'ആടുജീവിതം' തേടി മരുഭൂമിയിൽ; മസറകൾക്ക് ഒപ്പം തൊഴിലാളികൾക്ക് എസിയുള്ള ബഹുനിലകെട്ടിടങ്ങൾ, ഹൈടെക് കാഴ്ചകൾ
Mail This Article
അബുദാബി ∙ ആടുജീവിതം തേടി മരുഭൂമിയിൽ എത്തിയപ്പോൾ കണ്ടത് പരിവർത്തനത്തിന്റെ പുത്തൻ അധ്യായങ്ങൾ. പണ്ട് മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും താമസിപ്പിക്കുന്ന മസറകൾ മാത്രം കണ്ടിരുന്ന സ്ഥലത്ത് ഇന്ന് തൊഴിലാളികൾക്കു താമസിക്കാനായി ബഹുനില കെട്ടിടങ്ങൾ, എ.സി, ശുചിമുറി തുടങ്ങി മെച്ചപ്പെട്ട സൗകര്യങ്ങൾ. ടാർ ചെയ്ത റോഡുകൾ. ഭൂരിഭാഗം പേരുടെയും കൈകളിൽ മൊബൈൽ. ബെന്യാമിന്റെ ആടുജീവിതത്തിലെയും ബ്ലെസിയുടെ സിനിമയിലെയും പശ്ചാത്തലമെല്ലാം പുതിയ കാലത്തെ വികസനത്തിലൂടെ ഇല്ലാതായി. ഹൈടെക് വിപ്ലവം മരുഭൂമിയിലും എത്തിയതോടെ ഇടയന്മാരും ആവേശത്തിൽ.
മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയന്മാർക്ക് കലാസാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയ റമസാൻ കിറ്റുകൾ വിതരണം ചെയ്യാനെത്തിയപ്പോൾ കണ്ട കാഴ്ച ഇതായിരുന്നു. അബുദാബി നഗരത്തിൽനിന്നും 80 കിലോമീറ്റർ അകലെ അൽഖാതിം മരുഭൂമിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഭക്ഷ്യോൽപന്നങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.
5 വർഷത്തിനിടെ മരുഭൂമിയിൽ വന്ന മാറ്റങ്ങൾ അവിസ്മരണീയം. പണ്ട് മരുഭൂമിയിൽ കിലോമീറ്ററുകൾ നടന്നുവേണം മറ്റൊരു ഇടയനെ കണ്ടുമുട്ടാൻ. ഇപ്പോൾ വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഏവരും. ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയുമായുള്ള വാഹനങ്ങൾ മാത്രമായിരുന്നു ഇവിടേക്ക് എത്തിയിരുന്നത്. ഇന്ന് അതല്ല സ്ഥിതി. തൊഴിലാളികൾക്കിടയിൽ തന്നെ കാറും പിക്കപ്പും ക്വാഡ് ബൈക്കും ഉള്ളവരുണ്ട്.
പുതിയ കാലത്തെ മാറ്റങ്ങൾ തൊഴിലാളികളുടെ ജീവിതത്തെയും മാറ്റിമറിച്ചിരിക്കുന്നു. എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്. ഫോണിൽ വിളിച്ചും വിഡിയോ കോളിൽ കണ്ടു സംസാരിച്ചും വീട്ടുകാരുമായുള്ള നിരന്തര സമ്പർക്കംമൂലം ഒറ്റപ്പെടൽ അനുഭവപ്പെടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
റമസാനിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യാനായി ആരെങ്കിലും മരുഭൂമിയിൽ എത്തിയാൽ പരിസരത്തുള്ള എല്ലാവരെയും ഫോണിൽ വിളിച്ചറിയിച്ച് സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മഹനീയ മാതൃക കാട്ടിത്തരുന്നു ഈ മരുഭൂവാസികൾ.
അരി, ആട്ട, പഞ്ചസാര, പാചക എണ്ണ, മസാലപ്പൊടികൾ, പരിപ്പ്, പയർ, മക്രോണി, ഓട്സ് തുടങ്ങി ഒരാൾക്ക് എതാണ്ട് ഒരു മാസത്തേക്കുള്ള ഉൽപന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇവർക്കു വിതരണം ചെയ്തത്.
നോമ്പു തുറക്കാനും മറ്റും തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ അർബാബ് (സ്പോൺസർ) എത്തിക്കാറുണ്ടെന്നു 20 വർഷമായി ഇവിടെ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി മീരാ സെൻ പറഞ്ഞു. മരുഭൂ ജീവിതത്തിൽ സംതൃപ്തരായതുകൊണ്ടാണ് ഇത്രയും വർഷം ഇവിടെ തുടർന്നതെന്നും ഇദ്ദേഹം പറഞ്ഞു. നിങ്ങളുടെ വലിയ മനസ്സിന് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിച്ചു.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, സുഡാൻ, സോമാലിയ, നൈജീരിയ തുടങ്ങി വിവിധ രാജ്യക്കാരുണ്ടെന്നും സന്തോഷത്തോടെയാണ് ജീവിതം നയിക്കുന്നതെന്നും ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ത്വയ്യിബ് പറഞ്ഞു.
നൊസ്റ്റാൾജിയ പ്രസിഡന്റ് നാസർ സെയ്ദ്, ജനറൽ സെക്രട്ടറി ശ്രീഹരി, രക്ഷാധികാരികളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, ട്രഷറർ അൻഷാദ്, വൈസ് പ്രസിഡന്റ് അനീഷ് മോൻ, സമാജം വൈസ് പ്രസിഡന്റ് രെഖിൻ സോമൻ, സാജൻ, സജിത്, ഷാജി, അജയ്, സുധീർ, സെൽവരാജ്, വനിതാ അംഗങ്ങൾ തുടങ്ങിയവർ കാരുണ്യ പ്രവർത്തികളിൽ പങ്കാളികളായി.