രണ്ടര പതിറ്റാണ്ടായി നാട്ടിൽ പോകാതിരുന്ന ഇന്ത്യക്കാരി ഒടുവിൽ നാട്ടിലേക്ക് തിരിച്ചു
Mail This Article
റിയാദ് ∙ രണ്ടര പതിറ്റാണ്ടായി നാട്ടിൽ പോകാതിരുന്ന ഇന്ത്യക്കാരി ഒടുവിൽ എംബസിയുടെ സഹായത്താൽ നാട്ടിലേക്ക് തിരിച്ചു. രണ്ട് വ്യാഴവട്ടക്കാലം സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരിക്ക് സുരക്ഷിതമായി നാട്ടിലെത്താൻ സഹായം നൽകി റിയാദ് ഇന്ത്യൻ എംബസി. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് മടക്കയാത്രയ്ക്ക് രേഖകൾ ശരിയാക്കിയതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അടുത്തിടെയാണ് ഇന്ത്യക്കാരി നാട്ടിലേക്ക് പോകുന്നതിന് എംബസിയുടെ സഹായം തേടിയത്. സൗദി അധികൃതരുടെ സഹായത്തോടെയാണ് രേഖകൾ ശരിയാക്കി എക്സിറ്റ് വീസ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചതെന്ന് എംബസി അറിയിച്ചു. എംബസി ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കുമൊപ്പം വീൽചെയറിൽ ഇരിക്കുന്ന ഇന്ത്യക്കാരിയുടെ ചിത്രവും എംബസി പങ്കുവച്ചു.
തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന അഞ്ച് ഇന്ത്യൻ വനിതാ തൊഴിലാളികൾ ഈ മാസം 10ന് എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.