ADVERTISEMENT

അബുദാബി∙ വ്യവസായി എം.എ യൂസഫലിയുടെ പ്രവാസത്തിന്‍റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്‍റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ പെരുന്നാൾദിനം അവിസ്മരണീയമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ.  മകളുടെ ഭർത്താവ് ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി ഓൺലൈൻ വഴി സംവദിച്ചത്.

രാവിലെ യു.എ.ഇ. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെയും സന്ദർശിച്ച് അദ്ദേഹവും കുടുംബാംഗങ്ങളും പെരുന്നാൾ ആശംസകൾ നേർന്നിരുന്നു. ഇതിന് ശേഷം  ഗുരുതര രോഗാവസ്ഥയിൽ നിന്ന് പുതു ജീവിതത്തിലേക്ക് കരകയറുന്ന കുട്ടികളെ കണ്ട് അദ്ദേഹം പ്രതീക്ഷയും പ്രചോദനവുമേകി. സാമ്പത്തിക പ്രയാസങ്ങളും സംഘർഷ സാഹചര്യങ്ങളും കാരണം ഹൃദയ ശസ്ത്രക്രിയ നടത്താനാകാതെ ബുദ്ധിമുട്ടിയ അൻപത് കുട്ടികൾക്കാണ് ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റിവ് ആശ്വാസമായിരുന്നത്. ഇതിൽ ഇരുപത്തി അഞ്ചോളം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ പരിപാടിയുടെ ഭാഗമായി. 

കുട്ടികളുടെ ചികിത്സാ പുരോഗതി അദ്ദേഹം ചോദിച്ചറിഞ്ഞു. വേഗത്തിൽ ആരോഗ്യ നില വീണ്ടെടുക്കാൻ പ്രാർഥിക്കാമെന്നും ഇത്തരം സംരംഭങ്ങൾ സന്തോഷവും സംതൃപ്തിയും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൂത്ത മകളുടെ ഭർത്താവായ ഡോ. ഷംഷീർ തനിക്ക് സ്വന്തം മകനെ പോലെയാണ്. നല്ല പ്രവൃത്തികൾ ചെയ്യുന്നതിലൂടെ ഒരാൾക്ക്പകരം നന്മ ലഭിക്കുമെന്നാണ് വിശ്വാസം. തിരിച്ചു പ്രാർഥനകൾ മാത്രമാണ് ഞങ്ങളുടെ ആഗ്രഹം. ഈ കുട്ടികൾ അവരുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും  വിലപ്പെട്ടവരായി വളരട്ടെ.

ഭാര്യ ഷബീറ യൂസഫലി, ഡോ. ഷംഷീർ, ഡോ. ഷബീന യൂസഫലി, പേരക്കുട്ടികൾ എന്നിവർക്കൊപ്പമാണ്‌ യൂസഫലി പരിപാടിയിൽ പങ്കെടുത്തത്. എസ്എസ്എൽസി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് അപ്രതീക്ഷിത നെഞ്ചുവേദനയെത്തുടർന്ന് ചികിത്സ തേടേണ്ടിവന്ന കോഴിക്കോട് സ്വദേശി  റിഷാദ്  ഫുട്ബോൾ താരമാവുകയാണ് തന്‍റെ ആഗ്രമെന്ന് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ റിഷാദിന്‍റെ പിതാവിന് സുഹൃത്ത് അയച്ചു നൽകിയ സംരംഭത്തെ പറ്റിയുള്ള വിവരമാണ് ചികിത്സയ്ക്ക് വഴിതുറന്നത്.  ബുദ്ധിമുട്ടികൾ മറികടക്കുന്ന റിഷാദ് വീണ്ടും ഫുട്‍ബോൾ മൈതാനത്തിറങ്ങട്ടെയെന്നും ഭാവിയിലെ മെസിയായി മാറട്ടെയെന്നും യൂസഫലി ആശംസിച്ചു. തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തു നിന്നുള്ള അഡ്രിയനും അമ്മയും നിർണായക ചികിത്സയ്ക്ക് യൂസഫലിയോടും ഡോ. ഷംഷീറിനോടും നന്ദി പറഞ്ഞു.  ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കുക കുടുംബത്തിന് അസാധ്യമായിരുന്നു. അതിനിടെയാണ് ഗോൾഡൻ ഹാർട്ട് പദ്ധതി വഴിസഹായം ലഭിച്ചത്. 

കുട്ടികൾ എത്രയും വേഗം പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ഡോ. ഷംഷീറും ആശംസിച്ചു.  യു.എ.ഇ.യിലെ യൂസഫലിയുടെ 50-ാം വാർഷികത്തിന് ആദരവായി ജനുവരിയിൽ ഡോ. ഷംഷീർ പ്രഖ്യാപിച്ച സംരംഭം ഇന്ത്യ, സെനഗൽ, ലിബിയ, തുനീസിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയകൾ നടത്തിയത്. 

English Summary:

Yusuff Ali interacted with children recovering from heart surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com