ദിവസവും 10 ലക്ഷത്തിലേറെ പേർ; ജനസാഗരമായി ഹറം പള്ളികൾ
Mail This Article
മക്ക/മദീന ∙ റമസാൻ കാലം തീരാൻ ഒരാഴ്ച ശേഷിക്കെ മക്ക, മദീന ഹറം പള്ളികളിൽ ദിവസേന പ്രാർഥനയ്ക്ക് എത്തുന്നത് 10 ലക്ഷത്തിലേറെ പേർ. 5 നേരത്തെ നിർബന്ധ നമസ്കാരത്തിലും റമസാനിലെ പ്രത്യേക പ്രാർഥനകളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയ്ക്കും എത്തുന്ന വിശ്വാസികളെ കൊണ്ട് ഹറം പള്ളികൾ നിറഞ്ഞു. വരാന്തയിലും മുറ്റത്തും പരിസരങ്ങളിലെ റോഡുകളിലും നിന്നാണ് പതിനായിരങ്ങൾ പ്രാർഥനയിൽ പങ്കെടുക്കുന്നത്. തിരക്കു കണക്കിലെടുത്ത് അധികമായി ഏർപ്പെടുത്തിയ സ്ഥലങ്ങളും നിറഞ്ഞതോടെ പുണ്യനഗരി ജനസാഗരമായി മാറി.
ഉംറ തീർഥാടകർക്ക് മക്കയിൽ മതാഫിലും (വിശുദ്ധ കഅബയ്ക്ക് ചുറ്റുമുള്ള പ്രദേശം) ഗ്രാൻഡ് മോസ്‌ക് അങ്കണത്തിലും പ്രത്യേക സൗകര്യം ഒരുക്കി. തടസ്സമില്ലാതെ ആരാധന നിർവഹിക്കാനാണ് ഈ ക്രമീകരണങ്ങൾ. നമസ്കാരത്തിന് ദിവസേന എത്തുന്നവർ ഗ്രാൻഡ് മോസ്കിന്റെ മറ്റു ഭാഗങ്ങളിലാണ് പ്രാർഥന നിർവഹിക്കുന്നത്.
തീർഥാടകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിന് സുരക്ഷാനിരീക്ഷണവും ശക്തമാക്കി. പുണ്യനഗരിയിൽ ശുചിത്വം ഉറപ്പാക്കുന്നതിന് നാലായിരത്തിലേറെ പേരാണ് ദിവസേന ജോലി ചെയ്യുന്നത്. നേരത്തെ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് ഹറം പള്ളികളിൽ ഭജനയ്ക്ക് (ഇഅ്തികാഫ്) അനുമതിയുള്ളത്. വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനുള്ള സെഷനുകളും മക്കയിലും മദീനയിലും തുടരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും 24 മണിക്കൂറും പങ്കെടുക്കാവുന്ന വ്യത്യസ്ത ക്ലാസിൽ പരിശീലനത്തിന് 102 അധ്യാപകരുണ്ട്.