സൗദിയിൽ നാവികസേനയ്ക്ക് കരുത്തായി പുതിയ പ്രതിരോധ യുദ്ധക്കപ്പൽ
Mail This Article
ജിദ്ദ ∙ സൗദി അറേബ്യയുടെ റോയൽ നാവികസേനയ്ക്ക് കരുത്തായി പുതിയ ബഹുമുഖ പ്രതിരോധ യുദ്ധക്കപ്പൽ ഷിപ്പ് ഹായിൽ (എച്ച്എംഎസ്) എത്തിച്ചേർന്നു. നാവികസേനയ്ക്കു വേണ്ടി സർവാദ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നീറ്റിലിറക്കിയ യുദ്ധകപ്പൽ പടിഞ്ഞാറൻ പ്രവിശ്യയിലെ കിങ്ഫൈസൽ നാവിക താവളത്തിലെത്തി. സർവാത് പദ്ധതിയിൽ ഉൾപ്പെട്ട മൂന്നാമത്തെ യുദ്ധക്കപ്പലാണ് സ്പെയിനിലെ നിർമ്മാണശാലയിൽ നിന്നും എത്തിച്ചേർന്നത്.
നാവികസേന തലവൻ ലഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽ ഗൊഫൈലിയുടെ നേതൃത്വത്തിൽ കപ്പലിനെ ഒദ്യോഗീകമായി സ്വീകരിച്ചു. തുടർന്ന് ഉന്നത നാവികഉദ്യോഗസ്ഥർ കപ്പലിനുള്ളിൽ സന്ദർശിച്ച് ആധുനിക ഉപകരണങ്ങളും പുതിയ സാങ്കേതിക വിദ്യകളും പരിശോധിച്ചു. പൂർത്തീകരിച്ച കപ്പലിൽ പരിശീലനം നേടിയ ക്യാപ്റ്റനേയും സേനാംഗങ്ങളെയും നാവികസേനാ തലവൻ അഭിനന്ദിച്ചു. സർവ്വവിധ അത്യന്താധുനിക സജ്ജീകരണങ്ങളോടു കൂടിയ അഞ്ച് യുദ്ധകപ്പലുകളാണ് സർവാത് പദ്ധതിയിൽ സ്പെയിനിൽ നിർമ്മിക്കുന്നത്.