റമസാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി
Mail This Article
മക്ക ∙ റമസാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി. ജുമുഅ നമസ്‌കാരത്തിലും രാത്രി നമസ്‌കാരങ്ങളിലും പങ്കെടുക്കാൻ പതിനായിരങ്ങൾ ഹറമുകളിലെത്തി. അത്ഭുത പൂർവമായ തിരക്കായിരുന്നു രാത്രി നമസ്‌കാരങ്ങളിലും കണ്ടത്. അവസാന ദിനരാത്രങ്ങൾക്ക് പുണ്യമേറെയുണ്ട്. ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയ ലൈലത്തുൽ ഖദിർ കൂടുതൽ പ്രദീക്ഷിക്കുന്ന 27-ആം രാവ് ഇന്നാണ്. സൗദിയുടെ വിവിധ ദിക്കുകളില്‍ നിന്നുള്ളവര്‍ നേരെത്തെ തന്നെ ഹറമുകളിലെത്തിയിരുന്നു. ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് മതാഫിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
നാല് നോമ്പ് കൂടി കഴിഞ്ഞാൽ റമസാൻ 30 പൂർത്തിയാകും. വിട പറയുന്നതിനു മുൻപുള്ള അവസാന വെള്ളിയാഴ്ച പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുന്നതായിരുന്നു. നേരത്തെ പള്ളിയിലെത്തി ഖുർആൻ പാരായണത്തിലും പ്രാർഥനയിലും മുഴുകിയ വിശ്വാസികൾ പള്ളികളുടെ അകവും പുറവും ഒരു പോലെ ഭക്തി സാന്ദ്രമാക്കി. വ്രതമാസം നന്മകൾ കൊണ്ട് മത്സരിക്കാനുള്ള കളരിയാണ്. അവശേഷിക്കുന്ന ദിവസങ്ങളിൽ കൂടി സൽക്കർമങ്ങൾ കൊണ്ട് മുന്നോട്ട് കുതിക്കണമെന്ന ആമുഖത്തോടെയാണ് ഖത്തീബുമാർ പ്രസംഗം ആരംഭിച്ചത്.
പള്ളിയുടെ മുകൾ നിലകളും താഴത്തെ നിലകളും മുഴുവൻ തീർഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ചുറ്റുമുള്ള റോഡുകളിലേക്കും മറ്റും വിശ്വാസികളുടെ നിര നീണ്ടു. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് വികസിപ്പിച്ച മക്ക ഹറമിന്റെ മുഴുവൻ ഭാഗങ്ങളും തീർഥാടകർക്കായി തുറന്നുകൊടുത്തു. മക്ക ഹറമിൽ ഡോ. അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസും, മദീനയിൽ ഷെയ്ഖ് ഡോ. അബ്ദുല്ല അൽ ബൈജാനും ജുമുഅ പ്രാർത്ഥനക്കു നേതൃത്വം നൽകി. ഹറം പള്ളിയിലെ എല്ലാ സൗകര്യങ്ങളും തീർഥാടകർക്ക് കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാനായി. തീർഥാടകരുടെ സുരക്ഷയ്ക്കായി ഇരു ഹറമുകളിലും പ്രത്യേക സേനയെയും സജ്ജമാക്കി വിന്യസിച്ചിരുന്നു. റമസാനിൽ നാനാദിക്കുകളിൽ നിന്നുമെത്തുന്ന വിശ്വാസികളുടെ ബാഹുല്യം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കിയിരിക്കുന്നത്.