ADVERTISEMENT

ദുബായ് ∙ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിവസങ്ങളിൽ ദുബായിൽ ആറ് ദിവസം പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. തിങ്കളാഴ്ച (റമസാൻ 29) മുതൽ ഇസ്‌ലാമിക മാസം ശവ്വാൽ 3 വരെയിരിക്കും സൗജന്യ പാർക്കിങ്. പെരുന്നാൾ ഈ മാസം 10-ന് ആണെങ്കിൽ 8 മുതൽ 12 വരെ പാർക്കിങ് നിരക്കുകളൊന്നും ഈടാക്കില്ല എന്നാണ് ഇതിനർഥം. ദുബായിൽ ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമായതിനാൽ വാഹനമോടിക്കുന്നവർക്ക് എമിറേറ്റിൽ തുടർച്ചയായി ആറ് ദിവസത്തെ സൗജന്യ പാർക്കിങ് ലഭിക്കും. എങ്കിലും ചന്ദ്രൻ്റെ ദർശനത്തെ ആശ്രയിച്ച് 9-ന് പെരുന്നാൾ വരികയാണെങ്കിൽ പാർക്കിങ് അഞ്ച് ദിവസത്തേയ്ക്ക് മാത്രമേ സൗജന്യമാകൂ. ശവ്വാൽ നാലിന് (നാലാം പെരുന്നാൾ ദിനം) പണമടച്ചുള്ള പാർക്കിങ് പുനരാരംഭിക്കും.

∙ വാഹന പരിശോധനാ കേന്ദ്രങ്ങൾ
പെരുന്നാൾ അവധി ദിനങ്ങളിൽ ആർടിഎ അതിൻ്റെ എല്ലാ സേവനങ്ങൾക്കും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വാഹന പരിശോധനാ കേന്ദ്രങ്ങൾ റമസാൻ 29-നും ശവ്വാൽ 3-നും തുറന്നിരിക്കും.

∙ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ
പെരുന്നാൾ അവധി ദിവസങ്ങളിൽ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും അടച്ചിരിക്കും. എന്നാൽ, ഉമ്മു റമൂൽ, ദെയ്‌റ, ബർഷ, അൽ ഖിഫാഫ് കേന്ദ്രങ്ങളിലെ സ്മാർട് കസ്റ്റമർ സെൻ്ററുകളും ആർടിഎ ഹെഡ് ഓഫീസും ആഴ്ചയിൽ എല്ലാ സമയവും (24/7) പതിവുപോലെ പ്രവർത്തിക്കും.

ദുബായ് മെട്രോ. Credit: RTA
ദുബായ് മെട്രോ. Credit: RTA

∙ ദുബായ് മെട്രോ
ഈ മാസം 6-ന് രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും 7-ന് രാവിലെ 8 മുതൽ പിറ്റേദിവസം പുലർച്ചെ 1 വരെയും പ്രവർത്തിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 5 മുതൽ 1 വരെ, ഈ മാസം 8 മുതല്‍ 13 വരെ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ പ്രവർത്തിക്കും.

ദുബായ് ട്രാം. Credit: RTA
ദുബായ് ട്രാം. Credit: RTA

∙ ദുബായ് ട്രാം
തിങ്കൾ മുതൽ ശനി വരെ: രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ  1 വരെ, ഞായർ: രാവിലെ 9 –അടുത്ത ദിവസം പുലർച്ചെ 1 വരെ.

ദുബായ് ബസ്. Credit: RTA
ദുബായ് ബസ്. Credit: RTA

∙ ദുബായ് ബസ്
ദുബായ് ബസുകളുടെയും ഇൻ്റർസിറ്റി ബസുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റമുണ്ട്. യാത്രക്കാർക്ക് ആര്‍ടിഎ ആപ്പിൽ പുതുക്കിയ മെട്രോ, മറൈൻ ട്രാൻസ്പോർട്ട് സമയങ്ങൾ പരിശോധിക്കാം.

English Summary:

Eid al-Fitr: Free Parking for Six Days in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com