സൗദിയിൽ പെരുന്നാൾ പിറ നിരീക്ഷിക്കാൻ ആഹ്വാനം
Mail This Article
റിയാദ്∙ സൗദിയിൽ പെരുന്നാൾ പിറ നിരീക്ഷിക്കാൻ സുപ്രീം കോടതി രാജ്യത്തെമ്പാടുമുള്ള മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തു. ശവ്വാൽ പിറക്കുന്ന ചന്ദ്രക്കല മാനത്ത് തെളിയുന്നത് നഗ്നനേത്രങ്ങൾകൊണ്ടോ ദൂരദർശിനിയിലൂടെയൊ കാണുന്ന ഏതൊരു വ്യക്തിയും തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും പെരുന്നാൾ പിറ ദൃശ്യമായ വിവരം കോടതി മുൻപാകെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
സൗദിയിലും മിക്ക ഇതര ഗൾഫ് രാജ്യങ്ങളിലും ഇത്തവണത്തെ റമസാൻ വ്രതം മാർച്ച് 11 നായിരുന്നു ആരംഭിച്ചത്. തിങ്കളാഴ്ച ചന്ദ്രക്കല കാണാത്ത പക്ഷം ചൊവ്വാഴ്ച റമസാൻ 30 തികച്ച് ബുധനാഴ്ച ഈദുൽ ഫിത്ർ ആഘോഷിക്കും. ശവ്വാൽ പിറകാണുന്നതേോടെ ഒരുമാസം നീണ്ട ഏറ്റവും അനുഗ്രഹദായകമായ റമസാൻ വ്രതദിനങ്ങൾക്ക് സമാപനം കുറിച്ച് രാജ്യമെങ്ങും പെരുന്നാൾ നമസ്കാരത്തിലേക്കും വർണ്ണാഭമായ ആഘോഷങ്ങളിലേക്ക് ആഹ്ലാദപൂർവ്വം കടക്കും. സൗദിയിലെങ്ങും ഇത്തവണ വിപുലമായ ഈദുൽ ഫിത്ർ ആഘോഷങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുന്നത്.