പ്രളയത്തിൽ മുങ്ങി ഗൾഫ്, കോടികളുടെ നഷ്ടം; ജീവിതം സാധാരണനിലയിലാക്കാൻ തീവ്രശ്രമം
Mail This Article
ദുബായ് ∙ ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 10 പേർ സ്കൂൾ കുട്ടികളാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.
ഒരു വർഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയിൽ പെയ്തിറങ്ങിയത്: 24 മണിക്കൂറിൽ 254 മില്ലിമീറ്റർ. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ. 200 മില്ലിമീറ്ററാണ് ഒരു വർഷം സാധാരണ ലഭിക്കാറുള്ളത്. പതിനായിരക്കണക്കിനു വാഹനങ്ങൾ വെള്ളം കയറി നശിച്ചു. റോഡുകളിലെ വെള്ളക്കെട്ട് മാറാത്തതിനാൽ ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോമും സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളും അനുവദിച്ചു. എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസ് പൂർണമായി നിർത്തിവച്ചു.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഫാമുകൾ വെള്ളത്തിലായി. ആയിരക്കണക്കിനു വളർത്തുമൃഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു. റോഡിലെ വെള്ളക്കെട്ടു നീക്കാൻ വലിയ പമ്പുകൾ ഉപയോഗിച്ചു വെള്ളം ടാങ്കറുകളിൽ ശേഖരിച്ചു മറ്റു സ്ഥലങ്ങളിലേക്കു മാറ്റുന്നത് 24 മണിക്കൂറും തുടരുന്നു. ചൊവ്വാഴ്ച നിർത്തിവച്ച വിമാന സർവീസുകൾ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്.
പെയ്ത്തുവെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഗൾഫ് രാജ്യങ്ങളിൽ കുറവാണ്. സമുദ്രനിരപ്പിനോടു ചേർന്നു കിടക്കുന്നതിനാൽ വലിയ ആഴത്തിൽ വെള്ളം ഒഴുക്കി വിടാൻ സാധിക്കില്ല. ഇത്തവണ മരുഭൂമിയിലെ ഉയർന്ന പ്രദേശങ്ങൾ പോലും വെള്ളത്തിലായത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. അടുത്ത 5 ദിവസത്തേക്കു മഴയ്ക്കു സാധ്യതയില്ലെന്നാണ് അറിയിപ്പ്. ഇന്നു മുതൽ താപനില വർധിക്കും.
കേരളത്തിൽനിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാനസർവീസുകൾ റദ്ദാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നൽകണമെന്നു യാത്രക്കാരിൽ ചിലർ ആവശ്യപ്പെട്ടത് സംഘർഷത്തിലെത്തി. റദ്ദാക്കിയ സർവീസുകളുടെ എണ്ണം: തിരുവനന്തപുരം വിമാനത്താവളം: 4, കൊച്ചി: 12, കോഴിക്കോട്: 7, കണ്ണൂർ: 8
ക്ലൗഡ് സീഡിങ് കാരണമായോ?
ന്യൂനമർദമാണ് ഗൾഫ് മേഖലയിലെ കനത്ത മഴയ്ക്കു കാരണം. അസ്ഥിര കാലാവസ്ഥയ്ക്കു കാരണമാകുന്ന 2 തരംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടു. ഈ മേഘങ്ങളെ പെയ്യിക്കാൻ ‘ക്ലൗഡ് സിഡിങ്ങും’ നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ന്യൂനമർദം മൂലം മഴയുടെ അളവു വർധിക്കുമെന്നു സർക്കാർ മുന്നറിയിപ്പുണ്ടായിരുന്നു.
കടുത്ത ചൂടിൽ മരുഭൂമിയിലെ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വെള്ളം നൽകുക, ഭൂഗർഭജലം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൃത്രിമ മഴയെ (ക്ലൗഡ് സീഡിങ്) യുഎഇ ആശ്രയിച്ചു തുടങ്ങിയത്. പെയ്യാതെ പോകുന്ന മേഘങ്ങൾക്കു മേൽ രാസവസ്തു വിതറി ഘനീഭവിപ്പിച്ചു മഴയാക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. അനുയോജ്യമായ മേഘപാളികളിൽ, അന്തരീക്ഷത്തിൽനിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന രാസവസ്തുക്കളും ഉപ്പും ചേർത്ത മിശ്രിതം വിമാനങ്ങളിലെത്തിച്ച് വിതറുകയാണു ചെയ്യുക. ഈ മിശ്രിതം മേഘത്തിലെ ജലകണികകളെ ഘനീഭവിപ്പിക്കുമ്പോൾ മഴയായി പെയ്യും.