ബഹ്‌റൈനിലെ സിനിമാപ്രേമികളുടെ ആശങ്കയ്ക്ക് വിരാമം; 'ആടുജീവിതം' തീയറ്ററുകളിലേക്ക്, ബുക്കിങ് പ്രവാഹം
Mail This Article
മനാമ ∙ ബഹ്‌റൈനിലെ സിനിമാപ്രേമികളുടെ ഏറെ ദിവസത്തെ ആശങ്കയ്ക്ക് വിരാമമായി. ബഹ്‌റൈനിൽ ആട് ജീവിതം ഏപ്രിൽ 3 മുതൽ പ്രദർശപ്പിക്കാൻ അനുമതി ലഭിച്ചു. ബഹ്റൈനുമായി ഏറെ ബന്ധമുള്ള ചിത്രം ആയതു കൊണ്ട് തന്നെ രാജ്യത്ത് ചിത്രം റിലീസ് ആകാത്തതിനാൽ ആശങ്കയിലായിരുന്നു ബഹ്‌റൈൻ പ്രവാസികൾ. മുൻ ബഹ്‌റൈൻ പ്രവാസിയാണ് രചയിതാവ് ബെന്യാമിൻ എന്നതും കഥാപാത്രമായ നജീബ് ഏറെക്കാലം ബഹ്‌റൈനിൽ ആയിരുന്നു എന്നത് കൊണ്ടും നിരവധി സുഹൃത് വലയമാണ് ബഹ്‌റൈനിൽ ഉള്ളത്.
ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശന അനുമതി നൽകിയിരുന്ന ചിത്രം ഏപ്രിൽ 3 മുതൽ ബഹ്‌റൈനിലെ തീയറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ബഹ്‌റൈനിലെ തീയറ്റർ മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്. അറിയിപ്പ് വന്നതോടെ ആദ്യ ഷോയ്ക്ക് തന്നെ എല്ലാ തീയറ്ററുകളിലും വലിയ തോതിലുള്ള ബുക്കിങ് ആണ് നടന്നിട്ടുള്ളത്. ആടുജീവിതം ബഹ്‌റൈനിൽ പ്രദർശനാനുമതി ലഭിച്ചു എന്നുള്ള വാർത്ത പുറത്തു വന്നതോടെ ഓൺലൈനിലും നേരിട്ടും അന്വേഷണ പ്രവാഹമായിരുന്നു. പൃഥ്വിരാജ് ഹോളിവുഡ് നടനും നിർമ്മാതാവുമായ ജിമ്മി ജീൻ-ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്ക് അബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.