അറുനൂറിലധികം ആളുകൾക്കാണ് ഇപ്പോൾ ഇഫ്താർ ഭക്ഷണം നൽകി വരുന്നത്. പലപ്പോഴും മനാമയിലെയും പരിസരത്തും ഉള്ള തൊഴിലാളികൾക്ക് അവരുടെ താമസ സ്‌ഥലത്ത് എത്തി നോമ്പ് തുറക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകാറില്ലാത്തത് കൊണ്ട് തന്നെ സമസ്ത ഒരുക്കുന്ന ഈ സൗകര്യം വിശ്വാസികൾ അടക്കമുള്ള നിരവധി പേരാണ് ഉപയോഗപ്പെടുത്തുന്നത്. എല്ലാ ദിവസവും ഇഫ്താറിനോടനുബന്ധിച്ച് സമസ്ത ബഹ്റൈൻ അധ്യക്ഷൻ ഫക്രുദ്ദീൻ തങ്ങളുടെ നേതൃത്വത്തിലുള്ള പ്രാർഥനയില്‍ പങ്കെടുക്കാനും വിശ്വാസി സമൂഹം എത്തിച്ചേരുന്നുണ്ട്.
ബഹ്റൈനിലെ വിശാലമനസ്കരുടെയും സ്‌ഥാപനങ്ങളുടെയും സഹായം കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നതെന്ന് സമസ്തയുടെ ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനം കൊണ്ട് തന്നെ സ്വദേശി വിദേശി മന്ത്രാലയങ്ങളിലും ഏറെ പ്രശംസ പിടിച്ച് പറ്റിയ പ്രസ്ഥാനമായി സമസ്ത ബഹ്റൈൻ മാറിയിരിക്കുകയാണ്. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ തങ്ങളുടെയും ജനറൽ സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജിയുടെയും മേൽനോട്ടത്തിലുള്ള ഭരണ സമിതി സുശക്തമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ബഹ്റൈനിൽ ഏറ്റവും കൂടുതൽ ഇഫ്താർ നൽകി വരുന്ന പ്രസ്ഥാനങ്ങളിൽ ഒന്നാണ് സമസ്ത.