ദുബായ് എമിഗ്രേഷൻ തലവന് വതനി അൽ ഇമാറാത്ത് അവാർഡ്
Mail This Article
ദുബായ് ∙ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഭിമുഖ്യത്തിലുള്ള 2024ലെ മാനുഷിക പ്രവർത്തനത്തിനുള്ള വതനി അൽ ഇമാറാത്ത് അവാർഡ് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിക്ക് സമ്മാനിച്ചു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷൻ) ഡയറക്ടർ ജനറലായ അൽ മർറിക്ക് 'അസാധാരണമായ കാൽപ്പാട്' എന്ന വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ഷെയ്ഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു അവാർഡ് ദാന ചടങ്ങ്.
2024ലെ സായിദ് ഹ്യൂമാനിറ്റേറിയൻ വർക്ക് ഡേയുടെ 11-ാമത് സെഷനോട് അനുബന്ധിച്ച് വതനി അൽ ഇമാറാത്ത് ഫൗണ്ടേഷൻ നൽകുന്ന ഈ പുരസ്‌കാരം ദേശീയ അഭിമാനം, സാംസ്കാരിക പൈതൃകം, മാനുഷിക ധാർമികത എന്നിവയിൽ വേരൂന്നിയ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയാണ് ആദരിച്ചത്. അവാർഡ് ലഭിച്ചതിൽ നന്ദി പറഞ്ഞ അൽ മർറി രാജ്യത്തിന്റെ സ്വത്വം രൂപപ്പെടുത്തുന്നതിൽ എമിറാത്തി മൂല്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.