പ്രാർഥനയും ആശംസയും നേർന്ന് ഭരണാധികാരികൾ
Mail This Article
അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിലെ ഈദ് പ്രാർഥനയിൽ പങ്കെടുത്തു. ഫത്വ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ഒമർ അബ്തൂർ അൽ ദരെയ് പ്രാർഥനകൾക്ക് നേതൃത്വം നൽകി. കുടുംബ ബന്ധങ്ങളിൽ കൂടുതൽ ഇഴയടുപ്പം ഉണ്ടാകേണ്ടത് അതിപ്രധാനമാണെന്നും കുടുംബങ്ങളിലെ ഐക്യം ജീവിതം സന്തോഷകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാർഥനയിൽ പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഈദുൽ ഫിത്‌ർ ആശംസ നേർന്നു.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കബറിടവും പ്രസിഡന്റ് സന്ദർശിച്ച് പ്രാർഥിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരികളായ ഷെയ്ഖ് ഹസാ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പടെയുള്ളവരും ഷെയ്ഖ് മുഹമ്മദിനൊപ്പം പ്രാർഥനയിൽ പങ്കെടുത്തു. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റിലെ ഭരണാധികാരികളെയും കിരീടാവകാശികളെയും മറ്റു ഷെയ്ഖുമാരെയും യുഎഇ പ്രസിഡന്റ് അൽ മുഷ്റിഫ് കൊട്ടാരത്തിൽ സ്വീകരിച്ചു.
രാജ്യത്തിനു സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയും ഉണ്ടാകാൻ ഭരണാധികാരികൾ പ്രാർഥിച്ചു. പരസ്പരം ഈദ് സന്ദേശങ്ങളും കൈമാറി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അർ ഷർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ ഇന്നലെ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇവർക്കൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷാർജ ഉപഭരണാധികാരികളായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മർ ബിൻ ഹുമൈദ് അൽ നുഐമി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉമ്മുൽഖുവൈൻ കിരീടാവകാശി ഷെയ്ഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരും പങ്കെടുത്തു. ക്ഷണിക്കപ്പെട്ട് എത്തിയ വിവിധ മത നേതാക്കളെയും സാംസ്കാരിക പ്രവർത്തകരെയും പൗരന്മാരെയും പ്രവാസികളെയും ഷെയ്ഖ് മുഹമ്മദ് കണ്ടു.