ദുബായില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഈദ് ഗാഹുകൾ പ്രാർഥനാനിർഭരമായി; പങ്കെടുത്ത് ആയിരങ്ങൾ
Mail This Article
ദുബായ് ∙ ദുബായില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള രണ്ട് ഇൗദ് ഗാഹുകളും പെരുന്നാൾ നമസ്കാരം നിർവഹിക്കാനെത്തിയവരാൽ പ്രാർഥനാനിർഭരമായി. അൽ ഖൂസ് അൽ മനാർ സെന്റർ, ഖിസൈസ് ടാർജറ്റ് ഫുട്ബോൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ദുബായ് മതകാര്യ വകുപ്പിന്റെ സഹകരണത്തടെ അൽ മനാർ സെന്റർ ഇൗദ് ഗാഹുകളൊരുക്കിയത്. ഇതാദ്യമാണ് ദുബായിൽ രണ്ട് ഇൗദ് ഗാഹുകൾ അനുവദിക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികൾ രണ്ടിടത്തും പെരുന്നാൾ പ്രാർഥന നിർവഹിച്ചു.
കരുണയും സഹാനുഭൂതിയുമാണ് ഈദുല്‍ ഫിത്ര്‍ ആഘോഷത്തിന്റെ അടിസ്ഥാനമെന്നു അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറും പണ്ഡിതനുമായ അബ്ദുസ്സലാം മോങ്ങം പറഞ്ഞു. ദുബായ് മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടന്ന പെരുന്നാൾ പ്രാർഥനയ്ക്ക് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തോട് ആകമാനം അനുകമ്പയും സ്നേഹവും സാഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ടാണ് ഈദുല്‍ ഫിത്റിന്റെ ആഘോഷത്തിന് ആരംഭം കുറിക്കുന്നത്. ആഘോഷങ്ങളെ വിനോദങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവയുടെ ഉദ്ദേശ്യവും ചരിത്രവും സാംസ്‌കാരിക വേരുകളുമാണെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാള്‍ വിശ്വാസിയുടെ ആഘോഷമാണ്. പക്ഷേ കേവല വിനോദമോ ആഘോഷമോ ആല്ല അതിന്റെ ലക്ഷ്യം. സര്‍വ വൈജാത്യങ്ങളും വിസ്മരിച്ചുകൊണ്ട് മാനുഷിക ഐക്യം ഊട്ടി ഉറപ്പിക്കലും ഊഷ്മളമായ കുടുംബബന്ധം വളര്‍ത്തലും എല്ലാ ബന്ധങ്ങളെയും പവിത്രമായി പരിപാലിക്കലുമാണ്. മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.
∙പെരുന്നാൾ സമ്മാനിക്കുന്നത് ഉന്നതമായ സംസ്കാരത്തിന്‍റെ സന്ദേശം: ഹുസൈന്‍ കക്കാട്
വ്രതവിശുദ്ധിയുടെ നിറവിലുള്ള വിശ്വാസിക്ക് ഭക്തിനിര്‍ഭരവും പ്രാര്‍ഥനാനിരതവുമായ ആഘോഷമാണ് പെരുന്നാൾ (ഈദുല്‍ ഫിത്ര്‍) എന്ന് ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്റും ഷാര്‍ജ അല്‍ഗുവൈര്‍ പള്ളി ഖത്തീബുമായ ഹുസൈന്‍ കക്കാട് പറഞ്ഞു. പെരുന്നാൾ ആഘോഷമെന്നത് കേവല വിനോദങ്ങളില്‍ മുഴുകലോ ആര്‍ഭാടങ്ങളിള്‍ അഭിരമിക്കലോ അല്ല, മഹിതമായ ഒരു സന്ദേശത്തെ ഉദ്ഘോഷിക്കുകയും ഉന്നതമായ ഒരു സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ഖിസൈസ് ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടിലെ ഇൗദ് ഗാഹിൽ പ്രാർഥനയ്ക്ക് നേതൃത്വം നല്‍കിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് ഒരേയൊരു കീര്‍ത്തന മന്ത്രമാണ് ഇന്നുയരുന്നത്. അത് സ്രഷ്ടാവിന്‍റെ ഏകത്വവും മഹത്വവും പ്രകീര്‍ത്തിക്കുകയും അവനെ സ്തുതിക്കുകയും അവനുമുമ്പില്‍ നിസ്സാരനായ മനുഷ്യന്‍ സര്‍വ്വം സമര്‍പ്പിക്കുന്നതിന്‍റെയും തക്ബീര്‍ ധ്വനികളാണ്. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി സ്രഷ്ടാവ് അവതരിപ്പിച്ച ദിവ്യസന്ദേശമായ ഖുര്‍ആന്‍ സാക്ഷിയായിട്ടാണ് വ്രതാനുഷ്ഠാനം നിശ്ചയിച്ചിട്ടുള്ളത്. ആയിരങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ ഒരുക്കിയ ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.