ADVERTISEMENT

അബുദാബി ∙ പരുക്കേറ്റ പലസ്തീൻ കുട്ടികളുടേയും അർബുദ രോഗികളുടേയും 14-ാം സംഘം യുഎഇയിൽ എത്തി. ഇവരെ യുഎഇയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള പ്രസിഡൻ്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശത്തെ തുടർന്നാണിത്.

അൽ ആരിഷ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 32 രോഗികൾക്കൊപ്പം 64 കുടുംബാംഗങ്ങളുമുണ്ടായിരുന്നു. അവിടെയെത്തിയ ഉടൻ മെഡിക്കൽ ടീമുകൾ രോഗികളെ അടിയന്തര പരിചരണത്തിനായി ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയി. കൂടെയുള്ളവരെ താമസത്തിനായി എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിലുമെത്തിച്ചു.

പ്രതിസന്ധിയുടെ തുടക്കം മുതൽ ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം നൽകുന്നതിനായി 2023 നവംബറിൽ "ഓപറേഷൻ ഗാലൻ്റ് നൈറ്റ് 3" ആരംഭിച്ച് ഉറച്ച പിന്തുണ യുഎഇ നൽകിവരുന്നു. പലസ്തീൻ ജനതയ്ക്ക് തുടർച്ചയായി ഭക്ഷണം, മാനുഷിക സഹായം, അടിയന്തര വൈദ്യസഹായം എന്നിവ നൽകിക്കൊണ്ട് യുഎഇ  മാനുഷിക പ്രതികരണം ശക്തിപ്പെടുത്തി. രാജ്യം ഗാസയിൽ 150 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റലും അൽ അരിഷ് തുറമുഖത്ത് ഫ്ലോട്ടിങ് ഹോസ്പിറ്റലും സ്ഥാപിച്ചു. അതിൽ 100 കിടക്കകൾ, ഓപറേഷൻ റൂമുകൾ, തീവ്രപരിചരണം, റേഡിയോളജി, ലബോറട്ടറി, ഫാർമസി, മെഡിക്കൽ കാബിനറ്റുകൾ എന്നിവയുണ്ട്. കൂടാതെ, ഗാസയിലെ ശോചനീയമായ ജല ഇൻഫ്രാസ്ട്രക്ചർ സാഹചര്യം പരിഹരിക്കുന്നതിനും പലസ്തീൻ ജനതയ്ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായി യുഎഇ ഈജിപ്തിലെ റഫയിൽ ആറ് ഡീസാലിനേഷൻ പ്ലാൻ്റുകൾ ആരംഭിച്ചു. ഈ പ്ലാൻ്റുകൾ പ്രതിദിനം ഏകദേശം 1.2 ദശലക്ഷം ഗാലൻ ഡീസാലിനേറ്റ് ചെയ്ത് ഗാസയിലേക്ക് നീളുന്ന പൈപ്പുകളിലൂടെ അവയെ പമ്പ് ചെയ്യുന്നു. ഗാസ മുനമ്പിലെ യുദ്ധം ബാധിച്ച പലസ്തീൻ ജനതയ്ക്ക് ദുരിതാശ്വാസ സഹായം നൽകുന്നതിനായി യുഎഇയിലെ യോഗ്യതയുള്ള അധികാരികൾ 'തരാഹൂം - ഫോർ ഗാസ' ക്യാംപെയിൻ നടപ്പിലാക്കി. പ്രധാനമായും കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ തുടങ്ങിയ ദുർബല വിഭാഗങ്ങളെ ലക്ഷ്യം വച്ചാണിത്.

English Summary:

14th Group Of Palastinians Reached UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com