ADVERTISEMENT

ദുബായ് ∙ മലയാളികളെ ആശങ്കയിലാക്കുന്ന രണ്ടു തീരുമാനങ്ങളാണ് ഇന്ത്യയിൽ നിന്നുണ്ടായത്. ഒന്ന് അരിയുടെ കയറ്റുമതി നിരോധനം, രണ്ട് സവാളയുടെ കയറ്റുമതി നിരോധനം. എന്തില്ലെങ്കിലും മലയാളികൾ പിടിച്ചു നിൽക്കും, പക്ഷേ, ചോറുണ്ടില്ലെങ്കിൽ? അത് ഓർക്കാൻ കൂടി വയ്യ. അരിപ്രശ്നം നയതന്ത്ര വിഷയമായി. ചോറുണ്ണാത്ത മലയാളികളുടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായി. യുഎഇയിലേക്ക് ഇന്ത്യൻ അരി തടസ്സപ്പെടില്ലെന്ന് ഉറപ്പു കിട്ടയ ശേഷമാണ് ശ്വാസം നേരെ വീണത്. പക്ഷേ, സവാളയുടെ കാര്യത്തിൽ അതായിരുന്നില്ല സ്ഥിതി. സവാള നിരോധനം നന്നേ ബാധിച്ചു. 

ഈജിപ്ത്, തായ്‌ലൻഡ്, തുർക്കി സവാളകൾ മലയാളികളെ നോക്കി ചിരിച്ചു. മനസില്ലാ മനസോടെയാണ് ആ സവാളകൾക്ക് നമ്മൾ കൈകൊടുത്തത്. അതും അന്യായ വിലയിൽ. സവാളയില്ലാതെ മലയാളികൾക്ക് എന്തു കറി? ലോകത്തുള്ള എന്തിനെയും സവാള വഴറ്റി, ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി ഉപ്പ് എന്നിവയുടെ മിശ്രിതത്തിൽ കറിവയ്ക്കുന്നവർക്കു സവാളയില്ലാത്ത ജീവിതം ചിന്തനാതീതം. മാനായാലും മയിലായാലും കാട്ടുപോത്തായാലും മലയാളിയുടെ മസാലയ്ക്കു മാറ്റമുണ്ടാകില്ല. 

Image Credit: Marian Weyo/shutterstock
Image Credit: Marian Weyo/shutterstock

തുർക്കി, തായ്‌ലൻഡ്, ഈജിപ്ത് സവാളകൾ വെളിച്ചെണ്ണയിൽ വഴലുന്നില്ലെന്നതായിരുന്നു അടുക്കളകൾ അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. എത്ര എണ്ണയിട്ടാലും ആർക്കു മുന്നിലും വഴങ്ങില്ലെന്ന നിലപാട് സവാളകൾ ആവർത്തിച്ചതോടെ വിഭവങ്ങൾ പ്രതിസന്ധിയിലായി. കോഴിക്കോടൻ ബിരിയാണിക്കു പേരു കേട്ട പല റസ്റ്ററന്റുകളും കഴിക്കാനെത്തിയവർ ബിരിയാണിക്കു രുചി പോരെന്നു പരാതിപ്പെട്ടു. എന്തു ചെയ്യാം, സവാളയില്ലല്ലോ. സവാള വഴന്നു കിട്ടുന്ന മധുരം ബിരിയാണിയുടെ നാഡിയാണ്. 

പ്രവാസി ഇന്ത്യക്കാരുടെ സവാള പ്രതിസന്ധിയിൽ ശത്രുത മറന്ന് പാക്കിസ്ഥാൻ എത്തിയതായിരുന്നു താൽക്കാലിക ആശ്വാസം. ഇന്ത്യയുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പമാകാം, പാക്കിസ്ഥാൻ സവാളകൾ ഇന്ത്യൻ രുചികളുമായി തരക്കേടില്ലാതെ ചേർന്നു നിന്നു. ഇതിനിടെ, ഇന്ത്യയിലെ കയറ്റുമതി നിരോധനം ലംഘിച്ചു ചിലർ സവാള കള്ളക്കടത്ത് നടത്തി. നാട്ടിൽ പോയി മടങ്ങിയെത്തിയ പ്രവാസികളായിരുന്നു കള്ളക്കടത്തിനു പിന്നിൽ. ഇവിടെ കിട്ടാക്കനിയായ സവാള നാട്ടിൽ 4 കിലോ 100 രൂപയ്ക്കു വിൽക്കുന്നതു കണ്ടാൽ എങ്ങനെ വാങ്ങാതിരിക്കും. വെളുത്തിരിക്കുന്ന തുർക്കി സവാളയ്ക്കു കിലോ 12 ദിർഹത്തിനു വാങ്ങിയവരുടെ  പെട്ടിയിൽ ഇത്തവണ സവാളയായിരുന്നു മുഖ്യതാരം. 

Photo Credit: ePhotocorp/istockphotos.com
Photo Credit: ePhotocorp/istockphotos.com

നാട്ടിൽ നിന്ന് ചമ്മന്തിപ്പൊടിയും ഉപ്പേരിയും കൊണ്ടുവരാൻ ഒഴിച്ചിട്ട പെട്ടിയിലെ ഇടം ഇത്തവണ സവാള കയ്യേറി. സവാള പ്രശ്നം മലയാളികളെ വലയ്ക്കുന്നതിനിടെയാണ് ആശ്വാസത്തിന്റെ ആ വാർത്ത ഇപ്പോൾ ഇന്ത്യയിൽ നിന്നു വരുന്നത്. കഴിഞ്ഞ മാസം 14000 ടൺ സവാള യുഎഇയിലേക്കു കയറ്റി അയയ്ക്കാൻ അനുമതിയായിരുന്നു ഈ മാസം 10000 ടണ്ണും. പെരുന്നാളും വിഷുവും എത്തുന്നതിനു മുൻപ് സവാള വിപണിയിൽ സജീവമാകുമെന്നാണ് പ്രതീക്ഷ. ഏറെക്കാലത്തിനു ശേഷം സവാളയുടെ മടങ്ങിവരവിനെ ആഘോഷിക്കാൻ അടുക്കളകൾ ഒരുങ്ങി. ഇനി ഇറച്ചിയും മീനും സവാളയ്ക്കു മുന്നിൽ ആത്മസമർപ്പണം ചെയ്യുന്ന പാചകത്തിന്റെ ഉൽസവ കാലം.  

English Summary:

Karama Kadhakal: Column by Mintu p Jacob on Indian Onion Shortage in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com