ബഹ്‌റൈനിൽ കനത്ത മഴ തുടരുന്നു; നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു
Mail This Article
മനാമ ∙ കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്ത മഴയിൽ വലഞ്ഞ് ബഹ്‌റൈനിലെ ജനങ്ങൾ. ബഹ്‌റൈനിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പാർക്ക് ചെയ്ത സ്‌ഥലങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. നിർത്തിയിട്ട നിരവധി വാഹനങ്ങൾക്ക് മേൽ കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണു നിരവധി വാഹനങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു.
ഇന്നലെ രാത്രി മുതൽക്കാണ് ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും ശക്തമായ ഇടിയോടു കൂടിയ മഴ പെയ്‌തത്. അതുകൊണ്ട് തന്നെ പൊതു സ്‌ഥലങ്ങളിലും പാതയോരങ്ങളിലും മറ്റും വാഹനങ്ങൾ നിർത്തിയിട്ടത് വെള്ളത്തിൽ ആയത് അറിഞ്ഞത് ഇന്നു രാവിലെ മാത്രമാണ്. ചിലർ ട്രക്കുകൾ വരുത്തിയാണ് വാഹനങ്ങൾ വെള്ളത്തിൽ നിന്ന് മാറ്റിയത്.
ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്‌റൈൻ ദേശീയ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയിരുന്നതു കൊണ്ട് ചിലർ മുൻകരുതൽ സ്വീകരിച്ചിരുന്നത് കാരണം വലിയ നാശനഷ്ടങ്ങൾ ഒഴിവായി.
നനഞ്ഞ വൈദ്യുതി ഉപകരണങ്ങളുമായി സമ്പർക്കം ഒഴിവാക്കണമെന്നും വൈദുതി തടസ്സം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടോർച്ചുകൾ കൈവശം വയ്ക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതെങ്കിലും കേടായ ഇലക്ട്രിക്കൽ വയറുകൾ, അതുപോലുള്ള അപകടകരമായ അവസ്‌ഥ കാണുകയാണെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതാണ്. വൈദ്യുത സ്രോതസ്സുകളിൽ നിന്നും ആളുകൾ ഒഴിഞ്ഞുനിൽക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഡ്രൈവർമാർക്കു സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ പാലിക്കുക, കാലാവസ്ഥയ്ക്ക് അനുസൃതമായി ജാഗ്രതയോടെ വാഹനമോടിക്കുക, വേഗപരിധി പാലിക്കുക, വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുക എന്നീ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.
കടൽ യാത്രികരും ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിത്ഥിക്കുന്നു. കൊടുങ്കാറ്റ് സമയത്ത് ബോട്ട് യാത്ര, നീന്തൽ എന്നിവ ഒഴിവാക്കുക, അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കുക എന്നിവയാണ് കോസ്റ്റ് ഗാർഡിന്റെ പ്രധാന സന്ദേശങ്ങൾ. തീവ്രത കുറഞ്ഞ ഇടിയും മിന്നലും മഴയും തുടരുമെന്നും അതിവേഗത്തിലുള്ള കാറ്റ് ഉണ്ടാകുമെന്നും ബഹ്‌റൈനിലെ കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.