ഗൾഫിലെ സായാഹ്നങ്ങളെ സജീവമാക്കിയ സമൂഹ നോമ്പുതുറയ്ക്ക് ഇന്ന് പരിസമാപ്തി
Mail This Article
അബുദാബി ∙ വ്രതാനുഷ്ഠാനം പോലെ തന്നെ പവിത്രമാണ് മറ്റൊരാളെ നോമ്പു തുറപ്പിക്കുക എന്നത്. റമസാനിൽ 30 ദിവസവും ഗൾഫിലെ സായാഹ്നങ്ങളെ സജീവമാക്കിയ സമൂഹ നോമ്പുതുറയ്ക്ക് ഇന്നു പരിസമാപ്തിയാകും. ഇനി ഈ സൗഹാർദ കൂട്ടായ്മയ്ക്ക് സാക്ഷിയാകാൻ 11 മാസത്തെ കാത്തിരിപ്പ്.
പൊതുസ്ഥലങ്ങളിൽ ഇഫ്താർ ടെന്റുകൾ ഒരുക്കിയും മറ്റും സമൂഹ നോമ്പുതുറയിലൂടെ വിദേശികളെ വിരുന്നൂട്ടാൻ മത്സരിക്കുകയായിരുന്നു യുഎഇ സ്വദേശികളും മതകാര്യ, ജീവകാരുണ്യ വകുപ്പുകളും. പള്ളികളും പൊതു സ്ഥലങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക ടെന്റുകള്‍ ഒരുക്കിയാണ് സമൂഹ നോമ്പുതുറയുടെ പുണ്യം നുകരുന്നത്. അംഗീകൃത ജീവകാരുണ്യ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് മലയാളി സംഘടനകളും ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു. റമസാൻ കാലയളവിൽ ഇങ്ങനെ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം ഇടയത്താഴത്തിനും കരുതിവച്ച് ഒരു മാസത്തെ ഭക്ഷണത്തിനുള്ള ചെലവ് ലാഭിക്കുന്ന തൊഴിലാളികൾ ഒട്ടേറെ.
മലയാളികൾ ഉൾപ്പെടെ വിദേശികളും സമൂഹ നോമ്പുതുറ നടത്തിവരുന്നു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കുടുംബങ്ങളുടെ നേതൃത്വത്തിലും നടത്തിവരുന്ന ഇഫ്താറുകൾ മതസൗഹാർദ സംഗമം കൂടിയായിരുന്നു. മുസ്‍ലിംകളോട് ഐക്യദാർഢ്യ പ്രകടിപ്പിച്ച് റമസാനിൽ വ്രതം അനുഷ്ഠിച്ച ഇതര മതസ്ഥരും ഒട്ടേറെ. 30 ദിവസമായി സജീവമായിരുന്ന ഈ ഒത്തുചേരലുകളിൽ പുതിയ സുഹൃത്തുക്കളായവർ വരെയുണ്ട്.
നോമ്പുതുറപ്പിക്കാൻ വിഭവ സമൃദ്ധമായ സദ്യവട്ടം വേണമെന്നില്ല. ഒരു കാരയ്ക്ക കൊണ്ടെങ്കിലും നോമ്പു തുറപ്പിക്കുന്നത് പുണ്യപ്രവർത്തിയാണെന്ന് മതം അനുശാസിക്കുന്നു. മറ്റൊരാളെ നോമ്പു തുറപ്പിക്കുന്നതിനു എത്രമാത്രം പ്രാധാന്യമാണ് ഇസ്‍ലാം കൽപിച്ചിരിക്കുന്നതെന്ന് ഇതിൽനിന്നും വ്യക്തം. ദുബായിൽ ചർച്ചും ഗുരുധ്വാരും ഇഫ്താർ സംഘടിപ്പിച്ചിരുന്നു. ഇതിൽ വിവിധ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യവും ശ്രദ്ധേയം. താമസ സ്ഥലത്തെ പരിമിത സൗകര്യങ്ങൾ മറികടക്കാൻ പാർക്കിൽ ഒത്തു ചേർന്നാണ് പല മലയാളി കുടുംബങ്ങളും കൂട്ടായ്മകളും സമൂഹ നോമ്പുതുറകൾ സംഘടിപ്പിച്ചത്.