ഒമാനില്‍ കനത്ത മഴ ; ജാഗ്രതാ നിര്‍ദേശം
Mail This Article
മസ്‌കത്ത്∙ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. ഞായറാഴ്ച രാവിലെ മുതൽ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ എത്തിയ മഴ ഉച്ചയോടെ ശക്തമായി. കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. വാദികളിൽ വാഹനങ്ങളിൽ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്കത്തിൽ ശക്തമായ മഴയെ തുടർന്ന് ആമിറാത്ത്-ബൗശർ ചുരം റോഡ് അടച്ചു. ഇസ്കിയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങിയ ഏഴ് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. സമദ് അൽ ഷാനിലെ സ്കൂളിൽ വെള്ളം കയറി. എന്നാൽ, വിദ്യാർഥികളും സ്കൂൾ ജീവനക്കാരും സുരക്ഷിതരാണ്. സ്കൂൾ മുറ്റത്തെ വാഹനങ്ങൾ ഒലിച്ചുപോയി. മറ്റൊരു സംഭവത്തിൽ ഇബ്രിയിൽ യാത്രക്കാരുമായി ഒരു വാഹനം വെള്ളത്തിൽ കുടുങ്ങി. ഇവരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. അൽ ഹംറ വിലായത്തിലെ വാദി അൽ താവിലയിൽ ഒരു ബസ് തകരാറിലായി. യാത്രക്കാരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷിച്ചു. ബഹ്‌ലയിൽ വാദിയിൽ കുടുങ്ങിയ സ്കൂൾ ബസിലെ വിദ്യാർഥികളെയും ജീവനക്കാരെയും അധികൃതരും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.