പള്ളി ഇമാമുമാർക്കും ഇതര സേവകർക്കും ഗോൾഡൻ വീസ നൽകാൻ ഷെയ്ഖ് ഹംദാന്റെ ഉത്തരവ്
Mail This Article
ദുബായ് ∙ ദുബായിലെ പള്ളികളിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന ഇമാമുമാർ, മതപ്രഭാഷകർ, മുഅദ്ദിൻ (മുക്രി), മുഫ്തികൾ, മത ഗവേഷകർ എന്നിവർക്ക് ഗോൾഡൻ വീസ നൽകും. മതപരമായ സേവനം ചെയ്യുന്ന വ്യക്തികൾക്ക് സുവർണ താമസാവകാശം നൽകാൻ നിർദ്ദേശിച്ചതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. കൂടാതെ, പെരുന്നാളിന് അവർക്ക് കൂടുതൽ സാമ്പത്തിക പ്രതിഫലവും ലഭിക്കും.
ദുബായിലെ ഇമാമുമാരുടെയും മുഅദ്ദിൻമാരുടെയും ശമ്പളം വർധിപ്പിക്കാൻ മാർച്ചിൽ ഷെയ്ഖ് ഹംദാൻ ഉത്തരവിട്ടിരുന്നു. ദുബായിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌ടിവിറ്റീസ് ഡിപാർട്ട്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളികളിൽ സേവനമനുഷ്ഠിക്കുന്നവർക്കാണ് നിരക്ക് വർധന ബാധകമാകുക.
ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റിന് (ജിഎഐഎഇ) കീഴിൽ പ്രവർത്തിക്കുന്ന ഇമാമുമാരും മുഅദ്ദിനുമാരും ഉൾപ്പെടെ എല്ലാ പള്ളി ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പ്രതിമാസ സാമ്പത്തിക അലവൻസ് നൽകാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.