ഷാർജ അഗ്നിബാധ: മരിച്ച ഇന്ത്യക്കാരിൽ എ.ആർ.റഹ്മാന്റെയും ബ്രൂണോ മാർസിന്റെയും സൗണ്ട് എൻജിനീയറും
Mail This Article
ഷാർജ∙ ഈ മാസം 4ന് രാത്രി ഷാർജ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ച 5 പേരിൽ 2 പേർ ഇന്ത്യക്കാർ. മൈക്കിൾ സത്യദാസ്, 29 വയസ്സുകാരിയായ മുംബൈ സ്വദേശിനി എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. രണ്ടുപേരും കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചത്. മുംബൈ സ്വദേശിനിയുടെ ഭർത്താവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം.
തീ പിടിത്തത്തിനിടെ രക്ഷപ്പെടാൻ വേണ്ടി താഴേയ്ക്ക് ചാടിയ ഒരു ആഫ്രിക്കക്കാരന്‍റെ മരണം മാത്രമായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് ഫിലിപ്പീനി സ്വദേശിയടക്കം 4 പേർ കൂടി മരിച്ചതായി അധികൃതർ അറിയിച്ചിരുന്നു. ഇവരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റു ഇന്ത്യക്കാരെ സന്ദർശിച്ച് ബന്ധുക്കൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
മൈക്കിൾ സത്യദാസ് കഴിഞ്ഞ 2 വർഷമായി ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ജോലി ചെയ്തുവരികയായിരുന്നു. സംഗീതജ്ഞരായ എ.ആർ.റഹ്മാൻ, ബ്രൂണോ മാർസ് എന്നിവരുടെയടക്കം സംഗീത പരിപാടികളിൽ പ്രവർത്തിച്ചിട്ടുള്ള മൈക്കിൾ സൗണ്ട് എൻജിനീയറായിരുന്നുവെന്ന് ഇദ്ദേഹത്തിന്‍റെ സഹോദരൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.കെട്ടിടത്തിൽ ആകെ 750 അപാർട്മെന്‍റുകളാണുള്ളത്. ഇവരിൽ 44 പേരെയായിരുന്നു പുക ശ്വസിച്ച് അവശനിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27 പേർ ആവശ്യമായ ചികിത്സകൾക്ക് ശേഷം ആശുപത്രി വിട്ടു. മരിച്ചവരുടെ കുടുംബത്തിന് ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി അനുശോചനം അറിയിച്ചു.
വ്യാഴാഴ്ച രാത്രി 10.50നായിരുന്നു പൊലീസ് ഓപറേഷൻ റൂമിൽ ആദ്യം അഗ്നിബാധയുടെ വിവരമെത്തുന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് തീ ആരംഭിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. താമസക്കാരെ പിന്നീട് ഹോട്ടലുകളിലടക്കം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. അഗ്നിബാധയുണ്ടായ ഉടൻ തന്നെ താമസക്കാരിൽ പലരും പുറത്തേക്ക് രക്ഷപ്പെട്ടു. ആഫ്രിക്കക്കാരും ജിസിസി പൗരന്മാരുമാണ് ഈ കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗം പേരും. മലയാളികളടക്കമുള്ള ഇന്ത്യക്കാരുമുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ താമസക്കാരെ ഒഴിപ്പിച്ചത് കൂടുതൽ അപകടം ഒഴിവാക്കാൻ വഴിയൊരുക്കി. കെട്ടിടത്തിലെ ഓരോ നിലയിലും എട്ട് ഫ്ലാറ്റുകൾ വീതമാണുള്ളത്. എ,ബി,സി എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളുള്ള കെട്ടിടത്തിലെ ബി–യിലായിരുന്നു അഗ്നിബാധ. മൃതദേഹങ്ങൾ പിന്നീട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വലിയൊരു ശതമാനം മലയാളികൾ താമസിക്കുന്ന, കെട്ടിടങ്ങൾ നിങ്ങിനിറഞ്ഞ റസിഡൻഷ്യൽ ഏരിയയാണ് അൽ നഹ്ദ.