ADVERTISEMENT

ദുബായ് ∙ ബിസിനസ് പങ്കാളിയുടെ വഞ്ചന കാരണം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ആത്മഹത്യയുടെ വക്കോളമെത്തിയ പ്രവാസി ഇന്ന് യുഎഇയിലെയും നാട്ടിലെയും ഒട്ടേറെ  ജീവിതങ്ങൾക്ക് തണൽമരം. അറബിവീട്ടിലെ ഡ്രൈവർ ജോലിക്കിടയിലും സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന മലപ്പുറം തിരൂർ തലക്കടത്തൂര്‍ സ്വദേശി ജാഫർ മണ്ടകത്തിങ്ങലാണ് അൽ ഖവാനീജ് ഏരിയയിലെ സാധാരണക്കാരുടെ ജീവതത്തിൽ കാരുണ്യത്തിന്‍റെ തിരിതെളിയിക്കുന്നത്. റമസാനിൽ  തൊഴിലാളികൾ,പ്രത്യേകിച്ച് ചെറുകിട ജോലി ചെയ്യുന്നവര്‍, പ്രയാസമനുഭവിക്കുന്നവർ തുടങ്ങിയവർക്ക് ദൈനംദിനാവശ്യങ്ങൾക്കുള്ള പലചരക്കുസാധനങ്ങളും നോമ്പുറ വിഭവങ്ങളുമെത്തിക്കാൻ ഇദ്ദേഹം എല്ലാ ദിവസവും സമയം കണ്ടത്തുന്നു. ഇതിന് തുണയായി ജോലി ചെയ്യുന്ന വീടിന്‍റെ ഉടമയുമുണ്ട്. വർഷങ്ങളായി തുടരുന്ന ഈ കാരുണ്യപ്രവർത്തനത്തിന് തിരക്കിട്ട ജോലിക്കിടയിലും എങ്ങനെ സമയം കണ്ടെത്തുന്നു എന്ന ചോദ്യത്തിന് ജാഫറിന് ഒരുത്തരമേയുള്ളൂ: മനസുവച്ചാൽ നടക്കാത്തതായി ഈ ലോകത്തൊന്നുമില്ല.

ജാഫർ മണ്ടകത്തിങ്ങല്‍ അൽ ഖവാനീജിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ
ജാഫർ മണ്ടകത്തിങ്ങല്‍ അൽ ഖവാനീജിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ

∙ കിണറ്റിൽ വീണ കുട്ടിക്ക് കൈത്താങ്ങായി തുടക്കം
നാട്ടിൽ പ്ലസ് ടുവിന് പഠിക്കുന്ന കാലത്ത് ഒഴിവു സമയങ്ങളിൽ ജാഫർ ബന്ധുവിന്‍റെ കടയിൽ സഹായത്തിന് നിൽക്കുമായിരുന്നു. ഒരിക്കൽ കടയ്ക്ക് സമീപമുള്ള വീട്ടുകിണറ്റിൽ ഒരു കുട്ടി അബദ്ധത്തിൽ വീണു. കുട്ടിയെയും എടുത്തുകൊണ്ടുവന്നവര്‍ ജാഫറിനോട് സഹായമഭ്യർഥിച്ചു. അന്ന് മറ്റൊന്നും ആലോചിക്കാതെ കടയിലുണ്ടായിരുന്ന 2000 രൂപയുമെടുത്തുകൊണ്ട് ജാഫറും അവരോടൊപ്പം പോയി. കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതിനാൽ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി രക്ഷപ്പെട്ടു. അന്നുണ്ടായ ആത്മസംപ്തൃയാണ് ഇദ്ദേഹത്തിന് ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള പ്രചോദനമായത്.

കഴിഞ്ഞ 5 വർഷമായി അൽ ഖവാനീജിലെ സ്വദേശി വീട്ടിലെ ഡ്രൈവറായി ജാഫർ ജോലി ചെയ്യുന്ന ജാഫർ 1998ലാണ് യുഎഇയിലെത്തിയത്. സെയിൽസ്മാന്‍റെ വീസയിലാണ് വന്നതെങ്കിലും രണ്ടു വർഷത്തോളം ഒരു കമ്പനിയിൽ ഹെൽപറായും പിന്നീട് മൂന്ന് വർഷം മെർചന്‍റ്റൈസർ –സെയിൽസ്മാനായും ജോലി ചെയ്തു. തുടർന്ന് ദുബായ് കാർസ് ടാക്സി ഡ്രൈവറായി 8 വർഷം ജോലി ചെയ്ത ശേഷം സ്വന്തമായി പിക്കപ്പ് ഓടിക്കുകയും അതോടൊപ്പം പാർട്ണർഷിപ്പിൽ ഗ്രോസറി നടത്തുകയും ചെയ്തു. പിന്നീടാണ് ഇപ്പോൾ ജോലി ചെയ്യുന്ന അറബിയുടെ മെഡിക്കൽ കമ്പനിയിൽ സെയിൽസ്മാനായിത്തീർന്നത്. കഴിഞ്ഞ 15 വർഷമായി സമയംകിട്ടുമ്പോഴെല്ലാം സന്നദ്ധ സേവനങ്ങൾക്ക് ഇറങ്ങിത്തിരിക്കാറുണ്ടായിരുന്നെങ്കിലും കോവിഡ്19-ന് ശേഷമാണ് അതിന്‍റെ പ്രാധാന്യം കൂടുതൽ തിരിച്ചറിഞ്ഞ് ഈ മേഖലയിൽ സജീവമായത്. മഹാമാരിക്കാലത്തെ ലോക് ഡൗണിൽ ആരോഗ്യ വിഭാഗത്തിലെ വാഹനങ്ങൾക്ക് യുഎഇ നിരത്തിലിറങ്ങാൻ അനുവാദമുണ്ടായിരുന്നതിനാൽ അന്ന് ബുദ്ധിമുട്ടനുഭവിച്ച ഒട്ടേറെ പേർക്ക് ഭക്ഷണമെത്തിച്ചു കൊടുക്കാൻ കഴിഞ്ഞു.

ജാഫർ മണ്ടകത്തിങ്ങല്‍. ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെൻ്റ്.
ജാഫർ മണ്ടകത്തിങ്ങല്‍. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ കയ്യിൽ ആകെ 10 ദിർഹം; 5 ദിർഹം സഹായം നൽകി
ഷാർജയിൽ നിന്ന് ദുബായ് വരെ പോയി വരാനുള്ള വണ്ടിക്കൂലിക്കുള്ള 10 ദിർഹവുമായി പോകവേ ഒരുദിവസം ഒരാൾക്ക് അതിൽ നിന്ന് 5 ദിർഹം നൽകി സഹായിച്ചാണ് യുഎഇയിലെ ജീവകാരുണ്യ മേഖലയിലേയ്ക്കുള്ള ജാഫറിന്‍റെ പ്രവേശനം. 900 ദിർഹം ശമ്പളം ലഭിച്ചിരുന്ന കാലത്തും അതിൽ നിന്ന് നല്ലൊരു ശതമാനം നാട്ടിലെയും യുഎഇയിലെയും പ്രയാസമനുഭവിക്കുന്നവർക്ക് വേണ്ടി ചെലവഴിച്ചു. നന്നായി ഭക്ഷണം കഴിക്കുമ്പോഴെല്ലാം ടെലിവിഷനിൽ കണ്ട ആഫ്രിക്കൻ പട്ടിണിപ്പാവങ്ങളുടെ മുഖങ്ങൾ ഓർമവരും. എങ്ങനെയെങ്കിലും പാവപ്പെട്ടവരെ സഹായിക്കണമെന്ന ചിന്ത അങ്ങനെയാണ് വന്നതെന്ന് ജാഫർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഒടുവിൽ അൽ ഖവാനീജില്‍ ജോലിക്കെത്തിയപ്പോൾ ജാഫറിന്‍റെ ജീവകാരുണ്യപ്രവർത്തനത്തെക്കുറിച്ച് മനസിലാക്കിയ വീട്ടുടമയായ അറബ് സ്ത്രീ കണ്ടറിഞ്ഞ് സഹായം നൽകിത്തുടങ്ങി. കൂടാതെ, ജോലിക്കിടയിൽ ഭക്ഷണവും മറ്റുമെത്തിക്കാൻ സമയവും അനുവദിച്ചുകൊടുത്തു. നാട്ടിലും ഒട്ടേറെ പേരെ സഹായിക്കാൻ സാധിച്ചു. നിർധന കുടുംബത്തിലെ പെൺകുട്ടിക്ക് വിവാഹത്തിനുള്ള സഹായം നൽകിയതാണ് എന്നും ഓർക്കാനിഷ്ടപ്പെടുന്ന സംഭവം. ഭാര്യയുടെ സ്വർണം പോലും ആ പെൺകുട്ടിക്ക് സമ്മാനിച്ചു.

ജാഫർ മണ്ടകത്തിങ്ങല്‍ അൽ ഖവാനീജിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ
ജാഫർ മണ്ടകത്തിങ്ങല്‍ അൽ ഖവാനീജിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ

അൽ ഖവാനീജിലെ കെട്ടിടനിർമാണ തൊഴിലാളികളുടെയും മറ്റും ഇടയിലാണ് ജാഫർ റമസാനിൽ ഭക്ഷണമെത്തിക്കുന്നത്. നിത്യേന 100 പേർക്കെങ്കിലും നോമ്പുതുറ വിഭവങ്ങൾ സമ്മാനിക്കുന്നു. സ്വയം കടയിൽ പോയി വാങ്ങുന്ന അരിയും മറ്റു ഭക്ഷണ സാധനങ്ങളും ജോലി ചെയ്യുന്ന വീട്ടിലെ പാചകക്കാരെ കൊണ്ട് ഉണ്ടാക്കിക്കുന്ന ബിരിയാണിയും എണ്ണപ്പലഹാരങ്ങളുമെല്ലാം ജാഫർ തന്നെ പിക്കപ്പിലാക്കി കൊണ്ടുപോയി കൊടുക്കുന്നു.

ജാഫർ മണ്ടകത്തിങ്ങല്‍ അൽ ഖവാനീജിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ
ജാഫർ മണ്ടകത്തിങ്ങല്‍ അൽ ഖവാനീജിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ

∙ അറ്റ്ലസ് രാമചന്ദ്രന്‍റെ മുഖമോർത്തപ്പോൾ..
വർഷങ്ങൾക്ക് മുൻപ് പരിചയക്കാരനായ മലയാളിയോടൊപ്പം ജാഫർ ആരംഭിച്ച ഗ്രോസറി നഷ്ടത്തിലായപ്പോൾ പങ്കാളി എല്ലാം ഇദ്ദേഹത്തിന്‍റെ ‘തലയിലിട്ട്’ മുങ്ങി. ഇതോടെ വൻ ‌സാമ്പത്തിക പ്രതിസന്ധിയിലായി.ജോലിയും ശമ്പളവുമില്ലാതെ, നിത്യവൃത്തിക്ക് പോലും വകയില്ലാതെ ദുരിതമയമായ ജീവിതം. ദുർവിധിയോർത്ത് ഒറ്റയ്ക്കിരുന്ന് കരഞ്ഞ നാളുകൾ. നാട്ടിൽ കുടുംബമാണെങ്കിൽ അതിലേറെ പ്രയാസത്തിലുമായി. ജീവിതം  വഴിമുട്ടിയപ്പോഴാണ് സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ട് വർഷങ്ങളോളം ദുബായിലെ ജയിലിൽ കഴിഞ്ഞ മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ ഓർത്തത്. കഠിനമായ പ്രയാസങ്ങൾ ആർക്കും സംഭവിക്കാമെന്നും അതിന് മരണമല്ല പോംവഴിയെന്നും ചിന്തിച്ചപ്പോൾ ഭീതിപ്പെടുത്തിയിരുന്ന ആ ഉദ്യമത്തിൽ നിന്ന് പിന്മാറി. ഒടുവിൽ ടാക്സി ഡ്രൈവറായിരിക്കെ പരിചയപ്പെട്ട, എറണാകുളത്ത് സ്ഥിരതാമസമാക്കിയ വിശാഖപട്ടണം സ്വദേശി ശ്യാം എന്നയാൾ മറ്റൊന്നും ആലോചിക്കാതെ വൻതുക കടമായി നൽകി സഹായിക്കാൻ തയ്യാറായി. ദുബായിൽ മറൈൻ എൻജിനീയറായിരുന്ന ശ്യാം പ്രവാസജീവിതം അവസാനിപ്പിച്ച് യുഎഇയിൽ നിന്ന് പോയെങ്കിലും, അദ്ദേഹം വേണ്ടെന്ന് പറഞ്ഞിട്ടും ആ കടം ഇപ്പോഴും എല്ലാ മാസവും 500 ദിർഹം വീതം അയച്ചുകൊടുത്ത് വീട്ടിക്കൊണ്ടിരിക്കുന്നു.

ജാഫർ മണ്ടകത്തിങ്ങല്‍ അൽ ഖവാനീജിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ
ജാഫർ മണ്ടകത്തിങ്ങല്‍ അൽ ഖവാനീജിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. ചിത്രം: മനോരമ

ഇന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് മലയാളികളുടെ ആത്മഹത്യയും മറ്റും വളരെയേറെ വർധിച്ചിരിക്കുന്നു. പ്രതിസന്ധികളിൽ തളരാതെ എന്തു ജോലിയും ചെയ്യാൻ തയ്യാറായി ലളിത ജീവിതം നയിച്ചാൽ തീർച്ചയായും കീഴടക്കാനാകാത്തതായി ഒന്നുമില്ലെന്ന് മനസിലാകുമെന്ന് ജാഫർ പറയുന്നു. ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയ ജാഫറിന്‍റെ നന്മമനസ്സ് തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. പരേതനായ മുഹമ്മദ്–ആയിഷ (തിത്താച്ചു) ദമ്പതികളുടെ മകനാണ് ജാഫർ. ഭാര്യ ലൈലയും മക്കളായ ബിരുദ വിദ്യാർഥിനി ഷാന, ഏഴാംക്ലാസുകാരൻ ജിസാൻ എന്നിവര്‍ സാമൂഹിക പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു.
ഫോൺ: +971 50 367 4425

English Summary:

UAE NEWS: Expat Cheated by his Business Partner, Verge of Suicide Lends Helping Hand to Many

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com