ജിമ്മി ജോർജിന്റെ സ്മരണകൾ നിറഞ്ഞ അവാർഡ് ദാനത്തിൽ ഓർമകൾ പങ്കുവച്ച് മാണി സി കാപ്പൻ
Mail This Article
അബുദാബി ∙ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർഥം അബുദാബി കേരള സോഷ്യൽ സെന്റർ ഏർപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് മുൻ വോളിബോൾ താരവും എംഎൽഎയുമായ മാണി സി. കാപ്പന് സമ്മാനിച്ചു. അബുദാബി അൽജസീറ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ പുരസ്കാരം കൈമാറി.
ഒരു ടീമിൽ ഒന്നിച്ചും വിവിധ ക്ലബുകളിൽ പരസ്പരവും മത്സരിച്ച ഇതേ സ്റ്റേഡിയത്തിൽ വച്ചുതന്നെ അവാർഡ് ഏറ്റുവാങ്ങുമ്പോൾ ജിമ്മി ജോർജിന്റെ അദൃശ്യസാന്നിധ്യം അനുഭവപ്പെട്ടതായി മാണി സി. കാപ്പൻ മനോരമയോടു പറഞ്ഞു. സ്റ്റേഡിയത്തിലിരുന്ന് പുതിയ തലമുറയുടെ ഫൈനൽ കാണുമ്പോഴും മാണി സി. കാപ്പന്റെ സ്മരണകളിൽ നിറഞ്ഞത് പതിറ്റാണ്ടുകൾക്കു മുൻപ് ജിമ്മി ജോർജുമൊത്തുള്ള കളിയുടെ ദൃശ്യങ്ങൾ. ആത്മസുഹൃത്തിന്റെ നാമത്തിലുള്ള അവാർഡ് ഏറ്റുവാങ്ങാനായതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു. വിവിധ ക്ലബുകൾക്കായി കളിക്കുമ്പോഴും വർഷങ്ങളോളം ഒരു മുറിയിലായിരുന്നു താമസം.
1977–78 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധാനം ചെയ്തിരുന്ന മാണി സി. കാപ്പൻ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലും കെഎസ്ഇബിയിലും കളിച്ച് അഖിലേന്ത്യാ തലത്തിൽ തിളങ്ങി നിൽക്കവെയാണ് യുഎഇയിലേക്കുള്ള ക്ഷണം. ഇന്ത്യയിലെത്തിയ യുഎഇ കായിക വകുപ്പ് ഉദ്യോഗസ്ഥർ മാണി സി കാപ്പൻ, ജോൺസൺ ജേക്കബ്, പി. ടി. തോമസ് എന്നിവരുടെ കളി മികവ് കണ്ട് യുഎഇയിലെ ക്ലബിൽ അവസരം നൽകുകയായിരുന്നു. ആദ്യം അബുദാബി സ്പോർട്സ് ക്ലബിലും പിന്നീട് അബുദാബി ഡിഫൻസ്, അൽനാസർ തുടങ്ങി വിവിധ ക്ലബുകളിലുമായി കളിച്ചു. അതിനിടയിലാണ് ജിമ്മി ജോർജും യുഎഇയിൽ എത്തിയതും ഏതാനും വർഷം ഒന്നിച്ചു കളിച്ചതും.
ഇന്നത്തെ പോലെ ജിമ്മും വർക്കൗട്ടും പ്രത്യേക ഭക്ഷണ ക്രമവുമൊന്നും ഇല്ലാതിരുന്ന അക്കാലത്തു തന്നെ ജിമ്മി ജോർജിന്റെ പവർ ഗെയിമാണ് ജനമനസ്സുകളിൽ മായാതെ നിൽക്കുന്നതെന്നും പറഞ്ഞു.