മൈലാഞ്ചി മൊഞ്ചോടെ പെരുന്നാളിനെ വരവേറ്റ് ദുബായിലെ സൗഹൃദക്കൂട്ടായ്മകൾ
Mail This Article
ദുബായ് ∙ മൈലാഞ്ചി മൊഞ്ചുള്ള രാവിൽ ദുബായിലെ സൗഹൃദക്കൂട്ടായ്മകൾ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി. ഇന്നലെ രാത്രി ഇവർക്കെല്ലാം മൈലാഞ്ചിപ്പൂക്കൾ വിരിയുന്ന സന്തോഷരാവ്. കഴിഞ്ഞ 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്ഫടികശുദ്ധി കൈവന്ന മനസ്സോടെ ഇന്ന്(10) ഇൗദുൽ ഫിത്ർ ആഘോഷിക്കാനുള്ള ആവേശത്തിലാണ് എല്ലാവരും.
ദുബായ് ഖിസൈസിലെ അൽ വാസൽ വില്ലേജിലെ മലയാളി വനിതകളുടെ സൗഹൃദക്കൂട്ടായ്മയുടെ ആദ്യത്തെ പെരുന്നാളാഘോഷമാണിത്. ഇന്നലെ രാത്രി കോഴിക്കോടുകാരി അതുല്യയുടെ ഫ്ലാറ്റിൽ ഒത്തുകൂടിയ ഇവർ മൈലാഞ്ചിപ്പാട്ടുകൾ പാടിയാണ് പരസ്പരം മൈലാഞ്ചിച്ചോപ്പണിഞ്ഞത്. റമസാൻ തുടക്കം മുതൽ ഇതിനായി ഒരുങ്ങിയിരിക്കുകയായിരുന്നുവെന്ന് അതുല്യ മനോരമ ഒാൺലൈനോട് പറഞ്ഞു.
∙അവിചാരിതമായി വിരിഞ്ഞ സൗഹൃദപ്പൂക്കൾ
രണ്ട് വർഷം മുൻപാണ് ഖിസൈസിൽ അൽ വാസൽ വില്ലേജ് എന്ന റസിഡൻഷ്യൽ ഏരിയ ഉയർന്നത്. ഏതാണ്ട് അറുപതോളം ബഹുനില കെട്ടിടങ്ങൾ. ഇതിലെ നൂറുകണക്കിന് ഫ്ലാറ്റുകളിൽ താമസിക്കുന്നവരിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് കൂടുതലും. ഇതിനകം ഒട്ടേറെ സൗഹൃദക്കൂട്ടായ്മകൾ ഇവിടെ യാഥാർഥ്യമായി. വാട്സാപ്പിലൂടെയാണ് കൂടുതലും ഇവരുടെ സംവാദങ്ങളും സൗഹൃദം പങ്കുവയ്ക്കലും. എന്നാൽ, മാസങ്ങൾക്ക് മുൻപ് മാത്രമാണ് അതുല്യയും ടീമും ഒന്നായത്.
∙പാർക്കിലെ കുട്ടിസൗഹൃദം; യാഥാർഥ്യമായത് ഗാഢബന്ധം
അവിചാരിതമായിട്ടാണ് ഇൗ മലയാളി കുടുംബങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും സൗഹൃദം ഉടലെടുക്കുന്നതും. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അത്. അതുല്യയും ഭര്‍ത്താവ് മിഥുനും മകളും ഒരു വൈകിട്ട് അൽ വാസൽ വില്ലേജിലെ പാർക്കിൽ ചെന്നതായിരുന്നു. മറ്റൊരു കെട്ടിടത്തിൽ താമസിക്കുന്ന നിതയും ഭർത്താവ് ഷാസ് റഹ്മാനും അവരുടെ കുട്ടിയും ആ സമയം അവിടെയുണ്ടായിരുന്നു. കളിയിലേർപ്പെട്ട കുട്ടികൾ തമ്മിൽ വൈകാതെ കൂട്ടുകാരായി. അതുവഴി ഇൗ ദമ്പതിമാർ പരസ്പരം പരിചയപ്പെടുകയും സൗഹൃദം വിടരുകയുമായിരുന്നു. ഇവരിലൂടെ കണ്ണൂർ സ്വദേശിനി ഷംസീല, ഷാമിയ, മാഹി സ്വദേശിനികളായ സൻഹ, ബഹിയ, തലശ്ശേരിക്കാരി റഗീസ തുടങ്ങിയവരും കൂട്ടാവുകയും അധികം വൈകാതെ മറ്റു കുടുംബങ്ങൾ കൂടി ഒന്നാവുകയും ചെയ്തു. ഇവരുടെ ഭർത്താക്കന്മാരും ഇന്ന് അടുത്ത സുഹൃത്തുക്കൾ. ആർക്കെന്ത് ആവശ്യമുണ്ടെങ്കിലും ഒാടിയെത്തും. ഇടയ്ക്കിടെ പാർക്കിലും അതുല്യയുടെ ഫ്ലാറ്റിലും ഇവർ സംഗമിക്കും. കഥകൾ പറഞ്ഞും പാട്ടുപാടിയും ഭക്ഷണമൊരുക്കിയും വാരാന്ത്യങ്ങൾ ചെലവഴിക്കും. വിശേഷ ദിവസങ്ങൾ ഒന്നിച്ച് ആഘോഷിക്കുകയാണ് ഇവർക്ക് ഏറ്റവും ആഹ്ലാദം പകരുന്നത്.
റമസാനിൽ ഒന്നിലേറെ തവണ നോമ്പുതുറ നടത്തി. ഇന്ന് പെരുന്നാളും ആഘോഷിക്കുന്നു. അതിന്റെ ഭാഗമായാണ് മൈലാഞ്ചിരാവൊരുക്കിയത്. ഷംസീലയുടെ നാട്ടിൽ നിന്ന് അവധിയാഘോഷിക്കാനെത്തിയ അനുജത്തി സിൽമിയയും അതുല്യയുടെ അനുജത്തി മേഘയുമാണ് ഡിസൈനിങ്ങിലെ മിടുക്കികൾ. ചെറുപ്പം മുതലേ മൈലാഞ്ചിയിടാറുണ്ടെന്നും ഇപ്പോൾ അത് കൂടുതൽ മികവായതാണെന്നും സിൽമിയ പറയുന്നു. ജേണലിസം ബിരുദ ധാരിയായ മേഘ കേരളത്തിൽ വിവിധ ടെലിവിഷൻ ചാനലുകളിൽ ക്യാമറാവുമണായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി തേടി ദുബായിൽ എത്തിയതാണ്.
ഒന്നിച്ച് പെരുന്നാളാഘോഷിക്കാനാണ് ഇൗ കുടുംബങ്ങളുടെ തീരുമാനം. രാവിലെ വില്ലേജിലെ പള്ളിയിൽ പെരുന്നാൾ പ്രാർഥനയ്ക്ക് ശേഷം എല്ലാവരും ഒത്തുകൂടി പ്രഭാതഭക്ഷണം കഴിക്കും. തുടർന്ന് ബിരിയാണിയൊരുക്കും.