ADVERTISEMENT

ദുബായ് ∙ കമ്പനി വിഭജനം പൂർത്തിയായതിനു പിന്നാലെ ഇന്ത്യൻ ആരോഗ്യമേഖലയിൽ 1000 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. അടുത്ത 3 വർഷത്തിനകം ആസ്റ്റർ ഗ്രൂപ്പിനു കീഴിലെ ആശുപത്രികളിൽ പുതിയതായി 1700 കിടക്കകൾ കൂടി കൂട്ടിച്ചേർക്കും. ഇന്ത്യയിലെ ആരോഗ്യ സേവനദാതാക്കളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുക എന്നതാണ് വികസന പദ്ധതികളുടെ ലക്ഷ്യം. ആസ്റ്റർ ഗ്രൂപ്പിന്റെ ഓഹരി ഉടമകൾക്ക് ഇന്ത്യൻ കമ്പനിയിലായിരിക്കും നിക്ഷേപം. 

കമ്പനി വിഭജന നടപടികളുടെ അവസാന ഘട്ടത്തിലേക്ക് കടന്ന ആഴ്ചകളിൽ തന്നെ ആസ്റ്ററിന്റെ ഓഹരികൾ കരുത്ത് നേടി. ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണം ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും തന്നെയാണ്. കമ്പനിയുടെ 41.88% ഓഹരികൾ ഡോ. മൂപ്പൻ കുടുംബം കൈവശം വയ്ക്കും. ഡോ. ആസാദ് മൂപ്പൻ സ്ഥാപക ചെയർമാൻ സ്ഥാനവും മകൾ അലീഷ മൂപ്പൻ മാനേജിങ് ഡയറക്ടർ സ്ഥാനവും വഹിക്കും. ഡോ. നിതീഷ് ഷെട്ടിയായിരിക്കും ഇന്ത്യൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.  തിരുവനന്തപുരത്ത് ആസ്റ്റർ ക്യാപിറ്റലും കാസർകോട്ട് ആസ്റ്റർ മിംസും ആണ് ഉടൻ പൂർത്തിയാകുന്ന പദ്ധതികൾ. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും പുതിയ ആശുപത്രികൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.  

ഇന്ത്യൻ ബിസിനസിന്റെ വികസനവും ഓഹരി നിക്ഷേപകർക്ക് കൂടുതൽ ലാഭവമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് സിഇഒ നിതീഷ് ഷെട്ടിയായിരിക്കും നേതൃത്വം നൽകുക. 

ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങളോടെയാണ് ജിസിസി, ഇന്ത്യ ബിസിനസുകൾ വിഭജിച്ചതെന്ന് ഡോ. ആസാദ് മൂപ്പൻ ‘മനോരമ’യോടു പറഞ്ഞു. ഇന്ത്യയിൽ എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. 2027 ആകുമ്പോഴേക്കും ആസ്റ്ററിന്റെ ഇന്ത്യയിലെ എല്ലാ ആശുപത്രികളിലുമായി 6600 രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും. ഇതിനൊപ്പം ലാബുകളുടെയും ഫാർമസികളുടെയും എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. ഇന്ത്യയിൽ മുൻനിര ലാബ്, ഫാർമസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ആസ്റ്റർ എത്തുമെന്നും മൂപ്പൻ പറഞ്ഞു. 

ഡോ. ആസാദ് മൂപ്പന്‍
ഡോ. ആസാദ് മൂപ്പന്‍

വിഭജനത്തിലൂടെ ഇരു മേഖലയിലും കരുത്താർജിക്കുകയും അതുവഴി ലോകത്തിലെ തന്നെ മുൻനിര ആരോഗ്യ സംരക്ഷണ കേന്ദ്രമായി ആസ്റ്ററിന്റെ രൂപാന്തരപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു. വളർച്ചയുടെ അടുത്ത ഘട്ടമാണ് ആസ്റ്റർ പിന്നിടുന്നത്. ഇരു മേഖലകളിലെയും ഭൂമി ശാസ്ത്രപരമായ അനുകൂല സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്താൻ വിഭജനത്തിലൂടെ സാധിക്കുമെന്നും അലീഷ പറഞ്ഞു. 140 കോടി ജനങ്ങളുടെ ബലത്തിലാണ് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപത്തിന് ആസ്റ്റർ ഇറങ്ങുന്നതെന്ന് സിഇഒ ഡോ. നിതീഷ് ഷെട്ടി പറഞ്ഞു. കമ്പനിയുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള വികസന പദ്ധതികൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Aster will Invest Rs 1000 Crore in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com