ADVERTISEMENT

ദുബായ്∙ വർഷം 2008. അന്ന് ബെന്യാമിൻ പറഞ്ഞു, നാട്ടിൽ നിന്ന് ബഹ്റൈനിലേക്ക് എഴുത്തുകാരെ കൊണ്ടുവന്ന് 'ആടുജീവിതം' പ്രകാശനം ചെയ്യാനുള്ള പ്രാപ്തി എനിക്കില്ല. അതുകൊണ്ട് ബഹ്റൈനിലേക്ക് വരുമ്പോൾ വിത്സൺ തന്നെ  പ്രകാശനം ചെയ്തുതരണം–മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത നജീബ് എന്ന സാധാരണക്കാരനായ പ്രവാസിയുടെ പൊള്ളുന്ന മരുഭൂകഥ പറയുന്ന ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ പ്രകാശനം ചെയ്ത യുഎഇയിലെ മുൻ  പ്രവാസിയും അറിയപ്പെടുന്ന കവിയുമായ കുഴൂർ വിത്സൺ, വർഷങ്ങൾക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്ത ഇതേപേരിലുള്ള സിനിമ ഇന്ന് റിലീസാകുമ്പോൾ ആ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കിടുന്നു. ദുബായിലെ റേഡിയോ സ്റ്റേഷനുകളിൽ 8 വർഷം വാർത്താ അവതാരകനായി ജോലി ചെയ്ത ഇദ്ദേഹം ആടുജീവിതത്തിന്റെ ആദ്യ വായനക്കാരിലൊരാളുമാണ്.

∙'ആടുജീവിതം'  പിഡിഎഫ് വായന പൂർത്തിയാക്കിയത് അവധിയെടുത്ത് 
മലയാളത്തിൽ ബ്ലോഗിങ് സജീവമായ 2008ലാണ് ഔപചാരികമായി 'ആടജീവിതം' പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്. കവിതയെയും എഴുത്തിനെയും ബ്ലോഗിങ്ങിനെയും സ്നേഹിക്കുന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ മലയാളികളുടെ വായനയിലേക്കുള്ള മടങ്ങിവരവിന് പിന്നീട് എല്ലാവരും സാക്ഷ്യംവഹിച്ചു. അന്ന് ബ്ലോഗിങ് സമ്മാനിച്ച സൗഹൃദങ്ങളിൽ ചിലരാണ് ബെന്യാമിൻ, സനൽകുമാർ ശശിധരൻ, വിഷ്ണുപ്രസാദ് തുടങ്ങിയവർ. എല്ലാ മേഖലകളിൽ നിന്നും അന്ന് സൗഹൃദങ്ങളെ ലഭിച്ചു. ആ ബ്ലോഗിങ് കാലത്തിന്റെ പ്രത്യേകത കക്ഷിരാഷ്ട്രീയത്തിനും ലിംഗ, ജാതി, മത വേർതിരിവുകൾക്കുമപ്പുറം ആളുകൾ ഒരുമിച്ചുകൂടി എന്നതാണ്. 

ബെന്യാമിനും കുഴൂർ വിത്സണും ബഹ്റൈനിൽ. ഫയൽചിത്രം ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ബെന്യാമിനും കുഴൂർ വിത്സണും ബഹ്റൈനിൽ. ഫയൽചിത്രം ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ആണാണോ പെണ്ണാണോ എന്ന് മനസിലാക്കാൻ പറ്റാത്ത വ്യാജ പേരുകളിലൂടെയാണ് പലരും ബ്ലോഗ് ചെയ്തിരുന്നത്. ലാപുട(ടി.പി.വിനോദ്), ഉമ്പാച്ചി(റഫീഖ് തിരുവള്ളൂർ) എന്നിവയൊക്കെ ഉദാഹരണങ്ങൾ. അന്ന് ഏഷ്യാനെറ്റ് റേഡിയോയിൽ മാധ്യമപ്രവർത്തകനായിരുന്നതിനാൽ ബെന്യാമിനെ  ചർച്ചകളിലൊക്കെ കൊണ്ടുവരാൻ സാധിച്ചു. അങ്ങനെയാണ് അദ്ദേഹവുമായുള്ള സൗഹൃദം വളർന്നത്. അങ്ങനെയിരിക്കെ ഒരിക്കൽ വായിച്ച് അഭിപ്രായം അറിയാൻ വേണ്ടി ആടുജീവിതത്തിന്റെ പിഡിഎഫ് ഫയൽ ബെന്യാമിൻ അയച്ചുതന്നു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം തിരക്കുകൾ കാരണം വായിക്കാൻ സാധിച്ചില്ല. പിന്നീട് അദ്ദേഹം ഓർമിപ്പിച്ചപ്പോൾ പ്രിന്‍റ് എടുത്ത് വായിക്കുകയായിരുന്നു. അതു പൂർത്തിയാക്കാതെ താഴെ വയ്ക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അവധിയെടുക്കേണ്ടി വന്നതാണ് തുടർക്കഥ. അതിന് ശേഷം നജീബും ബെന്യാമിനും പങ്കെടുക്കുന്ന റേഡിയോ അഭിമുഖവും ചെയ്യുകയുണ്ടായി. പിന്നീട് 2008 ഓഗസ്റ്റിൽ ബഹ്റൈനിലെ പ്രേരണ എന്ന സാംസ്കാരിക സംഘടന 'ചൊൽക്കാഴ്ച' എന്ന പരിപാടി അവതരിപ്പിക്കാൻ എന്നെ അവിടേക്ക് ക്ഷണിച്ചു. ആ സമയം ബഹ്റൈനിലെ ബ്ലോഗർമാരെല്ലാം കൂടി ബ്ലോഗേഴ്സ് മീറ്റും ആസൂത്രണം ചെയ്തു. അന്നേരമാണ് ആടുജീവിതം പ്രകാശനം ചെയ്യാൻ  ബെന്യാമിൻ എന്നോട് ആവശ്യപ്പെടുന്നത്. ഇത് ഞാൻ ചെയ്യേണ്ട കർമമല്ലെന്നും നാട്ടിൽ നിന്ന് വലിയ എഴുത്തുകാരെ കൊണ്ടുവന്ന് നടത്തേണ്ടതാണെന്നുമായിരുന്നു ഞാൻ നൽകിയ മറുപടി. എനിക്ക് വിത്സണെ ഇഷ്ടമാണ്, ആ കവിതകളും ഇഷ്ടമാണ്. മാത്രമല്ല, ഇപ്പോൾ നാട്ടിൽ നിന്ന് ഒരു എഴുത്തുകാരനെ പണം മുടക്കി കൊണ്ടുവന്ന് പ്രകാശനം ചെയ്യിക്കാനുള്ള പ്രാപ്തിയും ത്രാണിയും എനിക്കില്ലെന്നുമായിരുന്നു ബെന്യാമിന്റെ പ്രതികരണം. 

കുഴൂർ വിത്സൺ ദുബായിൽ റേഡിയോയിൽ ജോലി ചെയ്തിരുന്നപ്പോൾ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
കുഴൂർ വിത്സൺ ദുബായിൽ റേഡിയോയിൽ ജോലി ചെയ്തിരുന്നപ്പോൾ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഒടുവിൽ പ്രകാശനം നടന്നു. മലയാളി സമാജം, കേരളാ സമാജം പോലുള്ള സംഘടനകളുടെ വലിയ ഹാളുകളുണ്ടായിട്ടും ബഹ്റൈനിലെ സൗത്ത് പാർക്ക് എന്ന ഹോട്ടലിന് മുകളിലുള്ള ചെറിയ ഹാളിലായിരുന്നു പ്രകാശനം. നോവലിന്റെ പ്രമേയം തന്റെ ജോലിയെയോ പുസ്തകത്തെയോ ബാധിക്കുമെന്ന് ബെന്യാമിൻ അന്ന് ഭയന്നിരിക്കണം. അതുകൊണ്ടായിരിക്കാം അത്രയും ലളിതമായ ചടങ്ങിൽ എന്നെപ്പോലുള്ള ഒരാളെക്കൊണ്ട് പ്രകാശനം നടത്തിച്ചതെന്ന് കരുതുന്നു. ചടങ്ങിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല എന്ന തോന്നൽ അദ്ദേഹത്തിനുണ്ടായിരിക്കാമെന്നാണ് എന്റെ വിശ്വാസം. എങ്കിലും ഇതിന് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്. അന്ന് രണ്ടുമൂന്ന് ദിവസം ബെന്യാമിനോടൊപ്പം ചെലവഴിച്ചു, യാത്ര ചെയ്തു. കുറേ സുഹൃത്തുക്കളെ കണ്ടു. നജീബ് കൂടെ വന്നു. 'ട്രീ ഓഫ് ലൈഫും' മറ്റു ചില പ്രധാന സ്ഥലങ്ങളും കാണിച്ചുതന്നു. അവിടെ നിന്ന് വാങ്ങിയ പെയിന്‍റിങ് മറന്നുപോയപ്പോൾ ബെന്യാമിനത് പിന്നീട് യുഎഇയിലേക്ക് എത്തിച്ചുതന്നു. പ്രവാസ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കുറച്ച് ദിവസങ്ങളായിരുന്നു അത്. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

നജീബ് മരുഭൂമിയിൽ നിന്ന് രക്ഷപ്പെട്ട ദിവസം ആടുജീവിതം റിലീസായി
എന്നാണോ ആടുജീവിതത്തിലെ കേന്ദ്രകഥാപാത്രമായ നജീബ് ആ മരുക്കാട്ടിലെ മസ്റ(തൊഴുത്ത്)യിൽ നിന്ന് രക്ഷപ്പെട്ടത്, അന്നാണ് ആടുജീവിതം ആദ്യമായി റിലീസായത് എന്നാണ് ഞാൻ കരുതുന്നത്. സൗന്ദര്യപരമായി മാത്രമല്ല, യാഥാർഥ്യവും അതു തന്നെയാണ്. അതിന് ശേഷം അത് പലരിലൂടെയും സഞ്ചരിച്ചു. നജീബ് തന്നെ ആ കഥ വൈകിയാണെങ്കിലും നാട്ടിൽ ചെന്ന് പലരോടും പറഞ്ഞിട്ടുണ്ടാകും. അവർക്കൊന്നും അത് രേഖപ്പെടുത്താനോ റിപ്പോർട്ട് ചെയ്യാനോ തോന്നിയില്ല. പിന്നീട് നജീബ് ഒന്നുകൂടി മരുഭൂമിയിയിലെ ജോലിക്ക് ശ്രമിച്ചുനോക്കാം എന്നുള്ള സാഹസികതയ്ക്ക് തയ്യാറായി എന്നത് തന്നെ ആ ജീവിതമെന്തെന്ന് എന്ന ചോദ്യത്തിനുള്ള വലിയൊരു ഉത്തരമാണ്. ഏതെങ്കിലും ഒരു ദേശത്തെ ആളുകൾ ക്രൂരന്മാർ ആണെന്നുള്ളതല്ല, എല്ലാ ദേശത്തും ക്രൂരന്മാരുണ്ട് എന്നതാണത് കാട്ടിത്തരുന്നത്. ആ പ്രതീക്ഷയാണ് നജീബിനെ കൊണ്ട് ബഹ്റൈനിൽ ജോലിക്ക് പരിശ്രമിപ്പിക്കുന്നത്. 

കുഴൂർ വിത്സൺ ദുബായിൽ റേഡിയോയിൽ ജോലി ചെയ്തിരുന്നപ്പോൾ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
കുഴൂർ വിത്സൺ ദുബായിൽ റേഡിയോയിൽ ജോലി ചെയ്തിരുന്നപ്പോൾ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ആടുജീവിതം വായിക്കുന്നവർക്ക് പോലും അതിൽപ്പറയുന്ന സ്ഥലത്തേയ്ക്ക് പോകാൻ പേടിയുണ്ടാകുമ്പോൾ അതനുഭവിച്ചയാള്‍ വീണ്ടും മരുഭൂനാട്ടിലേക്ക് പോകാനാഗ്രഹിച്ചതിന്റെ കാരണം പ്രാധാന്യമുള്ളതാണ്. അവിടെയാണ് ആടുജീവിതം ആ ദശാസന്ധിയുടെ മുഹൂർത്തം മറികടക്കുന്നത്. എന്നാണോ ആ മസ്റയിൽ നിന്ന് അല്ലെങ്കിൽ മരുഭൂമിയിൽ നിന്ന് നജീബ് രക്ഷപ്പെട്ടത് അന്ന് ആടുജീവിതം റിലീസായി എന്നു പറഞ്ഞത് അതുകൊണ്ടാണ്. നജീബ് ബഹ്റൈനിലേക്ക് വരുന്നത് വലിയൊരു കവിതയായിട്ടാണ് ഞാൻ കാണുന്നത്. പറയാനും എഴുതാനും അതൊക്കെ സുഖമാണെങ്കിലും അതനുഭവിച്ചയാളിന് അത്ര എളുപ്പമായിരിക്കില്ല.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ആടുജീവിതത്തിന്റെ രണ്ടാമത്തെ റിലീസ്
ബഹ്റൈനിലെ സുനിൽ എന്ന സാംസ്കാരിക പ്രവർത്തകനിലൂടെയാണ് രണ്ടാമത് ആടുജീവിതം റിലീസാകുന്നത്. സുനിൽ ഈ കഥ കൂടുതൽ ചോദിച്ചറിയുകയും അദ്ദേഹം അത് തന്നേക്കാൾ മികച്ചൊരാളിലൂടെ വെളിച്ചത്ത് വരണമെന്ന് ആഗ്രഹിക്കുകയും ചെയ്തത് വലിയ കാര്യമാണ്. സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന ധൈര്യശാലിയായ ഒരു എഴുത്തുകാരനാണ് ബെന്യാമിൻ എന്ന് സുനിലിന് ബോധ്യമുള്ളതുകൊണ്ടാണ് ബെന്യാമിന് നജീബിനെ പരിചയപ്പെടുത്തുന്നത്. അറബ് വംശജർ പ്രതിനായക സ്ഥാനത്ത് വരുന്ന ഒരു സംഭവം പുറത്തുകൊണ്ടുവരാൻ ഇവർ മൂന്നു പേരും ധൈര്യം കാണിക്കുകയും ആടുജീവിതം അവിടെ വച്ച് റിലീസാകുകയുമായിരുന്നു–സുനിലിലൂടെയും പിന്നീട് ബെന്യാമിനിലൂടെയും. 

 

wilson-radio2

∙ തീക്ഷ്ണാനുഭവങ്ങൾ പകർത്തുമ്പോൾ സൗന്ദര്യം നോക്കേണ്ടതില്ല
ആടുജീവിതത്തിനെതിരെയുണ്ടായ ചില വിമർശനങ്ങളോട് തനിക്ക് അഭിപ്രായമില്ലെന്ന് വിത്സൺ പറയുന്നു. ഇത്തരത്തിലുള്ള രൂക്ഷവും സവിശേഷവുമായ ഒരു വിഷയം എഴുതുമ്പോൾ പലപ്പോഴും ഭാഷാസൗന്ദര്യം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല. എങ്കിലും ആടുജീവിതത്തിലെ മരുഭൂമി വർണനയൊക്കെ മനോഹരമായ സാഹിത്യമായിട്ടാണ് തോന്നിയത്. നജീബിനെ പോലുള്ള കഠിനമായ ജീവിതാനുഭവമുള്ള ഒരാളിൽ നിന്ന് കഥകൾ കേട്ട് അത് കടലാസിൽ പകർത്തുക എന്നതിന് പിന്നിൽ വലിയ പ്രയത്നമുണ്ട്. നോവലെഴുത്ത് എന്നതിലുപരി കൈവിട്ടുപോകുമായിരുന്ന ഒരു ജീവിതത്തെ രക്ഷപ്പെടുത്തുക എന്ന ദൗത്യം നിറവേറ്റുകയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തത് വലിയ കാര്യം തന്നെ. നോവൽ ഇത്രയുമേറെ വിജയം നേടുമ്പോൾ പുസ്തകം പ്രകാശനം ചെയ്തയാളെന്ന നിലയിലും അതേക്കുറിച്ച് ആദ്യമായി അഭിമുഖം നൽകിയ ആളെന്ന നിലയ്ക്കും ഏറെ സന്തോഷമുണ്ട്. അന്ന് ആ അഭിമുഖം കുറച്ച് സാഹസികമായാണ് ചെയ്തത് എന്നതാണ് അതിന് ഒരു കാരണം.

∙ സിനിമ ഒരു യാത്രയുടെ തുടർച്ച
ആടുജീവിതം പുസ്തകമാകുന്നു,  ഏറെ വായിക്കപ്പെടുന്നു, നജീബിനെ ആളുകൾ തിരിച്ചറിയാൻ തുടങ്ങുന്നു, പാഠപുസ്തകമാകുന്നു, ലോക പുസ്തക മാർക്കറ്റിലെത്തുന്നു അങ്ങനെ ഒത്തിരി ദൗത്യങ്ങൾ നോവൽ നിർവഹിക്കുന്നു. അതുകഴിഞ്ഞ് സിനിമയായി വരുമ്പോൾ സ്ഥിരം വായനമേഖലയിലല്ലാത്ത ആളുകളിലേയ്ക്കും അതെത്തുന്നു. ഇതൊരു ചരിത്ര ദൗത്യമാണ്. കൂടുതൽ നന്മയിലേയ്ക്ക് വേണ്ടിയുള്ള ഒരു യാത്രയുടെ തുടർച്ചയാണ് സിനിമ എന്ന് തന്നെ പറയാം. അതൊരിക്കലും നിലയ്ക്കുകയുമില്ല എന്നും വിശ്വസിക്കുന്നു.

സിനിമയെക്കുറിച്ച് ആധികാരികമായി പറയാനുള്ള പരിജ്ഞാനം എനിക്കില്ല. എങ്കിലും ട്രെയിലറും മറ്റും കണ്ടപ്പോൾ അതൊരു മഹത്തായ സിനിമയായിരിക്കും എന്ന് ഉറപ്പാണ്. നോവൽ വായിക്കുമ്പോൾ നമ്മുടെയുള്ളിൽ രൂപപ്പെടുന്ന ചിത്രത്തെ ഭേദിക്കുക എന്ന വെല്ലുവിളിയാണ് സംവിധായകനുള്ളത്. അതത്രെ എളുപ്പമല്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ അത് ബൃഹത്തായ ഉദ്യമമായിട്ട് തന്നെ കാണേണ്ടി വരും.

∙ ജയിലിൽ വച്ച് രാധാകൃഷ്ണൻ ചോദിച്ചു: ആടുജീവിതം വായിച്ചിട്ടുണ്ടോ
2003ലാണ് ഞാനാദ്യം ഗൾഫിലെത്തുന്നത്. റേഡിയോയിൽ വാർത്താ അവതാകരനോടൊപ്പം ടെലിവിഷൻ ചാനലിനെ പ്രത്യേക പരിപാടിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നതിനാൽ യുഎഇയിലെ ലേബർ ക്യാംപുകളിലും മസ്റകളലും മറ്റും സന്ദർശിക്കാനും ആ ജീവിതങ്ങൾ മനസിലാക്കാനും റിപ്പോർട്ട് ചെയ്യാനും സാധിച്ചിട്ടുണ്ട്. അന്ന് ഇന്നത്തെപ്പോലെയല്ല, കുറേ ദുരിതങ്ങൾ ഇവിടെയൊക്കെയുണ്ടായിരുന്നു. ഇതിലും ഏറെ ദുരിതമാണല്ലോ നജീബ് അനുഭവിച്ചതെന്ന് നോവൽ ആദ്യം വായിച്ചപ്പോൾ മറ്റെല്ലാവരെയും പോലെ എന്നിലും വലിയ ഞെട്ടലുകളുണ്ടാക്കി. അതിന്റെ തുടർച്ചയായി ഒട്ടേറെ സംഭവങ്ങൾ. അത്തരത്തിലൊരു രസകരമായ അനുഭവം പറയാം:

ഒരിക്കൽ എനിക്ക് അജ്മാൻ ജയിലിൽ 42 ദിവസത്തോളം കഴിയേണ്ടി വന്നു. അവിടെ ഞാനെത്തി പത്ത്, പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് രാധാകൃഷ്ണൻ അവിടേക്ക് വരുന്നത്. കൊല്ലത്തുകാരനാണ്. എൻജിനീയറിങ് ബിരുദധാരി. നാട്ടിൽ തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്നു. വീട്ടിൽ അമ്മയും ഭാര്യയും കുഞ്ഞും. കുഴപ്പമില്ലാതെ ജീവിതം പോകുന്നതിനിടയിലാണ് ഒരു അലുമ്‌നി മീറ്റിങ് വന്നത്. അതിൽ പങ്കെടുത്ത ഗൾഫുകാരായ സഹപാഠികൾ അയാളെ പ്രലോഭിപ്പിച്ചു. എങ്ങനെയൊക്കെയോ റാസൽഖൈമയിലെത്തി ഒരു കമ്പനി തുടങ്ങി. കൂടെ മൂന്ന് ജീവനക്കാരും. ബിസിനസ്സ് അറിയാത്ത രാധാകൃഷ്ണന്റെ കമ്പനി പൊട്ടി. ചെക്കുകൾ മടങ്ങി. അങ്ങനെ ഒരു ചെക്ക് കേസിലാണ് അയാൾ എത്തിയിരിക്കുന്നത്. വയ്യാതായ അമ്മയെ കാണാൻ നാട്ടിൽ പോയി മടങ്ങുന്നതിനിടെ എയർപോർട്ടിൽ പൊലീസ് പൊക്കുകയായിരുന്നു.

ഞാനൊരു മാധ്യമപ്രവർത്തകനാണെന്ന സൂചന രാധാകൃഷ്ണന് കിട്ടിയിട്ടുണ്ട്. എന്നാൽ എഴുത്തുകാരനാണെന്നതും ആട് ജീവിതം അതിലെ കഥാപാത്രമായ നജീബിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തതും നജീബിന്റെ ആദ്യഅഭിമുഖം റേഡിയോയിൽ കൊടുത്തതും ഞാനാണെന്നും അയാൾക്കറിയില്ല. ഒരു സന്ധ്യക്ക് രാധാകൃഷ്ണൻ എന്നോട് ചോദിച്ചു:
വിത്സൺ ആടുജീവിതം വായിച്ചിട്ടുണ്ടോ
എന്തേ?
ഒന്നുമില്ല. അതിലെ ചില രംഗങ്ങൾ ഓർമ്മ വരുന്നു.
അയാൾ ആടുജീവിതത്തിലെ ചില ഭാഗങ്ങൾ പറയാൻ തുടങ്ങി. വലിയ താത്പര്യമില്ലാത്ത മട്ടിൽ ഞാനൊഴിഞ്ഞു മാറി. സാഹിത്യത്തിന്റെ ശല്യം പിന്നീടങ്ങനെ അയാളിൽ നിന്നുണ്ടായില്ല. വേറെ ഒരു ദിവസം വന്നു. അന്ന് രാധാകൃഷ്ണൻ എന്റെ അടുത്താണ് ഉറങ്ങാൻ കിടന്നത് . രണ്ട് പേരും മുകളിലേക്ക് നോക്കി കിടക്കുന്നതിനിടയിൽ രാധാകൃഷ്ണൻ വീണ്ടും ആടുജീവിതമെടുത്തിട്ടു. നജീബ് ആടുകൾക്ക് മനുഷ്യരൂപം കൊടുക്കുന്ന ഭാഗമാണ് വർണന. ഇതിവിടെ നിർത്തിയേ തീരൂ എന്ന മട്ടിൽ ഞാൻ പറഞ്ഞു. രാധാകൃഷ്ണന് അറിയുമോ, ആ ആടുജീവിതം ബഹറൈനിൽ വച്ച് നജീബിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തത് ഞാനാണ്.

ആ ചെറിയ ഇരുട്ടിലും അയാളെന്റെ മുഖത്തേക്ക് നോക്കി. എനിക്കെന്താണു പറ്റിയത് എന്നായിരുന്നു ആ നോട്ടത്തിന്റെ അർഥം. ജയിലിൽ കിടന്ന് എന്റെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് രാധാകൃഷ്ണൻ മനസ്സിലാക്കിയിരിക്കുന്നു. വളരെ പാകം വന്ന ഒരു മനോരോഗവിദഗ്ധന്റെ ശബ്ദത്തിൽ രാധാകൃഷ്ണൻ പറഞ്ഞു. വിത്സണ് ഒരു കുഴപ്പവുമില്ല. ഇവിടെ നിന്ന് ഇറങ്ങുന്നതോടെ എല്ലാം ശരിയാകും.

ആടുമാറാട്ടത്തിന് വീണ്ടും അകത്തായില്ലെങ്കിൽ.–ഉള്ളിലെന്തോ എഴുതുമ്പോൾ ഞാനും പറഞ്ഞു.

∙ കവിതകളിലെ മരുഭൂമി
പ്രവാസ ലോകത്തെ കവികളിൽ ഒന്നാംനിരയിൽ സ്ഥാനമുറപ്പിച്ച കവിയായിരന്നു  കൂഴൂർ വിത്സൺ. മരുഭൂമി, അവിടെയുള്ള അതിജീവന വൃക്ഷം ഗാഫ്, ഒട്ടകം തുടങ്ങിയവയൊക്കെ ആ കവിതകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. മനസുകൊണ്ട് യുഎഇയിൽ നിന്ന് തിരിച്ചുവന്നിട്ടില്ലാത്ത, തൃശൂർ മാള സ്വദേശിയായ ഈ കവി എന്നെങ്കിലുമൊരിക്കൽ മ‌ടങ്ങിവന്ന് ഏതെങ്കിലും ഒരു റേഡിയോ സ്റ്റേഷനിൽ ലൈവായി വാർത്ത വായിക്കണമെന്ന ആഗ്രഹവുമായാണ് കഴിയുന്നത്. അതോടൊപ്പം പ്രവാസജീവിതത്തെക്കുറിച്ചുള്ള ബൃഹത്തായ പുസ്തകം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും. ഫോൺ:+91 97443 15990.

English Summary:

Benyamin Aadujeevitham: Novel's first Release and Interview Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com