ഒട്ടേറെ ഇന്ത്യക്കാരെ കോടിപതിമാരാക്കിയ ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് താത്കാലികമായി നിർത്തി
Mail This Article
അബുദാബി ∙ ഒട്ടേറെ ഇന്ത്യക്കാരെ കോടിപതിമാരാക്കിയ ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് ഇന്ന് (ഏപ്രിൽ 1) മുതൽ താത്കാലികമായി നിർത്തിവച്ചു. യുഎഇ റെഗുലേറ്ററി ഗെയിമിങ് നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തനം താൽക്കാലികമായി നിർത്തുന്നുവെന്ന് അബുദാബി ആസ്ഥാനമായുള്ള റാഫിൾ നറുക്കെടുപ്പ് അധികൃതർ പ്രഖ്യാപിച്ചു.
എങ്കിലും സീരീസ് 262-ന്റെ ഷെഡ്യൂൾ ചെയ്ത തത്സമയ നറുക്കെടുപ്പ് ഈ മാസം 3-ന് നടക്കും. 10 ദശലക്ഷം ദിർഹത്തിന്റെ "ഗാരൻറി ഗ്രാൻഡ് പ്രൈസ്" ഉൾപ്പെടെ അതിന്റെ എല്ലാ സമ്മാനങ്ങളും നൽകും. മേയ് 3-ന് നടക്കേണ്ട മസെരാട്ടി ഗിബ്ലി, റേഞ്ച് റോവർ ഇവോക്ക് ഡ്രീം കാർ നറുക്കെടുപ്പുകളും ഉണ്ടാകും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എല്ലാ മാസവും 3-നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. അതിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ബിഗ് ടിക്കറ്റ് കഴിഞ്ഞ വർഷം ആകെ 2,46,297,071 ദിർഹം സമ്മാനം നൽകി. 19 സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് 15 ദശലക്ഷം ദിർഹം സമ്മാനം ലഭിച്ച ദുബായിലെ മലയാളി പ്രവാസി മുഹമ്മദ് ഷെരീഫാണ് ഏറ്റവും പുതിയ വിജയി. ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം വിജയികളായത് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. ഇതുവഴി ലഭിച്ച കോടികളിലൂടെ ഒട്ടേറെ പേർ മികച്ച ജീവിതം കണ്ടെത്തി. നറുക്കെടുപ്പ് നിർത്തിവയ്ക്കുന്നതിലൂടെ വലിയ നഷ്ടമുണ്ടാകുന്നതും ഇന്ത്യക്കാർക്ക് തന്നെയായിരിക്കും.
∙ നിർത്തിയവയ്ക്കുന്ന മൂന്നാമത്തെ പ്രധാന നറുക്കെടുപ്പ്
യുഎഇ അധികൃതരുടെ നിർദേശപ്രകാരം പ്രവർത്തനം അവസാനിപ്പിച്ച മൂന്നാമത്തെ പ്രധാന റാഫിൾ ഡ്രോ ഓപറേറ്ററാണ് ബിഗ് ടിക്കറ്റ്. ഈ വർഷം ജനുവരി 1 മുതൽ ദുബായ് ആസ്ഥാനമായുള്ള മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും പ്രവർത്തനങ്ങൾ നിർത്തിയിരുന്നു. ഗെയിമുകൾ എന്നാണ് പുനരാരംഭിക്കുകയെന്നുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. സാമൂഹിക ഉത്തരവാദിത്തമുള്ള ഗെയിമിങ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്ഥാപിതമായ ഫെഡറൽ ബോഡിയായ യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് താൽക്കാലികമായി നിർത്തുന്നതെന്ന് രണ്ട് ഓപറേറ്റർമാരും പറഞ്ഞു. നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ലൈസൻസിങ് കൈകാര്യം ചെയ്യുന്നതിനും "വാണിജ്യ ഗെയിമിംഗിന്റെ സാമ്പത്തിക സാധ്യതകൾ ഉത്തരവാദിത്തത്തോടെ അൺലോക്ക് ചെയ്യുന്നതിനും ജിസിജിആർഎ ഉത്തരവാദിയാണ്. ഉപയോക്താക്കൾ നൽകിയ പിന്തുണക്ക് ബിഗ് ടിക്കറ്റ് അധികൃതർ നന്ദി പറഞ്ഞു. റെഗുലേറ്ററി പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനാൽ യഥാസമയം ഔദ്യോഗിക ചാനലുകളിലൂടെ ഇതുസംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറുമെന്നും അറിയിച്ചു. പ്രവർത്തനങ്ങളിലേക്കുള്ള പെട്ടെന്നുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.
വിവരങ്ങൾക്ക്: +971022019244, help@bigticket.ae.