അബുദാബി ലുലുവിൽനിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച മലയാളി ജീവനക്കാരൻ അറസ്റ്റിൽ
Mail This Article
അബുദാബി ∙ അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ഒന്നരക്കോടിയോളം രൂപ ( ആറ് ലക്ഷം ദിർഹം) അപഹരിച്ചത്. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെ പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മാർച്ച് 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹത്തിന്റെ കുറവ് അധികൃതർ കണ്ടെത്തി. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കിയിരുന്നു.
നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് മക്കളും അബുദാബിയിൽ നിയാസിന് ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്കു മുങ്ങുകയും ചെയ്തു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.
പരാതിയിന്മേൽ ഉടനടി നടപടിയുണ്ടായതിൽ അബുദാബി പൊലീസിന്റെ ജനറൽ കമാൻഡിന് ലുലു അധികൃതർ നന്ദി അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്തതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ സമഗ്രമായ മുൻകരുതലുകളും പ്രതിരോധ നടപടികളും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം അബുദാബി പൊലീസ് ഊന്നിപ്പറഞ്ഞു. പൊതു സുരക്ഷ, സ്വത്ത് സംരക്ഷണം എന്നിവ ഉറപ്പാക്കുമെന്നും അറിയിച്ചു.