ഇരട്ടിമധുരം: ഗൾഫിലും കേരളത്തിലും ഒന്നിച്ച് പെരുന്നാൾ; ആഘോഷം പൊടിപൊടിക്കാൻ പ്രവാസികൾ
Mail This Article
അബുദാബി ∙ വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയിൽ സ്വാംശീകരിച്ച പുത്തൻ ഊർജവുമായി ഈദുൽഫിത്ർ ആഘോഷിച്ച് വിശ്വാസികൾ. വ്യത്യസ്ത ദിവസങ്ങളിലാണ് വ്രതാനുഷ്ഠാനം തുടങ്ങിയതെങ്കിലും ഗൾഫിലും കേരളത്തിലും ഒന്നിച്ച് പെരുന്നാൾ എത്തിയത് ഇരട്ടിമധുരമായി.
ശവ്വാൽ അമ്പിളി മാനത്ത് തെളിഞ്ഞതോടെ ദൈവ പ്രകീർത്തനങ്ങൾ (തക്ബീർ) ഉയർന്നു. വീട്ടമ്മമാർ പുലരുവോളം പെരുന്നാൾ സദ്യവട്ടത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. പെൺകുട്ടികളും കുട്ടിപ്പട്ടാളങ്ങളും മൈലാഞ്ചി അണിയുന്നതിന്റെ തിരക്കിലും. ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് മൈലാഞ്ചിച്ചോപ്പിൽ ഒന്നിച്ചു. ഹെന്ന ഡിസൈനിങിൽ വിദഗ്ധരായ കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചാണ് കൈകളിൽ വർണപ്രപഞ്ചം തീർത്തത്. ഓണം, ക്രിസ്മസ്, ഈസ്റ്റർ, പെരുന്നാൾ, വിഷു തുടങ്ങി ഏതു വിശേഷ ദിവസങ്ങളാണെങ്കിലും ഗൾഫിൽ എല്ലാവരും ഒത്തുചേർന്നാണ് ആഘോഷം. പെരുന്നാൾ അറിയിപ്പ് വന്നതോടെ ആശംസകളുടെ പ്രവാഹവും തുടങ്ങി.
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങക്കാർ 30 നോമ്പും പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷത്തിലേക്ക് കടന്നത്. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിലും കേരളത്തിലും ഇന്നലെ ശവ്വാൽ മാസപ്പിറവി കണ്ടതോടെ 29 നോമ്പ് അനുഷ്ഠിക്കാനേ ആയുള്ളൂ.
പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് വാരാന്ത്യം ഉൾപ്പെടെ 9 ദിവസവും സ്വകാര്യ മേഖലാ ജീവനക്കാർക്ക് 4 ദിവസത്തെയും അവധി ലഭിച്ചതോടെ ഇത്തവണത്തെ ആഘോഷം പൊടിപൊടിക്കും. വിളിപ്പാടകലെ എത്തുന്ന വിഷുവും ഒന്നിച്ച് ആഘോഷിച്ചായിരിക്കും പ്രവാസികൾ അടുത്ത വാരാന്ത്യത്തിൽ ജോലിക്ക് കയറുക. ഈസ്റ്റർ, ഈദ്, വിഷു ആഘോഷം പ്രമാണിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും നാളെയും ഒട്ടേറെ സ്റ്റേജ് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.