ആലിംഗനം ചെയ്തും ഫോം സ്പ്രേ അടിച്ചും അവസാന നിമിഷം അവിസ്മരണീയമാക്കി ഗൾഫിലെ വിദ്യാർഥികൾ
Mail This Article
അബുദാബി ∙ ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചതോടെ സ്കൂൾ ജീവിതത്തിന് വേദനയോടെ വിടപറഞ്ഞ് ഗൾഫിലെ വിദ്യാർഥികൾ. 'വിടപറയുകയാണേ...' എന്ന പാട്ടുംപാടി ആൺകുട്ടികൾ ആലിംഗനം ചെയ്തും ഫോം സ്പ്രേ അടിച്ചും അവസാന നിമിഷം അവിസ്മരണീയമാക്കി.
സങ്കടത്തോടെ ഉറ്റ ചങ്ങാതിമാരെ വേർപിരിയാൻ മടിച്ചുനിൽക്കുകയായിരുന്നു പെൺകുട്ടികൾ. ഷാളിലും കോട്ടിലുമെല്ലാം ഐ മിസ് യു.. ലൗ യു തുടങ്ങി ഉറ്റ കൂട്ടുകാർക്ക് എന്നും ഓർത്തിരിക്കാനുള്ള വാക്കുകളും വാചകങ്ങളും എഴുതിയും കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും യാത്ര പറഞ്ഞു.
ഉന്നത പഠനത്തിന് ചിലർ ഇന്ത്യയിലേക്ക് പോകും. വിദേശത്തു പോകുന്നവരും യുഎഇയിൽ തുടരുന്നവരുമുണ്ട്. മെഡിക്കൽ, എൻജിനീയറിങ്, ഐടി, അക്കൗണ്ടിങ്, ആർക്കിടെക്ചർ തുടങ്ങിയ മേഖലകളാണ് ഭൂരിഭാഗം പേരുടെയും ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ്, ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ കോഴ്സുകൾക്കാണ് ആൺകുട്ടികൾ കൂടുതലായി താൽപര്യം പ്രകടിപ്പിച്ചത്.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ചില വിദ്യാർഥികൾക്ക് വലിയ ചുമടിറക്കിയ പ്രതീതിയായിരുന്നു. ചോദ്യപേപ്പറും ഹാൾ ടിക്കറ്റും ആകാശത്തേക്ക് എറിഞ്ഞാണ് പരീക്ഷ തീർന്നത് ആഘോഷമാക്കിയത്. പിന്നെ, യൂണിഫോമിൽ കവിതയും ഓട്ടോഗ്രാഫും എഴുതിയും കെട്ടിപ്പിടിച്ചും കൂട്ടുകാരികളെ എടുത്തു കറക്കിയും സന്തോഷവും സങ്കടവും പങ്കിട്ടു. ആൺകുട്ടികളിൽ ചിലർ വെള്ളവും ഫോം സ്പ്രേയും മഷിയും യൂണിഫോമിലേക്കു എറിഞ്ഞും ഷർട്ടിന്റെ പോക്കറ്റ് വലിച്ചുകീറിയുമായിരുന്നു സ്നേഹപ്രകടനം. ഡിജിറ്റൽ ലോകത്ത് ആരും അകലെയല്ലെന്നും ഒരുവിളിപ്പാടകലെ ഒത്തുകൂടാമെന്നും പറഞ്ഞാണ് പലരും പരസ്പരം ആശ്വസിപ്പിച്ചത്. ഏറെ നേരം സ്കൂൾ പരിസരത്ത് ചെലവഴിച്ചാണ് പലരും മടങ്ങിയത്.