ഗോൾഡൻ വീസ അപേക്ഷകരുടെ എണ്ണമേറുന്നു; രേഖകൾ കൃത്യമാക്കാം, വീസ ‘പറന്നെത്തും’
Mail This Article
ദുബായ് ∙ കഴിഞ്ഞ വർഷം ദുബായിൽ ഗോൾഡൻ വീസ ലഭിച്ചത് ഒന്നര ലക്ഷം പേർക്ക്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ അപേക്ഷകരുടെ എണ്ണം ഇരട്ടിയായെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 2022ൽ 79,617 വീസകൾ മാത്രമാണ് നൽകിയത്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ എഐ ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോൾഡൻ വീസ
ഗോൾഡൻ വീസയ്ക്കു സമർപ്പിക്കുന്ന രേഖകൾ കൃത്യമാണെങ്കിൽ വൈകാതെ വീസ ലഭിക്കും. സർക്കാരിന്റെ പ്രത്യേക സമിതിയാണ് വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള ഗോൾഡൻ വീസ അപേക്ഷകൾ പരിശോധിക്കുന്നത്. വീസയ്ക്കുള്ള മാർഗനിർദേശങ്ങളും വ്യവസ്ഥകളും മുന്നറിയിപ്പില്ലാതെ മാറും.
വെബ്സൈറ്റ് വഴിയോ ആപ് ഉപയോഗിച്ചോ ഹാപ്പിനസ് സെന്ററുകളിൽ നേരിട്ടെത്തിയോ ഗോൾഡൻ വീസയ്ക്ക് അപേക്ഷ നൽകാം. നിശ്ചിത തുക ഫീസ് അടയ്ക്കുന്നതോടെ അപേക്ഷകനു മൊബൈൽ സന്ദേശം ലഭിക്കും. അപേക്ഷയുടെ പുരോഗതിയറിയിച്ച് ഓരോ ഘട്ടങ്ങളിലും സന്ദേശം ലഭിക്കും.
അപേക്ഷകൾ അപൂർണമോ അവ്യക്തമോ ആണെങ്കിൽ സമർപ്പിച്ച ദിവസം മുതൽ 30 ദിവസം കഴിഞ്ഞ് റദ്ദാകും. മൂന്ന് തവണ സമർപ്പിച്ചിട്ടും ന്യൂനതകൾ പരിഹരിക്കാനായില്ലെങ്കിൽ അപേക്ഷ നിരസിക്കും. ഇത്തരം സന്ദർഭങ്ങളിൽ വീസ ഇഷ്യൂ ചെയ്യാനുള്ള തുക അപേക്ഷകനു തിരിച്ചു ലഭിക്കും. ഓരോ തരം ഗോൾഡൻ വീസയ്ക്കും വ്യവസ്ഥകൾ മാറും.
ഇൻവെസ്റ്റർ വീസ
നിക്ഷേപ രംഗത്തെ ഗോൾഡൻ വീസയാണ് ആവശ്യമെങ്കിൽ രാജ്യത്തെ അംഗീകൃത നിക്ഷേപക ഫണ്ടിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകനു രാജ്യത്ത് 20 ലക്ഷം ദിർഹത്തിന്റെ നിക്ഷേപമുണ്ടെന്ന് ഈ സാക്ഷ്യപത്രം തെളിയിക്കണം. അല്ലെങ്കിൽ വ്യവസായ വാണിജ്യ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസ് നൽകണം. കമ്പനി രൂപീകരണത്തിൽ നിക്ഷേപകന്റെ പങ്കാളിത്തം ബോധിപ്പിക്കുന്ന കരാർ പകർപ്പോടെ അപേക്ഷ നൽകണം. 20 ലക്ഷം ദിർഹത്തിൽ കുറയാത്ത തുക മൂലധനമുള്ളതാകണം ഈ കമ്പനിയെന്നും വ്യവസ്ഥയുണ്ട്. അല്ലെങ്കിൽ അപേക്ഷകൻ ഇതേ തുക നിക്ഷേപമുള്ള കമ്പനിയുടെ പാർട്ണറാകണം. പ്രതിവർഷം സർക്കാരിലേക്ക് രണ്ടര ലക്ഷം ദിർഹം നികുതി അടയ്ക്കുന്നതായി ഫെഡറൽ ടാക്സ് അതോറിറ്റിയിൽ നിന്നുള്ള രേഖയും ഗോൾഡൻ വീസയ്ക്ക് പരിഗണിക്കും.
റിയൽ എസ്റ്റേറ്റ്
റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപക ഗോൾഡൻ വീസയ്ക്കു റജിസ്ട്രേഷൻ രേഖ പ്രാഥമികമായി നൽകണം. 20 ലക്ഷം ദിർഹമോ അതിൽ കൂടുതലോ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് ഉടമയാണ് എന്നതാണ് ഇതിലൂടെ ബോധ്യപ്പെടുത്തുന്നത്. ഉടമസ്ഥതയിലുള്ള വസ്തുവകകൾക്ക് ബാങ്ക് വായ്പ ഉണ്ടാകാൻ പാടില്ല.
ബിസിനസ്
ബിസിനസ് രംഗത്തുള്ളവർക്കുള്ള ഗോൾഡൻ വീസയ്ക്ക് അംഗീകൃത ഓഡിറ്ററുടെ രേഖ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 5 ലക്ഷം ദിർഹത്തിൽ കുറയാത്ത സംരംഭത്തിന്റെ ഉടമയാണ് അപേക്ഷകൻ എന്ന് തെളിയിക്കാനാണിത്.
ഹെൽത്ത് സെക്ടർ
ആരോഗ്യമേഖലയിലെ പ്രതിഭകൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സാമൂഹിക, ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ സേവന മികവിന്റെ സാക്ഷ്യപത്രം സമർപ്പിക്കണം. എമിറേറ്റ്സ് സയന്റിസ്റ്റ്സ് കൗൺസിലിന്റെ ശുപാർശയും പരിഗണിക്കും.
കലാ സാംസ്കാരികം
കലാസാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് ദുബായ് സാംസ്കാരിക വകുപ്പിൽ നിന്നുള്ള കത്താണ് നൽകേണ്ടത്.
മാനേജർ, എക്സിക്യൂട്ടീവ്
ഈ തസ്തികയിൽ ഉള്ളവർക്ക് അരലക്ഷം ദിർഹത്തിൽ കുറയാത്ത വേതനമുണ്ടെന്ന് തെളിയിക്കുന്ന ശമ്പള പത്രമാണ് അടിസ്ഥാന രേഖ. കായിക രംഗത്തുള്ളവർ സ്പോർട്സ് കൗൺസിലിന്റെ സാക്ഷ്യ പത്രം സമർപ്പിക്കണം. മിടുക്കരായ വിദ്യാർഥികൾക്കും പ്രതിഭാധനരായ വ്യക്തിത്വങ്ങൾക്കും പ്രാദേശിക സർക്കാർ കേന്ദ്രങ്ങളിൽ നിന്നുള്ള അംഗീകാരപത്രവും സാക്ഷ്യപത്രങ്ങളുമാണ് അനുബന്ധ രേഖകൾ.