കോപ് 28: പങ്കെടുത്തവർക്കായി 10 കണ്ടൽ വീതം നട്ടുപിടിപ്പിച്ചു
Mail This Article
അബുദാബി/ദുബായ് ∙ യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്28) പങ്കെടുത്തവർക്കുവേണ്ടി അബുദാബിയിൽ 10 കണ്ടൽ ചെടികൾ വീതം നട്ടുപിടിപ്പിച്ചു. അബുദാബി തീരത്ത് മൊത്തം 8.5 ലക്ഷം ചെടികൾ നട്ടുപിടിപ്പിച്ചതായി പരിസ്ഥിതി ഏജൻസി അറിയിച്ചു. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്‌സ്‌പോ സിറ്റിയിൽ നടന്ന ഉച്ചകോടിയിൽ ആഗോള തലത്തിലുള്ള 80,000 പേരാണ് പങ്കെടുത്തത്.
അബുദാബിയിലെ മറാവ മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ദ്വീപ് എന്നിവിടങ്ങളിലായാണ് ഇത്രയും കണ്ടൽ നട്ടത്. ഇതിലൂടെ പ്രതിവർഷം 170 ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യാൻ സഹായിക്കും.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ നിർദേശപ്രകാരം 1970ലാണ് കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പദ്ധതികളെന്ന് അബുദാബി (ഇഎഡി) പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ഷെയ്ഖ സാലം അൽ ദാഹിരി പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉൽപാദനക്ഷമതയുള്ള തീരദേശ ആവാസ വ്യവസ്ഥകളിൽ ഒന്നാണ് കണ്ടൽക്കാടുകൾ. ഇവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യ ഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. ആമസോൺ വനങ്ങളിലെ മരങ്ങളെക്കാൾ നാലിരട്ടി കാർബൺ ആഗിരണം ചെയ്യാൻ കണ്ടൽക്കാടുകൾക്ക് കഴിയുമെന്നും അൽ ദാഹിരി കൂട്ടിച്ചേർത്തു. 2030ഓടെ 10 കോടി കണ്ടൽ ചെടികൾ നടാനാണ് യുഎഇയുടെ പദ്ധതി. ഇത് രാജ്യത്തിന്റെ നെറ്റ് സീറോ 2050 പദ്ധതിക്ക് ആക്കം കൂട്ടും.