ഒമാനിലെ ഏറ്റവും വലിയ മൃഗശാല പെരുന്നാളിന് തുറക്കും
Mail This Article
മസ്‌കത്ത് ∙ ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാല ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ഭൂകണ്ഡങ്ങളില്‍ നിന്നുള്ള 300 ഓളം മൃഗങ്ങളുമായി ഒരുങ്ങുന്ന മൃഗശാലയുടെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
കടുവയും, സിംഹവും മുതല്‍ മാനുകളും പക്ഷികളും മറ്റ് അറേബ്യന്‍ ജീവികളും തുടങ്ങി വ്യത്യസ്ത ജന്തു വൈവിധ്യങ്ങളെ മൃഗശാലയില്‍ ദര്‍ശിക്കാനാകും. 150,000 ചതുരശ്ര മീറ്റര്‍ ഏരിയയില്‍ വരുന്ന മൃഗശാലയോട് ചേര്‍ന്ന് വാട്ടര്‍ തീം പാര്‍ക്കും ഫാമിലി എന്റര്‍ടൈന്‍മെന്റ് അവന്യൂസും ഉള്‍പ്പെടെ ഭാവിയില്‍ ഒരുക്കും.
സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക സന്ദര്‍ശന ദിവസങ്ങളും മൃഗശാലയില്‍ ഒരുക്കും. രാജ്യത്തെ വിനോദ സഞ്ചാര രംഗത്തെ പുതിയ നാഴികകല്ലാകാന്‍ ഏറ്റവും മികച്ച കാഴ്ചകളുമായാണ് മൃഗശാലയൊരുങ്ങുന്നത്. ഒമാനില്‍ നിന്നും ഇതര ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി അപൂര്‍വ്വവും മനോഹരവുമായ നിരവധി ജീവികളെ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. മൃഗങ്ങള്‍, പക്ഷികള്‍, ചീങ്കണ്ണികള്‍, പാമ്പുകള്‍ തുടങ്ങയവയുടെ വലിയൊരു നിര തന്നെ ഇതിലുണ്ട്.