ഒമാനിലെ ഈദ് ഹബ്തകള്‍; കേരളത്തിലെ ഗ്രാമീണ ചന്തകളുടെ ഗള്‍ഫ് വേര്‍ഷന്‍
Mail This Article
മസ്‌കത്ത് ∙ മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ് ഗ്രാമീണ ചന്തകൾ. ഈ ഗ്രാമീണ ചന്തകളുടെ ഗർഫ് രൂപമാണ് ഈദ് ഹബ്ത മാര്‍ക്കറ്റുകള്‍. പെരുന്നാള്‍ ആഘോഷത്തിന് പകിട്ട് പകർന്ന് പരമ്പരാഗത കച്ചവടങ്ങളുടെ പ്രതാപത്തിന് കോട്ടമില്ലെന്ന് അടിവരയിടുന്നതാണ് ഓരോ ചന്തകളിലെയും തിരക്കുകള്‍ സൂചിപ്പിക്കുന്നത്. പെരുന്നാളിന് ജനങ്ങള്‍ക്ക് വേണ്ട എല്ലാ വസ്തുക്കളും ലഭിക്കുന്ന തുറന്ന ചന്തയാണ് ഈദ് ഹബ്ത.
എല്ലാവര്‍ഷവും രണ്ട് പെരുന്നാളിനോടുമനുബന്ധിച്ചാണ് ചന്തകള്‍ ഒരുക്കുന്നത്. പ്രദേശങ്ങളിലെ പരമ്പരാഗത സൂഖുകളാണ് മിക്ക സ്ഥലങ്ങളിലും ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. ഫഞ്ച, ഇബ്ര, വാദി ബനീ ഖാലിദ്, ബൗശര്‍, നഫായില്‍, അല്‍ തബ്തി, അല്‍ യഹ്മാദി അല്‍ ഹംറ, നിസ്‌വ, റുസ്തഖ്, സമാഇല്‍ (സുറൂര്‍), സൂര്‍, വാദി അല്‍ മആവില്‍, ഖാബൂറ, അല്‍ മിന്തരിബ്, ജഅലാന്‍ ബനീ ബൂ അലി, സുവൈഖ്, ബഹ്‌ല, ബര്‍ക, ജഅലാന്‍ ബനീ ബു ഹസന്‍, നഖല്‍, സീബ്, അല്‍ ഖാബില്‍, അല്‍ കാമില്‍ അല്‍ വാഫി, അല്‍ ഖാബില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈദ് ഹബ്തകള്‍ ആരംഭിച്ചു കഴിഞ്ഞു.
ചന്തകളില്‍ സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് പേര്‍ ദിവസവും എത്തുന്നു. സ്വദേശികളാണ് ഭൂരിഭാഗം ഉപയോക്താക്കളും. കച്ചവക്കാര്‍ പൂര്‍ണമായും സ്വദേശികളാണ്. പരമ്പരാഗത കച്ചവടക്കാരാണ് വിവിധ ഉത്പന്നങ്ങളുമായി ചന്തയില്‍ എത്തുന്നത്. സ്ത്രീകളും വൃദ്ധരും ഉള്‍പ്പടെ ചന്തകളില്‍ കച്ചവടം നടത്തുന്നു. സ്വദേശികളുടെ പെരുന്നാള്‍ പര്‍ച്ചേഴ്‌സിംഗുകള്‍ മിക്കതും ഈ ചന്തയില്‍ തന്നെയായിരിക്കും. ഗ്രാമീണര്‍ കൊണ്ടുവരുന്ന കാലികളെ വാങ്ങാനാണ് സ്വദേശികളും വിദേശികളും അടങ്ങുന്ന മുതിര്‍ന്നവര്‍ എത്തുന്നു.
സൂര്യോദയം മുതല്‍ രാവിലെ പതിനൊന്ന് വരെയും ചിലയിടങ്ങളില്‍ ഉച്ചക്ക് ഒരു മണി വരെയുമായിരിക്കും ഹബ്തയുണ്ടാകുക. അതിരാവിലെ മുതല്‍ ഈദ് ഹബ്തയില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുക. ഹബ്ത നടക്കുന്ന വിലായതില്‍ നിന്ന് മാത്രമല്ല അയല്‍ വിലായതുകളില്‍ നിന്നും ജനങ്ങളെത്തും. കന്നുകാലികളെയും മറ്റും വളര്‍ത്തുന്നവര്‍ക്ക് നല്ല വിലക്ക് ഉരുക്കളെ വില്‍ക്കാനുള്ള അവസരം കൂടിയാണിത്. പൗരന്മാരും പ്രവാസികളും വിനോദസഞ്ചാരികളുമെല്ലാം ഏറെ പ്രിയത്തോടെയാണ് ഹബ്തയെ കാണുന്നത്.