ദേശവും ഭാഷയും അതിർവരമ്പിടാത്ത പ്രവാസിവിഷു, ഇവിടത്തെ ആഘോഷം ഇങ്ങനാണ് ഭായ്
Mail This Article
വിഷുവല്ലേ പൂക്കാതിരിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുന്ന കണിക്കൊന്നപോലെയാണ് ഓരോ പ്രവാസി മനസും. നാട്ടില്‍ നിന്നെത്തുന്ന കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമൊപ്പം കൃഷ്ണതേജസിനെ കണികണ്ടുണർന്ന് സ്നേഹത്തിന്‍റെ തൂശനിലയിട്ടവർ ചേർന്നിരിക്കും. ഓർമ്മകളുടെ ആഘോഷമാണ് പ്രവാസികള്‍ക്ക് ഓരോ വിശേഷദിവസവും. സൗഹൃദക്കണിയൊരുക്കി സ്നേഹകൈനീട്ടം നല്‍കിയാണ് ഓരോ പ്രവാസിയും വിഷു ആഘോഷിക്കുന്നത്.
ഞായറാഴ്ചയാണ് വിഷുവെത്തുന്നതെന്നുളളതുകൊണ്ടുതന്നെ അവധിയെടുക്കാതെ വിഷു ആഘോഷിക്കാമെന്നുളളതാണ് ഇത്തവണത്തെ സന്തോഷം. കുടുംബമായി താമസിക്കുന്നവർ മാത്രമല്ല ബാച്ച്ലർ റൂമുകളിലും ഓഫിസുകളിലും പകിട്ടോടെയാണ് ഓരോ വിശേഷവസരങ്ങളും ആഘോഷിക്കുന്നത്. വിഷുക്കണിയൊരുക്കി പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് സദ്യവട്ടങ്ങള്‍ തയ്യാറാക്കി മലയാളിത്തനിമയോടെയാണ് ആഘോഷങ്ങള്‍. നാട്ടിലുളള ബന്ധുക്കളെയും സൗഹൃദങ്ങളെയും വിശേഷങ്ങള്‍ പറയാനായി ഫോണ്‍ വിളിക്കുന്നതും ഓർമ്മകള്‍ പങ്കുവയ്ക്കുന്നതും പ്രവാസിയുടെ ആഘോഷസന്തോഷം.
കുടുംബങ്ങളായി താമസിക്കുന്നവരാണെങ്കിലും ബാച്ച്ലർ റൂമുകളിലുളളവരാണെങ്കിലും സദ്യവട്ടമൊരുക്കാതെ ഒരാഘോഷവും കടന്നുപോകാറില്ല. കൂട്ടായ്മകളും സംഘടനകളും ചേർന്നുളള ആഘോഷങ്ങളും പതിവ് കാഴ്ചകള്‍. ഇത്തവണ പെരുന്നാള്‍ അവധിയോട് ചേർന്നാണ് വിഷുവെത്തുന്നതെന്നുളളതുകൊണ്ടുതന്നെ ഒരുമിച്ച് ചേർന്നുളള ആഘോഷങ്ങള്‍ക്ക് മാറ്റ് കൂടി. നാട്ടിലേക്കാള്‍ ഗംഭീരമായാണ് പ്രവാസ ലോകത്ത് വിഷു ഉള്‍പ്പടെയുളള ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. കേരളപുടവയും മുണ്ടുമുടുത്ത് മലയാളി സൗഹൃദ-സഹപ്രവർത്തകരുടെ ആഘോഷങ്ങളില്‍ പങ്കുചേരാനെത്തുന്ന വിദേശീകളെയും മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളിലുള്‍പ്പടെ കാണാനാകുമെന്നുളളതും കൗതുകം.
ഷാർജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയായ സുമയ്ക്ക് സൗഹൃദങ്ങള്‍ക്കൊപ്പാണ് ആഘോഷങ്ങളെല്ലാം. ദുബായില്‍ സെയില്‍സ് എക്സിക്യൂട്ടീവായ ഭർത്താവ് രതീഷിന്‍റെയും സുമയുടെയും സുഹൃത്തുക്കളും കുടുംബങ്ങളുമൊത്ത് സദ്യയൊരുക്കും. സദ്യവട്ടങ്ങള്‍ക്കുളള ഓരോ വിഭവങ്ങളും ഒരുക്കേണ്ട ചുമതല ഓരോ കുടുംബങ്ങള്‍ക്കാണ്. സ്വന്തം വീട്ടില്‍ കണികണ്ടശേഷം ഏതെങ്കിലും ഒരു വീട്ടില്‍ ഒത്തുകൂടിയാണ് സദ്യയുണ്ണുക.
കോഴിക്കോട്ടുകാരായതിനാല്‍ തന്നെ സദ്യയില്‍ മത്സ്യമാംസം വിളമ്പുന്നതാണ് ശീലമെങ്കിലും സൗഹൃദങ്ങളുടെ ഇഷ്ടം കൂടി പരിഗണിച്ച് അത് ഒഴിവാക്കിയെന്നും സുമ പറയുന്നു. വിഡിയോ കോളുകള്‍ ചെയ്യുന്നതിനാല്‍ തന്നെ നാട്ടിലുളളവരുമായുളള അകലം കുറഞ്ഞു. നാട്ടിലെ വിഷുക്കണി വിഡിയോ കോള്‍ വഴി കാണാറുണ്ട്. മക്കളായ വേദയ്ക്കും ദ്രൗപദിനും വിഷുകൈനീട്ടം കൊടുക്കുന്ന പതിവും തെറ്റിക്കാറില്ല. കൂട്ടായ്മയിലെ ആരുടേയെങ്കിലും അച്ഛനോ അമ്മയോ ഇവിടെയുളള സമയമാണെങ്കില്‍ അവർക്ക് പുതിയ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുന്ന പതിവുണ്ട്. പ്രവൃത്തി ദിനങ്ങളിലാണ് വിഷുവെങ്കില്‍ ആഘോഷം വാരാന്ത്യ അവധി ദിനങ്ങളിലേക്ക് മാറ്റും. സ്കൂളില്‍ സഹപ്രവർത്തകർ കേരളസാരിയുടുത്ത് സദ്യവട്ടങ്ങള്‍ക്കുളള വിഭവങ്ങള്‍ കൊണ്ടുവന്നാണ് ആഘോഷം, അതിന് ദേശത്തിന്‍റെയോ ഭാഷയുടേയോ അതിർവരമ്പുകള്‍ ബാധകമാകാറില്ലെന്നും സുമ പറയുന്നു.
അവധി ദിനമില്ലാത്തവർക്ക് റെഡിമെയ്ഡ് സദ്യനല്‍കുന്ന നിരവധി റസ്റ്ററന്‍റുകളുണ്ട്. കുടുംബവും സൗഹൃദങ്ങളുമില്ലാത്ത ബാച്ച്ലർ പ്രവാസികള്‍ക്ക് ആശ്രയം ഇത്തരം റെഡിമെയ്ഡ് സദ്യ തന്നെയാണ്. എന്നാല്‍ വിഷുക്കണിമുതല്‍ തൂശനനിലയില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പുന്ന ബാച്ച്ലർ റൂമുകളും ധാരാളം. പ്രവാസ ലോകത്തെ നളന്മാരുടെ കൈപ്പുണ്യമറിയുന്ന ദിവസം കൂടിയാണ് വിഷു ഉള്‍പ്പടെയുളള ആഘോഷാവസരങ്ങളെന്നതാണ് യാഥാർഥ്യം.
ദുബായ് ജബല്‍ അലി ഫ്രീസോണ്‍ ഹ്യൂണ്ടായില്‍ സൂപ്പർവൈസറായ ജോലി ചെയ്യുന്ന ഷിംജിത്തും സുഹൃത്തുക്കളും വിഷുക്കണിയും സദ്യയുമൊരുക്കിയാണ് വിഷു ആഘോഷിക്കുന്നത്. പ്രവൃത്തിദിനത്തിലാണ് ആഘോഷങ്ങളെത്തുന്നതെങ്കില്‍ സദ്യയൊരുക്കല്‍ വാരാന്ത്യത്തിലേക്ക് മാറ്റും. 17 വർഷമായി പ്രവാസിയാണ്. ഭാര്യ നാട്ടില്‍ അധ്യാപികയാണ്. അവധിക്കാലത്ത് കുടുംബം യുഎഇയിലെത്താറുണ്ട്. വിഷുക്കണി കാണുന്ന സമയത്ത് നാട്ടില്‍ നിന്നും കുടുംബം വിഡിയോ കോള്‍ ചെയ്യും. അവരൊരുക്കിയ വിഷുക്കണി കണ്ട് പിന്നീട് പ്രവാസിവിഷുക്കണിയും കാണുമെന്നും ഷിംജിത്ത് പറയുന്നു.
ദുബായില്‍ അക്കൗണ്ടന്‍റായ മഞ്ജുവിന് പ്രവാസി വിഷുക്കാലത്ത് ഏറ്റവും കൂടുതല്‍ നഷ്ടബോധം തോന്നുന്നത് കൈനീട്ടത്തിന്‍റെ കാര്യത്തിലാണ്. മൂല്യത്തില്‍ ദിർഹം മുന്നിട്ടുനില്‍ക്കുമെങ്കിലും പത്തുരൂപ നോട്ടിന്‍റെ ഗൃഹാതുരത്വം ദിർഹത്തിനില്ലെന്നാണ് മഞ്ജുവിന്‍റെ പക്ഷം. ഇന്‍റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന ഭർത്താവ് വിഷ്ണുവിനും മകള്‍ മീരയ്ക്കുമൊപ്പമാണ് ആഘോഷങ്ങളെല്ലാം. നാട്ടിലായിരുന്നപ്പോള്‍ വിഷുക്കാലത്തെ പടക്കം പൊട്ടിക്കലും ഊഞ്ഞാലാട്ടവും കോഴിക്കോട് മിഠായിത്തെരുവിലുളള കറക്കവുമെല്ലാം നഷ്ടമായതില്‍ സങ്കടം തോന്നാറുണ്ട്. എങ്കിലും സൗഹൃദങ്ങളൊരുമിച്ചുകൂടിയുളള ആഘോഷങ്ങള്‍ സന്തോഷം തന്നെയെന്നും മഞ്ജു പറയുന്നു.
വിഷുവിനുളള ഒരുക്കങ്ങള്‍ തലേദിവസം തന്നെ തുടങ്ങും. കണിക്കൊന്നയും കസവുമുണ്ടുമെല്ലാം ഒരുക്കി കൃഷ്ണനെ കണികണ്ടാണ് വിഷു ആഘോഷം തുടങ്ങുക. ജബല്‍ അലിയിലെ അമ്പലത്തില്‍ പോകാറുണ്ട്. സദ്യയ്ക്കുളളവിഭവങ്ങള്‍ ഓരോരുത്തരും തയ്യാറാക്കി കൊണ്ടുവന്ന് ഒരുമിച്ച് സദ്യയുണ്ണും. പിന്നീട് കസേരകളിയും സുന്ദരിക്ക് പൊട്ടുകുത്തലുമൊക്കെയായി കളിതമാശകളാണ്. അതുകഴിഞ്ഞാല്‍ സുഹൃത്തുക്കളായ അഖിലും ഭാര്യ ഐശ്വര്യയും മകള്‍ നതാനിയയുമെല്ലാമായി പുറത്തുപോകാറുണ്ട്.
നാട്ടിലായിരുന്നപ്പോള്‍ ഒരിക്കല്‍ പടക്കം പൊട്ടിച്ചപ്പോള്‍ അയലത്തെ താത്തയുടെ കണ്ണില്‍ പടക്കചീള് തട്ടി അവരുടെ കാഴ്ച നഷ്ടമായത് വിഷുക്കാലത്തെ ഓർക്കാനിഷ്ടമില്ലാത്ത ഓർമ്മകളാണെന്നും മഞ്ജു പറയുന്നു. ഒരു വിഷുക്കാലത്ത് തുടങ്ങി അടുത്ത വിഷുക്കാലം വരെ നീണ്ടുനില്‍ക്കുന്നതാണ് പ്രവാസിയുടെ ആഘോഷങ്ങളെന്നുളളത് ട്രോളല്ല. സത്യമാണ്. പെരുന്നാളും വിഷുവും കഴിഞ്ഞുപോയാലും അടുത്ത ആഘോഷാവസരങ്ങളെത്തുന്നതുവരെ മിക്ക വാരാന്ത്യങ്ങളിലും വിഷു-പെരുന്നാള്‍ ആഘോഷങ്ങള്‍ അപൂർവ്വമല്ല. വിഷുവല്ലേ, പ്രവാസിയല്ലേ, ആഘോഷിക്കാതിരിക്കുന്നതെങ്ങനെ?