ഹൃദയം നിറച്ചൊരു ഇഫ്താര് വിരുന്ന്
Mail This Article
മസ്‌കത്ത് ∙ പകിട്ടാർന്ന ജീവിതത്തിനിടയിൽ ചില തുരുത്തുകൾ നമുക്ക് ഏറെ സംതൃപ്തിയും സന്തോഷവും അതോടൊപ്പം ദുഃഖത്തിന്റെ ചീന്തും നൽകും. വിവിധ തരം വെല്ലുവിളികൾക്കിടയിലും വ്യത്യസ്ത ശേഷികളോടെ ആളുകൾക്ക് എപ്പോഴും സന്തോഷത്തിന്റെയും ചിരിയുടെയും മുഖം നൽകുന്ന കുട്ടികൾ നമുക്ക് ചുറ്റിലുമുണ്ട്. പൊതുവെ ഭിന്നശേഷിക്കാർ എന്നറിയപ്പെടുന്ന ഇവർ പലവിധ കഴിവുകളുള്ളവരാണ്. അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുമ്പോൾ അവർ മുഖ്യധാരയിലെത്തുക മാത്രമല്ല, സമൂഹത്തിന് പലവിധ പ്രയോജനങ്ങളുണ്ടാകുകയും ചെയ്യും. സമൂഹത്തിനൊപ്പം ചേരാൻ അവർ അതിയായി ആഗ്രഹിക്കുന്നുണ്ട്. അവരെ കൂടി ഉൾക്കൊള്ളുന്ന തരത്തിലുള്ള നിർമാണ രീതികൾ അവലംബിക്കുമ്പോഴും കൂട്ടായ്മകളിൽ ഉൾപ്പെടുത്തുന്നത് അപൂർവമായിരിക്കും. എന്നാൽ, മസ്‌കത്ത് കെയർ ആൻഡ് സ്‌പെഷ്യൽ എജുക്കേഷനിൽ കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ വിരുന്ന് ഇതിനെയെല്ലാം പൊളിച്ചെഴുതുകയാണ്. ആദ്യമധ്യാന്ത്യം ഭിന്നശേഷി കുട്ടികളുടെ സ്വന്തം ഇഫ്താറായിരുന്നു അത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് അംഗവും ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് എം ഡിയുമായ അബ്ദുൽ ലത്വീഫ് ഉപ്പള ഒരുക്കിയ ഇഫ്താറിൽ സ്ഥാപനത്തിലെ 125ഓളം കുട്ടികളും അവരുടെ കുടുംബങ്ങളും സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കുട്ടികൾ തയ്യാറാക്കിയ സവിശേഷ ഉപഹാരങ്ങൾ വിശിഷ്ടാതിഥികൾക്ക് സമ്മാനിച്ചു. സമ്മാനം നിർമിക്കുന്ന ഘട്ടത്തിൽ അവർ അനുഭവിച്ച പ്രയാസങ്ങളും വിഷമങ്ങളും അലിഞ്ഞില്ലാതാകുന്ന നിമിഷമായിരുന്നു അവ സമ്മാനിക്കുമ്പോഴുണ്ടായിരുന്നത്. തങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെട്ടുവെന്ന അഭിമാനബോധം അവരുടെ മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാമായിരുന്നുവെന്നും കേവലമൊരു ഉപഹാരമല്ല തങ്ങൾക്ക് ലഭിച്ചതെന്നും അബ്ദുൽ ലത്വീഫ് ഉപ്പള പറഞ്ഞു.
കുട്ടികൾ സവിശേഷമായ രീതിയിൽ കലാപരിപാടികളും അവതരിപ്പിച്ചു. പരിപാടികളെ സദസ്യർ നിറഞ്ഞ കൈയടികളോടെ പ്രോത്സാഹിപ്പിച്ചു. എല്ലാ കുട്ടികൾക്കും അബ്ദുൽ ലത്തീഫ് ഉപ്പള സ്‌നേഹ സമ്മാനങ്ങൾ കൈമാറി. ഇന്ത്യൻ സോഷ്യൽ ക്ലബ്, ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ സന്നിഹിതിരായിരുന്നു. പുണ്യ റമസാനിലെ സംതൃപ്തമായ ഇഫ്താറിൽ പങ്കെടുത്ത നിർവൃതിയോടെയാണ് അതിഥികൾ മടങ്ങിയത്. തങ്ങളുടെ ലോകത്ത് മറ്റുള്ളവരും കുറച്ചുസമയം ചിലവഴിച്ചതിന്റെ സന്തോഷമായിരുന്നു കുട്ടികൾക്ക്. ഉൾക്കൊള്ളലിന്റെ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചതിന്റെ അഭിമാനമായിരുന്നു മസ്‌കത്ത് കെയർ ആൻഡ് സ്‌പെഷ്യൽ എജുക്കേഷൻ സ്ഥാപനത്തിന്.