3 വർഷത്തിനകം 16 ബസ് സ്റ്റേറേഷനുകളും 6 ഡിപ്പോകളും മുഖം മിനുക്കും
Mail This Article
ദുബായ് ∙ അടുത്ത 3 വർഷത്തിനകം 16 ബസ് സ്റ്റേഷനുകളും 6 ഡിപ്പോകളും നവീകരിച്ചു സൗകര്യങ്ങൾ വർധിപ്പിക്കാൻ ആർടിഎ കരാർ നൽകി. ബസ് സ്റ്റേഷൻ കെട്ടിടം, യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, ബസ് കാത്തിരിപ്പ് ടെർമിനൽ, ഡ്രൈവർമാർക്കുള്ള ഓഫിസുകൾ, രാത്രിയിൽ ബസ് നിർത്തിയിടാനുള്ള പാർക്കിങ് സ്ഥലം, വർക്ക്ഷോപ്പ്, ബസിന്റെ സുരക്ഷാ പരിശോധനയ്ക്കുള്ള സൗകര്യം എന്നിവയാണ് പുതിയതായി നിർമിക്കുന്ന ബസ് സ്റ്റേഷനുകളിൽ ഉണ്ടാവുക. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലുള്ള പൊതുഗതാഗതത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. സൈക്കിൾ പാർക്കിങ് സൗകര്യവും ബസ് സ്റ്റേഷനുകളിൽ ലഭിക്കും. ഇവിടെ നിന്ന് മെട്രോകളിലേക്കു നേരിട്ടു ബസ് സർവീസും സ്റ്റേഷനുകളിൽ മുഴുവൻ സമയം ടാക്സി സർവീസും ലഭ്യമായിരിക്കും.
മാള് ഓഫ് എമിറേറ്റ്സ്, സബ്ക, ജബൽ അലി, അൽക്കൂസ്, ഇബൻ ബത്തൂത്ത, ഹത്ത, ഗോൾഡ് സൂക്ക്, ഖിസൈസ്, ദെയ്റ സിറ്റി സെന്റർ, ഗുബൈബ, യൂണിയൻ, സത്വ, റാഷിദിയ, അബു ഹെയിൽ, എത്തിസലാത്ത്, കരാമ ബസ് സ്റ്റേഷനുകളിലാണ് സൗകര്യങ്ങൾ വർധിപ്പിക്കുക. ഡിപ്പോകളായ അൽ ഖവനീജ്, ഖിസൈൻ, റുവ്യാ, അവീർ, ജബൽഅലി, അൽക്കൂസ് എന്നിവിടങ്ങളിൽ ബസ് പരിശോധനയ്ക്കുള്ള പ്രത്യേക കേന്ദ്രം, എൻജിൻ വാഷ് ലെയ്ൻ, അഴുക്കുചാൽ സൗകര്യം ഉൾപ്പെടെ പുതിയതായി നിർമിക്കും.
ജബൽ അലിയിലും അൽക്കൂസിലും ഡ്രൈവർമാർക്ക് ക്വാർട്ടേഴ്സ് നിർമിക്കും. ട്രാഫിക് സിഗ്നൽ ലൈറ്റ്, കാൽനട യാത്രയ്ക്കു വേണ്ട സൗകര്യം, ബസ് സ്റ്റേഷനുകളിലെ വെളിച്ച സംവിധാനം, സുരക്ഷാ സംവിധാനം എന്നിവയും പരിഷ്കരിക്കും. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ബുദ്ധിമുട്ടില്ലാതെ ബസിൽ കയറുന്നതിനും യാത്ര ചെയ്യുന്നതിനും വേണ്ട സൗകര്യങ്ങളും ഒരുക്കും.