സൗദിയിൽ കനത്ത മഴ തുടരുന്നു; ജനജീവിതം ദുരിതത്തിൽ
Mail This Article
ദമാം ∙ സൗദിയിൽ മിക്കയിടത്തും ഇടിയും മിന്നലും കാറ്റുമായി കനത്ത മഴ തുടരുന്നു. ഇന്നലെ മുതൽ ശമനമില്ലാതെ പെയ്തിറങ്ങിയ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കരുതുന്നത്. മഴയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റിൽ റോഡരികിലും മറ്റുമുള്ള പരസ്യബോർഡുകൾ നിലംപതിച്ചു. മഴയെ തുടർന്ന് റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മൂലം ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഖഫ്ജി, അൽ ഹസ, ദമാം. അൽ കോബാർ എന്നിവിടങ്ങളിലടക്കം പ്രധാന നഗരങ്ങളിൽ മഴ കനത്തതോടെ ജനജീവിതം ബുദ്ധിമുട്ടിലായി. കിഴക്കൻ പ്രവിശ്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിരുന്നു.
റമസാൻ- പെരുന്നാൾ അവധിക്ക് ശേഷം ഇന്ത്യൻ സ്കൂളുകൾ കഴിഞ്ഞ ദിവസമാണ് പുത്തൻ അധ്യായന വർഷത്തിനും തുടക്കം കുറിച്ചത്. മഴയെത്തിയപ്പോൾ വീണ്ടും അവധി കിട്ടിയതിനൊപ്പം കുരുന്നുകളുടെ പ്രവേശനോത്സവം മാറ്റിവയ്ക്കാനും ഇടയാക്കി.ആഞ്ഞു വീശീയ കാറ്റിൽ ദമാം ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗം പരിസരത്തു നിന്ന വൃക്ഷം കടപുഴകി കെട്ടിടത്തിലേക്ക് ചരിഞ്ഞു.
മഴ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി വെളളക്കെട്ടിനു സാധ്യതയുള്ള താഴ്ന്ന ഇടങ്ങളിലെ റോഡുകളും, മറ്റു റോഡുകളും അടച്ച് ഗതാഗതം തിരിച്ചു വിട്ടത് മൂലം വഴികളിൽ വാഹനതിരക്ക് അനുഭവപ്പെട്ടിരുന്നു. കനത്ത വെള്ളക്കെട്ടുകൾ രൂപപ്പെട്ടിടങ്ങളിലൊക്കെ ടാങ്കറുകളിലേക്ക് പമ്പ് ചെയ്ത് വെള്ളം നീക്കം ചെയ്തു. യുഎഇ-സൗദി അതിർത്തിയായ ബത്ഹയിൽ മഴയിൽ പലവാഹനങ്ങളും വെള്ളക്കെട്ടിൽ മുങ്ങി.
കഴിഞ്ഞ രാത്രിയിൽ റിയാദ്, തബൂക്ക്, ഹായിൽ എന്നിവിടങ്ങളിൽ കോരിച്ചൊരിഞ്ഞ മഴയ്ക്ക് അകമ്പടിയായി ഇടിയും മിന്നലുമുണ്ടായിരുന്നു. മഴയത്ത് വാഹനമോടിക്കുന്നവരോട് ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ചവരെ രാജ്യത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.