'അവനിത് ചെയ്യുമെന്ന് വിശ്വസിക്കാൻ വയ്യ'; ബിസിനസ് തകർന്നാൽ മരണമോ പ്രതിവിധി, ഇവരെന്തിന് ഇങ്ങനെ ചെയ്യുന്നു?
Mail This Article
ഷാർജ ∙ ഇവരെന്തിനാണ് സ്വയം മരണത്തെ പുൽകാൻ ഇത്രമാത്രം വെമ്പൽക്കൊള്ളുന്നത്?–യുഎഇയിലെ മലയാളി സമൂഹത്തിനിടയിൽ ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമാണിത്. കുടുംബാംഗങ്ങൾക്ക് പോലും കൃത്യമായി അറിയാത്ത കാരണങ്ങളാൽ ജീവിതത്തിന് സ്വയം വിരാമമിടുന്ന യുഎഇയിലെ മലയാളി ബിസിനസുകാരുടെ പട്ടികയിൽ ഒരാള്‍ക്കൂടി കഴിഞ്ഞ ദിവസം ചേർന്നതോടെ ഈ ചോദ്യം വീണ്ടും പ്രസക്തമാകുന്നു. അബുദാബിയിൽ റസ്റ്ററന്റ് – ഹൈപ്പർമാർക്കറ്റ് നടത്തിയിരുന്ന കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി സുൽഫാഉൽ ഹഖ് റിയാസാണ് (54) ഏറ്റവുമൊടുവിൽ മരിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞദിവസം അബുദാബി നഗരത്തിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
∙ ബിസിനസ് തകർന്നാൽ മരണമാണോ പ്രതിവിധി?
യുഎഇയിൽ മലയാളി ബിസിനസുകാരിൽ മിക്കവരും ജീവനൊടുക്കിയിട്ടുള്ളത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാത്തതുകൊണ്ടാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ പ്രമുഖ വ്യവസായി വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കല്‍ (54) ആണ് ഈ നിരയിൽ ആദ്യം മരണത്തിലേയ്ക്ക് എടുത്തുചാടിയത്. 2020 ഏപ്രിൽ 23ന് ദുബായില്‍ തന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽ നിന്ന് ഇദ്ദേഹം ചാടി മരിക്കുകയായിരുന്നു. ഇത് യുഎഇയിലെ മാത്രമല്ല, ഗൾഫിലെ തന്നെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയ മരണമായിരുന്നു ഇത്. ഓയിൽ ബിസിനസ് രംഗത്തും മറ്റും ഉയരങ്ങളിൽ വിരാജിച്ചിരുന്ന ജോയിയെ പോലുള്ള ഒരു ബിസിനസുകാരന്‍റെ സംഭവബഹുലമായ ജീവിതത്തിന് ഇത്തരത്തിലൊരു അവസാനമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ആർക്കും വിശ്വസിക്കാനേ കഴിഞ്ഞില്ല. ബിസിനസ് തകർച്ചയായിരുന്നു ഇദ്ദേഹത്തിന്റെ മരണ കാരണമെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയും ചെയ്തു.
ജോയ് അറയ്ക്കൽ മരിച്ചപ്പോൾ, എന്തിനാണ് അദ്ദേഹം ഇത്തരമൊരു ബുദ്ധിമോശം കാണിച്ചു എന്ന് ചോദിച്ചിരുന്ന മലയാളി ബിസിനസുകാരൻ കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിത് (55) അധികനാളുകൾ വൈകാതെ, 2020 ജൂൺ 22ന് ഷാർജയിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ദുബായ് മെഡോസിലെ വില്ലയിൽ താമസിച്ചിരുന്ന അജിതിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വയം ചാടി ജീവിതം അവസാനിപ്പിച്ചതാണെന്ന് ഷാർജ പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.
ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒരു ബിസിനസുകാരൻ മാനസിക കരുത്ത് നേടണം എന്ന് ജോയ് അറയ്ക്കലിന്റെ മരണത്തെത്തുടർന്ന് സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്ന അജിതിന് മറ്റ് പല ബിസിനസുകാരെയും പോലെ കോവിഡ് പശ്ചാത്തലത്തിൽ ചില മാനസിക സമ്മർദങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ഒരിക്കലും വലിയൊരു സാമ്പത്തിക പ്രശ്നം മൂലമുള്ളതാണെന്ന് തോന്നിയിരുന്നുമില്ല. കോവിഡിന്റെ ആശങ്കകൾക്കിടയിൽ നിന്നുവന്ന ഈ വാർത്തയും പലരെയും ഏറെ അസ്വസ്ഥരാക്കി. ഏറ്റവുമൊടുവിൽ എന്താണ് കാരണമെന്ന് വ്യക്തമാക്കാതെ, ഭാര്യയെയും രണ്ട് മക്കളെയും ഈ ലോകത്ത് തനിച്ചാക്കി റിയാസും വിടപറഞ്ഞിരിക്കുന്നു.
∙ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധാലു; അവനിത് ചെയ്യുമെന്ന് വിശ്വസിക്കാൻ വയ്യ
ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധാലുവായ റിയാസ് ഇത്തരമൊരു അബദ്ധം കാണിക്കുമെന്ന് ഒരിക്കലും വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ദുബായിൽ അഭിഭാഷകനുമായ ഹാഷിക് പറയുന്നു. കുറച്ച് ദിവസം മുൻപ് കണ്ടപ്പോഴും ആരോഗ്യകാര്യത്തിൽ തന്റെ താത്പര്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. എൽഎൽബി പഠനം പൂർത്തിയാക്കിയ ശേഷം ഒരേകാലത്താണ് ഞങ്ങൾ കണ്ണൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നത്. പിന്നീട് റിയാസും കണ്ണൂരിൽ തന്നെ അഭിഭാഷകയായിരുന്ന ഭാര്യ ഷീബയും യുഎഇയിലേയ്ക്ക് പറന്നു. എപ്പോഴും ഊർജസ്വലനായി കണ്ടിരുന്ന റിയാസ് അബുദാബിയിൽ റസ്റ്ററന്റും ഹൈപ്പർമാർക്കറ്റും വിജയകരമായി നടത്തിവരികയായിരുന്നു.
∙ കടുത്ത മെസ്സി ആരാധകൻ; ലോക കപ്പ് ജയിച്ചപ്പോൾ ബിരിയാണി വിതരണം
അര്‍ജൻ്റീന ഫുട്ബോൾ ടീമിന്റെ കടുത്ത ആരാധകനായ റിയാസിന് മെസ്സി എന്ന് പറഞ്ഞാൽ ജീവനായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ അർജൻ്റീന മുത്തമിട്ടപ്പോള്‍ റിയാസ് തന്റെ റസ്റ്ററൻ്റിൽ ബിരിയാണിയുണ്ടാക്കി ആളുകൾക്ക് നൽകിയാണ് വിജയം ആഘോഷിച്ചത്.
∙ കൗൺസിലിങ്: ഇന്ത്യൻ അധികൃതരും ബിസിനസ് കൂട്ടായ്മകളും ശ്രമിക്കണം
എന്തുകൊണ്ടാണ് യുഎഇയിലെ മലയാളി ബിസിനസുകാർ, പ്രത്യേകിച്ച് ചെറുപ്പക്കാർ യാതൊരു പുനർചിന്തനവും നടത്താതെ മരണത്തിലേയ്ക്ക് എടുത്തു ചാടുന്നു? ഇക്കാര്യം ചിന്തിക്കാനോ, ചര്‍ച്ച ചെയ്യാനോ, കൗൺസലിങ് നൽകാനോ യുഎഇയിലെ ഇന്ത്യൻ എംബസിയോ, കോൺസുലേറ്റോ, സന്നദ്ധ സംഘടകനകളോ മുന്നോട്ടുവന്നിരുന്നില്ല. ബിസിനസുകാർക്കിടയിൽ തുറന്ന സൗഹൃദവും ദുബായിലെ ഐപിഎ പോലുള്ള കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരും പ്രശ്നപരിഹാരത്തിനുള്ള വഴികൾ അന്വേഷിക്കുന്നില്ല. ഇനിയെങ്കിലും ഇതിനായി ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് സമൂഹം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)