കൂറ്റൻ വിഷുക്കണിയൊരുക്കി ലുലു; ഐശ്വര്യത്തിന്റെ പൊൻ ഉരുളി
Mail This Article
അബുദാബി ∙ മരുഭൂമിയിലും സമൃദ്ധിയുടെ വസന്തശോഭയേകി പ്രവാസി മലയാളികൾക്ക് മനം നിറയെ കണികാണാൻ ലുലു ഗ്രൂപ്പ് അബുദാബിയിൽ ഭീമൻ വിഷുക്കണി ഒരുക്കി. അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റിലാണ് കൂറ്റൻ ഉരുളിയിൽ പഴങ്ങളും പച്ചക്കറികളുമായി കണി സമൃദ്ധി നിറച്ചത്.
3 മീറ്റർ വ്യാസത്തിൽ തെർമക്കോളിൽ 7 പേർ 2 ദിവസം എടുത്താണ് ഉരുളി നിർമിച്ചത്. കണിവെള്ളരി, ചക്ക, പഴം, തേങ്ങ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും പഴങ്ങളും നിറച്ചാണ് ഐശ്വര്യത്തിന്റെ വിഷുക്കണി ഒരുക്കിയത്. 550 കിലോ പഴങ്ങളും പച്ചക്കറികളുമാണ് ഇതിനായി ഉപയോഗിച്ചത്. വിഷുക്കണി കാണാനും ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും ധാരാളം പേരാണ് എത്തുന്നത്. പരിമിത സൗകര്യത്തിൽ വീട്ടിൽ ചിട്ടവട്ടങ്ങളോടെ കണിയൊരുക്കാൻ സാധിക്കാത്തവരും മക്കളെ ഇവിടെ കൊണ്ടുവന്ന് വിഷുക്കണി പരിചയപ്പെടുത്തുന്നു.
ഹൈപ്പർമാർക്കറ്റിൽ എത്തുന്ന വിദേശികളും വിഷുക്കണികണ്ട് സെൽഫി എടുക്കുന്നു. സുഹൃത്തുക്കളോട് കണിയെക്കുറിച്ച് ചോദിച്ചറിഞ്ഞാണ് ഇവർ മടങ്ങുന്നത്. വിഷുക്കണി നാളെ കൂടി കാണാം.