റമസാൻ 20 വരെ പ്രവാചക നഗരിയിലെത്തിയത് രണ്ട് കോടിയോളം വിശ്വാസികൾ
Mail This Article
മദീന ∙ റമസാൻ 20 വരെ പ്രവാചക നഗരിയിലെത്തിയത് രണ്ട് കോടിയോളം വിശ്വാസികൾ. റമസാൻ 20 വരെ മൊത്തം 19,899,991 വിശ്വാസികൾ മസ്ജിദുന്നബവിയിലെത്തി. 1,643,288 ആളുകൾ പ്രവാചകന്റെ ഖബറിടം സന്ദർശിച്ചു. ഹറമിലെത്തുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഈ കാലത്ത് 50,820 വയോധികർക്ക് പ്രത്യേകം സേവനം നൽകി.
ഇരുഹറം ജനറൽ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തുവിട്ടത്. 2,56,804 ആളുകൾക്ക് മാർഗനിർദേശം നൽകുന്ന സേവനം, 1,44,382 സന്ദർശകർക്ക് ആശയവിനിമയ ചാനൽ വിനിയോഗം, 310,161 പേർക്ക് വിവർത്തന സഹായം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് നൽകിയത്. മസ്ജിദുന്നബവിയോടനുബന്ധിച്ചുള്ള എക്സിബിഷനിലും ലൈബ്രറിയിലും 46,877 പേർ സന്ദർശിച്ചു. 1,85,544 പേർ ഗതാഗത സേവനങ്ങൾ ഉപയോഗിച്ചു. 83,560 കുപ്പി സംസം വെള്ളവും 6,49,884 സമ്മാനങ്ങളും വിതരണം ചെയ്യാൻ അതോറിറ്റി സൗകര്യമൊരുക്കി.